VIDEO ബുർജ് ഖലീഫയിൽ ഷാരൂഖ് ഖാന്റെ പ്രഖ്യാപനം; മൊട്ടത്തലയുമായി ഇനിയില്ല

ദുബായ്- ജവാൻ പ്രിവ്യൂ സോഷ്യൽ മീഡിയയിൽ വൈറലായതോടൊപ്പം സൂപ്പർ താരം ഷാരൂഖ് ഖാന്റെ മൊട്ടത്തലയും ഇന്റർനെറ്റിൽ ചർച്ചയായി. പക്ഷേ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ജവാൻ സിനിമയുടെ ട്രെയിലർ പുറത്തിറക്കിയ ശേഷം ഷാരൂഖ് ഖാൻ  സുപ്രധാന പ്രഖ്യാപനം നടത്തി.  ഇനിയൊരിക്കലും ഒരു ചിത്രത്തിനുവേണ്ടിയും കഷണ്ടിയായി അഭിനയിക്കില്ല. 

വ്യാഴാഴ്ച  രാവിലെ  പ്രാരംഭ റിലീസ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ബുർജ് ഖലീഫയിൽ ട്രെയിലർ അവിടെ പ്രദർശിപ്പിച്ചത്.  സൂപ്പർസ്റ്റാർ ആദ്യമായാണ് മൊട്ടത്തലയുമായി അഭിനയിക്കുന്നത്.  കഴുകൻ കണ്ണുകളുള്ള ആരാധകർ ഷാരൂഖിന്റെ ഷേവ് ചെയ്ത തലയിൽ ഒരു ടാറ്റൂ കണ്ടു പിടിച്ചതും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 
'ജവാൻ' ട്രെയിലർ വൻ വിജയമായി മാറിയപ്പോഴാണ് ഷാരൂഖ് ഖാനും സംഘവും അത് ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. ആറ്റ്‌ലി സംവിധാനം ചെയ്ത സിനിമയിൽ ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര, തുടങ്ങിയവർ അഭിനയിക്കുന്നു. ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നാണിത്.

ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിൽ 'ജവാൻ' ലോകമെമ്പാടും 2023 സെപ്റ്റംബർ ഏഴി ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ആണെന്ന് പറയുന്ന സിനിമയിൽ ഒരു ഇന്റലിജൻസ് ഓഫീസറും കള്ളനും എന്ന ഇരട്ടവേഷത്തിലാണ് ഷാരൂഖ് അഭിനയിക്കുന്നത്. പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.  

Latest News