സാവന്തുമായി റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ പരിചയം മാത്രമെന്ന് നവ്യയുടെ കുടുംബം

കൊച്ചി- അറസ്റ്റിലായ ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്റെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നടി നവ്യ നായരുടെ മൊഴി ഇ.ഡി. രേഖപ്പെടുത്തിയെന്ന വാര്‍ത്തയോടു പ്രതികരിച്ചു നവ്യയുടെ കുടുംബം. സച്ചിന്‍ സാവന്തുമായി ഒരേ റെസിഡന്‍ഷ്യല്‍ സൊെസെറ്റിയിലെ താമസക്കാര്‍ എന്നതാണു പരിചയമെന്നും ഗുരുവായൂര്‍ സന്ദര്‍ശനത്തിനുവേണ്ടി സാവന്തിനു പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നവ്യയുടെ മകന്റെ പിറന്നാളിനു സമ്മാനം നല്‍കിയതല്ലാതെ നവ്യക്കു പ്രതി ഉപഹാരങ്ങള്‍ ഒന്നും കൊടുത്തിട്ടില്ല. ഇ.ഡിയോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി. മറിച്ചുള്ള കാര്യങ്ങളില്‍ അറിവില്ലെന്നും അവര്‍ വ്യക്തമാക്കി.
സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായാണ് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നത്. ഇരുവരുടേയും ഫോണ്‍ വിവരങ്ങളടക്കം ഇ.ഡി. ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാല്‍, തങ്ങള്‍ പരിചയക്കാര്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കിയതായാണു വിവരം. സച്ചിന്‍ സാവന്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, അനധികൃത സ്വത്തുസമ്പാദന കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസില്‍ ഇ.ഡി. കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.
ജൂണില്‍ അറസ്റ്റിലായ സാവന്തിനെതിരായ കേസില്‍ മുംെബെ പ്രത്യേക പി.എം.എല്‍.എ. കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തിലാണു നടി നവ്യ നായര്‍ക്കെതിരേ പരാമര്‍ശങ്ങളുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരും തമ്മിലുള്ള പണമിടപാട് മനസിലാക്കാന്‍ നവ്യയുടെ മൊഴിയും ഇ.ഡി. രേഖപ്പെടുത്തി. ഈ മൊഴിയും കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മലയാള നടിയെ കൂടാതെ സാവന്തിന്റെ മറ്റൊരു പെണ്‍സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
സാവന്ത് നടിക്ക് ആഭരണങ്ങള്‍ ഉള്‍പ്പെടെ ചില വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കിയതായി ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സമ്മാനങ്ങളുടെയും ആഭരണങ്ങളുടെയും വിശദാംശങ്ങളും ഇ.ഡി. പരിശോധിച്ചുവരികയാണ്. ഈ കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് അറിയാനുമാണ് ഇ.ഡിയുടെ ശ്രമം. അതേസമയം നവ്യയും സാവന്തും അടുത്ത സഹൃത്തുക്കളായിരുന്നു എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. താരത്തെ കാണാന്‍ സാവന്ത് പത്തുതവണ കൊച്ചിയില്‍ എത്തിയതായും അവര്‍ പറയുന്നു.
ഇവരുടെ വാട്സാപ്പ് ചാറ്റുകള്‍ അടക്കം പരിശോധിച്ച ശേഷമായിരുന്നു നടിയെ ചോദ്യം ചെയ്യലിനാണു വിളിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ സച്ചിന്‍ സാവന്തിന്റെ മൊെബെല്‍ ഡാറ്റ, ചാറ്റുകള്‍ എന്നിവ ശേഖരിച്ചപ്പോഴാണു താരവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ടു കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിന്‍ സാവന്തിനെ ജൂണ്‍ 27-നു ലഖ്നൗവില്‍ വച്ചാണ് ഇ.ഡി. അറസ്റ്റു ചെയ്യുന്നത്. സാവന്ത് മുമ്പ് ഇ.ഡി. മുംബൈ സോണ്‍ 2-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവില്‍ സച്ചിന്‍ തന്റെ അറിയപ്പെടുന്നതും നിയമപരവുമായ വരുമാന സ്രോതസുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്നാണു കേസ്.

Latest News