ദോഹ- ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് ഇവന്റോസ് മീഡിയ ഖത്തറില്‍ ദ്വിദിന സിനിമാ ശില്‍പശാല സംഘടിപ്പിക്കുന്നു.
'24 റീല്‍സ് ഫിലിം വര്‍ക് ഷോപ്പ്' എന്ന പേരില്‍ സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ദോഹ ഹോളിഡേ ഇന്‍ ഹാളില്‍ വെച്ചാണ് ശില്‍പശാല നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അനുഭവസമ്പന്നരായ ചലച്ചിത്രപ്രവര്‍ത്തകരായ പത്മശ്രീ സന്തോഷ് ശിവന്‍, ലാല്‍ ജോസ്, സലിം കുമാര്‍, എസ്.എന്‍ സ്വാമി എന്നിവരാണ് ശില്പശാലയിലെ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്.
സിനിമയുടെ വിവിധ തലങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
സംവിധാനം, ഛായാഗ്രഹണം, തിരക്കഥാരചന, അഭിനയം തുടങ്ങിയ വിവിധ തലങ്ങളെ സംബന്ധിച്ച സെഷനുകളാണ് ശില്‍പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ക്‌ളാസുകളും പരിശീലന സെഷനുകളും മുഖാമുഖവുമെല്ലാം ഉള്‍പ്പെട്ട ദ്വിദിന ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിഥികല്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതായിരിക്കും.
മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 77660327 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.






