ചെങ്ങന്നൂർ(ആലപ്പുഴ)- ഹെൽമറ്റ് കൊണ്ട് മരുമകൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന ഭാര്യ പിതാവ് മരിച്ചു. ആലാ സൗത്ത്, മായാ ഭവനിൽ സന്തോഷ് (49) ആണ് മരിച്ചത്. മരുമകൻ പെണ്ണുക്കര, പറയകോട്, ശശിയുടെ മകൻ കലേഷിനെ (21) പോലിസ് അറസ്റ്റുചെയ്തു. തിരുവോണ നാളിൽ വൈകിട്ട് 6.30 നായിരുന്നു സംഭവം. നെടുവരംകോട് ഭാഗത്ത് റോഡിൽ നിൽക്കുകയായിരുന്ന സന്തോഷുമായി കലേഷ് വാക്കേറ്റമുണ്ടാവുകയും തുടർന്ന് ഹെൽമറ്റ് ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 11 ആണ് മരണമടഞ്ഞത്. സന്തോഷിൻ്റെ മകൾ അഞ്ജുവിനെ പ്രണയിച്ചാണ് കലേഷ് ഒരു വർഷം മുമ്പ് വിവാഹം കഴിച്ചത്. പ്രസവത്തിനായി വീട്ടിൽ വന്ന അഞ്ജുവിനെ കാണാൻ വരുന്ന കലേഷ് മദ്യലഹരിയിൽ അമ്മായിഅപ്പനുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും മാറിയ കലേഷിനെ ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഇൻസ്പെക്ടർ എ.സി. വിപിൻ.സബ്ബ് ഇൻസ്പെക്ടർ വി.എസ്. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘം കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.സന്തോഷിൻ്റെ ഭാര്യ :ശ്രീദേവി, ഏകമകൾ അഞ്ജു. സംസ്കാരം പിന്നീട് .