ഇത് ഷീബ രാമചന്ദ്രൻ. മലയാളം ന്യൂസിന്റെ ആദ്യകാല വായനക്കാർക്ക് സുപരിചിതമായ പേര്. പ്രവാസശേഷം നാട്ടിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ ഷീബ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ നാലായിരം കിലോമീറ്റർ സഞ്ചരിച്ചു. പ്രവാസ ജീവിതം പകർന്ന ശക്തിയുമായി അവരിപ്പോഴും മഹിള കോൺഗ്രസിന്റെ മുന്നണിപ്പോരാളിയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കാമ്പയിൻ രംഗത്താണിപ്പോൾ. ഷീബയുടെ പ്രവാസാനന്തര കാലത്തെക്കുറിച്ച്..
റിയാദിൽ അധ്യാപികയായി ജോലി ചെയ്യുന്ന കാലത്താണ് ഷീബ രാമചന്ദ്രൻ എഴുത്തിലേക്കും സാമൂഹിക പ്രവർത്തനത്തിലേക്കും തന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്. മലയാളം ന്യൂസിൽ എഴുതിത്തുടങ്ങിയ ഷീബ ക്രമേണ സൗദി തലസ്ഥാനത്തെ സാധാരണക്കാരായ മലയാളികളുടെ -അവരിൽ വീട്ടമ്മമാരും ഗാർഹിക തൊഴിലാളികളുമെല്ലാമുൾപ്പെടും- നിരവധി ജീവൽപ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കോൺഗ്രസ് അനുകൂല സംഘടനയുമായി കൈകോർത്ത് രംഗത്തിറങ്ങി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോൾ ശരാശരി ഗൾഫ് റിട്ടേൺ കുടുംബിനികളെപ്പോലെ ഒതുങ്ങിക്കൂടുകയോ അടുക്കളത്തോട്ടമുണ്ടാക്കി രസിക്കുകയോ ചെയ്യുന്നതിനു പകരം അവർ പൊതുരംഗത്തേക്ക് ധീരതയോടെ ചുവടുവെക്കുകയും അതിൽ വിജയം വരിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ പങ്കെടുത്ത ഷീബയിപ്പോൾ കൂട്ടുകാർക്കൊപ്പം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയത്തിനായി അഹോരാത്രം പാടുപെടുന്നു. കോൺഗ്രസ് രാഷ്ട്രീയത്തോട് അവർ അത്രയും കമ്മിറ്റഡാണ്.
1977 ൽ അടിയന്തിരാവസ്ഥ പിൻവലിച്ചതിനു ശേഷമുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത് ചരിത്രത്തിലെ വലിയ തോൽവികളിൽ ഒന്നായിരുന്നു. 154 എന്ന അംഗസംഖ്യയിലേക്ക് കോൺഗ്രസ് ചുരുങ്ങി. തോൽവിയിൽ ഇന്ദിര തളരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ബെൽച്ചിയിലെ 11 ദളിതരുടെ കൂട്ടക്കൊല ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ചു. കേന്ദ്രത്തിലെ ജനത സർക്കാരോ ബിഹാർ സർക്കാരോ ഇരകളോട് സഹതാപം പോലും കാണിച്ചില്ല. ബെൽച്ചി കത്തുന്ന നാളുകൾ ആയിരുന്നു അത്. തീവണ്ടിയിലും ജീപ്പിലും ട്രാക്ടറിലും ആനപ്പുറത്തുമൊക്കെ സഞ്ചരിച്ച് ഇന്ദിര ബെൽച്ചിയിലെത്തി. ഭയചകിതരായിരുന്ന ഗ്രാമീണർ തങ്ങളുടെ അടുത്തേക്കെത്തിയ രാഷ്ട്രീയ നേതാവിനെ മുദ്രാവാക്യങ്ങളിലൂടെ സ്വീകരിച്ചു. ആറ് മാസം മുമ്പ് രാഷ്ട്രീയ മരണം പ്രവചിച്ചവർക്കു മുന്നിൽ ഇന്ദിര ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. ബെൽച്ചി ജനത ആർത്തുവിളിച്ചു.. ''ആദാ റൊട്ടി ഖായേങ്കേ, ഇന്ദിര കൊ ബുലായേംഗേ (അര റൊട്ടിതിന്ന് കഴിച്ചു കൂട്ടേണ്ടിവന്നാലും ഇന്ദിരയെ തിരികെ കൊണ്ടുവരും).......'' ശേഷം ചരിത്രം. 1980 ലെ തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തി, വൻഭൂരിപക്ഷത്തോടെ.
ഇന്ന് മണിപ്പൂർ ഉൾപ്പെടെയുള്ള സംഭവ വികാസങ്ങളുമായി ചേർത്തുവായിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഇന്ത്യൻ രാഷ്ട്രീയത്തിനും ഇന്നലെകളുമായി ഒരുപാട് സമാനതകളുണ്ട്... കോൺഗ്രസ് തിരിച്ചുവരും -ഷീബ രാമചന്ദ്രന്റെ ഈ പ്രഭാഷണം കേരളത്തിലെ പത്രങ്ങളെല്ലാം പ്രാധാന്യത്തോടെ ഉദ്ധരിക്കുന്നു.
ഭാരത് ജോഡോ യാത്രയിൽ ആദ്യാവസാനം പങ്കെടുത്ത ഏക മലയാളി വനിതയും ഇന്ത്യൻ നാഷണൽ മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ഷീബ രാമചന്ദ്രൻ തന്നെ. പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശിയാണ് ഷീബ. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ അനുഗമിക്കാൻ അവസരം ലഭിച്ചപ്പോൾ ഷീബയുടെ മനസ്സിൽ ഓടിയെത്തിയത് പിതാവ് കെ. ശങ്കരൻ നായരുടെ അന്ത്യ നിമിഷങ്ങളായിരുന്നു. കോൺഗ്രസിൽ ജീവിച്ച് കോൺഗ്രസിനായി ത്യജിച്ച് കോൺഗ്രസുകാരനായി അന്ത്യശ്വാസം വലിച്ചയാളാണ് കെ. ശങ്കരൻ നായർ. കുന്നത്തുനാടും പെരുമ്പാവൂരും അടങ്ങുന്ന രണ്ടു നിയമസഭകൾ സംഗമിക്കുന്ന വളയൻചിറങ്ങരയിലെ കോൺഗ്രസ് മേഖല കമ്മിറ്റി ഓഫീസിന്റെ (ഇന്ദിരാ ഭവൻ) സ്ഥലവും കെട്ടിടവും അദ്ദേഹം പാർട്ടിക്ക് സൗജന്യമായി സമർപ്പിച്ചതാണ്.
കെ. കരുണാകരനുമായി ആത്മബന്ധം ഉണ്ടായിരുന്നിട്ടും പാർട്ടിയിൽ സ്ഥാനമാനങ്ങളൊന്നും ആഗ്രഹിക്കുകയോ ആർജിക്കുകയോ ചെയ്യാതെ സാധാരണ പ്രവർത്തകനായാണ് അദ്ദേഹം ജീവിച്ചു മരിച്ചത്. അത്യാസന്ന നിലയിൽ ആശുപത്രിയിലെ ഐ.സി.യുവിൽ കഴിയുമ്പോഴും അദ്ദേഹം അവസാനമായി സംസാരിച്ചത് കോൺഗ്രസിനെ കുറിച്ചായിരുന്നു. തന്റെ ഏഴു മക്കളിൽ ആരെങ്കിലും കോൺഗ്രസ് പ്രവർത്തകരായി കാണണമെന്നത് ശങ്കരൻ നായരുടെ അഭിലാഷമായിരുന്നു. പക്ഷേ രാഷ്ട്രീയത്തിന് വേണ്ടി സ്വകാര്യ സമ്പാദ്യത്തിൽ ഏറെയും നശിപ്പിച്ചെന്ന പേരുദോഷം കുടുംബത്തിലുണ്ടാക്കിയ അസ്വാരസ്യം ചെറുതായിരുന്നില്ല. അതുകൊണ്ടു തന്നെ രാഷ്ടീയത്തോട് പുറംതിരിഞ്ഞു നിൽക്കാനായിരുന്നു മക്കൾക്ക് താൽപര്യം. അതിനിടയിലും ഏഴാമത്തെ മകളായ ഷീബയെ അദ്ദേഹം നിർബന്ധിച്ചുകൊണ്ടിരുന്നു. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് കെ.എസ്.യുവിൽ അംഗമായ ഷീബ പടിപടിയായി യൂത്ത് കോൺഗ്രസ് വരെ എത്തിയപ്പോഴായിരുന്നു വിവാഹം. തുടർന്ന് ഭർത്താവിനൊപ്പം സൗദി അറേബ്യയിൽ സ്ഥിരതാമസമാക്കി. അവിടെ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുള്ള മമത കൈവിട്ടില്ല. 2001 ൽ പ്രിയദർശിനി കൾച്ചറൽ ഫോറം എന്ന പേരിൽ ഒരു പ്രവാസി കൂട്ടായ്മ ബുറൈദയിൽ പ്രവാസി മലയാളികളുമായി ചേർന്ന് രൂപീകരിച്ചു. പിന്നീട് റിയാദ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്, ഒ.ഐ.സി.സി എന്നിവയുടെ സ്ഥാപക അംഗമായും പ്രിയദർശനി വനിത വിംഗ് സ്ത്രീകൾക്കും കുട്ടികൾക്കും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രവും കാലിക പ്രസക്തിയും വിളിച്ചോതുന്ന നിരവധി കലാസാംസ്‌കാരിക പരിപാടിയിലൂടെ പ്രവാസ ലോകത്തും ഷീബ രാമചന്ദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയങ്ങളെ വാനോളമുയർത്തിയ പോരാളിയാണ്.
തൊഴിൽ പ്രതിസന്ധികളിൽ അകപ്പെടുന്ന ഇന്ത്യക്കാരുടെ നിരവധി പ്രശ്‌നങ്ങൾ ദ്വിഭാഷിയായി കൈകാര്യം ചെയ്യുകയും നിതാഖത്ത് കാലയളവിൽ ഇന്ത്യൻ സമൂഹത്തിനു നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ച് മികച്ച ഇന്ത്യൻ സാമൂഹിക പ്രവർത്തകക്കുള്ള അവാർഡും ഷീബ രാമചന്ദ്രന് ഇന്ത്യൻ എംബസി നൽകി. അതിനിടെ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രത്യേകിച്ച് കേരള രാഷ്ട്രീയത്തിലും പ്രവാസ ലോകത്തു നിന്നുകൊണ്ടും സജീവമായി ഇടപെട്ടുകൊണ്ടിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സോളാർ ആയുധമാക്കി ഇടതുപക്ഷം ഉറഞ്ഞുതുള്ളിയപ്പോൾ അതിനെതിരെ സൈബർ ഇടത്തിൽ ശ്രദ്ധേയമായ പ്രതിരോധം തീർത്ത ഏക വനിതയും ഷീബയായിരുന്നു. റിയാദിലെ ഇന്റർനാഷണൽ സ്‌കൂളിൽ വൈസ് പ്രിൻസിപ്പലായിരിക്കേ ഭർത്തൃമാതാവിന്റെ അനാരോഗ്യം കണക്കിലെടുത്ത് പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടിൽ എത്തി. ഇലക്ഷൻ പ്രചാരണ രംഗത്ത് ഭവന സന്ദർശനം, കുടുംബ യോഗങ്ങൾ മുതലായവയിൽ വയനാട് ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ആത്മാർത്ഥതയോടെ പ്രവർത്തിച്ച ഷീബ പിന്നീട് കെ.പി.സി.സി ഐ.ടി സെല്ലിന്റെ വനിത വിഭാഗം കോ-ഓർഡിനേറ്റർ ആയും മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും നിയമിതയായി. അതിനിടയിലാണ് ഭാരത് ജോഡോ യാത്രയിൽ അവസരം ലഭിച്ചത്.
വീട്ടിൽ അര കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലേക്കു പോലും നടന്നുപോകാൻ കൂട്ടാക്കാത്തയാൾ 4000 ലധികം കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്രയിൽ അണിചേരുന്നു എന്ന് കേട്ടപ്പോൾ ഭർത്താവും മക്കളും ആദ്യം ചിരിച്ചു തള്ളുകയായിരുന്നു. എന്നാൽ ഷീബയെ സംബന്ധിച്ച് പാർട്ടിയോടുള്ള കൂറ്, പിതാവിനോടുള്ള കടപ്പാട് അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെ 148 ദിവസം നീണ്ടുനിന്ന യാത്രയിൽ 4080 കിലോമീറ്ററും സ്വഭവനത്തിൽ പോലും പോകാതെ പിന്നിട്ട ഏക മലയാളി വനിത എന്ന ബഹുമതിയോടെ ഷീബ രാമചന്ദ്രൻ ആ ദൗത്യം പൂർത്തിയാക്കി. കന്യാകുമാരിയിൽ നടന്ന മുന്നൊരുക്കം മുതൽ യാത്രയുടെ കോ-ഓർഡിനേറ്റർമാരിൽ ഒരാളായും ഷീബ പ്രവർത്തിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഒരു കണ്ടെയ്‌നർ ലൈബ്രറി രൂപീകരിക്കുന്നതിലും മുഖ്യ പങ്കുവഹിച്ച ഷീബ ദൽഹി മുതലുള്ള യാത്രയിൽ വൈകുന്നേരം 7 മുതൽ രാത്രി 10 വരെ ലൈബ്രേറിയൻ ആയും പ്രവർത്തിച്ചു. ഭാരത് ജോഡോ യാത്രക്ക് ശേഷം കർണാടക നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മംഗ്ലൂർ പാർലമെന്റ് മണ്ഡലത്തിൽ നിരീക്ഷകയായി പാർട്ടി നിയമിച്ചു. ചിട്ടയായ പ്രവർത്തനത്തിലൂടെ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം ഗണ്യമായി വർധിപ്പിച്ച് നേതൃപാടവം തെളിയിച്ച ഷീബ വിജയശ്രീലാളിതയായി മടങ്ങിയെത്തി. ഇനി അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 80 നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന സോണൽ ഇൻ ചാർജ് ആയി പ്രവർത്തിക്കാൻ എ.ഐ.സി.സിയിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള രാഹുൽ ഗാന്ധിയുടെ യാത്രക്കൊപ്പം അണിചേരാനായി എന്നതിനൊപ്പം എന്നും കോൺഗ്രസുകാരനായി ജീവിച്ച പിതാവിന്റെ അന്ത്യാഭിലാഷം സാർത്ഥകമാക്കിയെന്ന ചാരിതാർത്ഥ്യമാണ് ഷീബയെ മുന്നോട്ടു നയിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേന്ദ്രത്തിൽ തിരിച്ചുവരണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ ആശയും ആവേശവുമാണ് ഷീബ രാമചന്ദ്രൻ. പ്രസംഗിക്കുക മാത്രമല്ല, കഠിനാധ്വാനത്തിലൂന്നിയ പ്രവൃത്തിയിലൂടെ അത് തെളിയിക്കുകയും ചെയ്യുന്നു എന്നതാണ് ഷീബയുടെ രാഷ്ട്രീയം.
മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.എം.സി സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവയാണ് ഷീബയുടെ പ്രവർത്തന മണ്ഡലം.
ഭർത്താവ്: മുൻ പ്രവാസിയും പെരുമ്പാവൂർ സ്വദേശിയുമായ രാമചന്ദ്രൻ നായർ. മക്കൾ: ശ്രീരാഗ് (മെക്കാനിക്കൽ എൻജിനീയർ), ശ്രീലയ (വിദ്യാർത്ഥിനി).






