അബുദാബി- എമിറേറ്റിലെ റോഡുകളില്‍ നിലവിലുള്ള വേഗ പരിധിയിലെ ഇളവ് (ഗ്രേസ് സ്പീഡ്) എടുത്തു കളയുന്നു. അടുത്ത മാസം 12 മുതല്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ ചുമത്തും. നിലവില്‍ 80 കിലോമീറ്റര്‍ വേഗ പരിധിയുള്ള റോഡുകളില്‍ 100 കിലോമീറ്റര്‍ വരെ പോകാന്‍ അനുമതിയുണ്ട്. വേഗം 101 കിലോമീറ്ററായാലാണ് നിയമലംഘനം പകര്‍ത്തുന്നത്. ഇതുപോലെ ഓരോ റോഡുകളിലും രേഖപ്പെടുത്തിയ വേഗത്തേക്കാള്‍ 20 കിലോമീറ്റര്‍ അധികം നല്‍കിയിരുന്ന ഇളവാണ് നിര്‍ത്തലാക്കുന്നത്. പുതിയ നിയമം അനുസരിച്ച് 120 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ വേഗം 121 കിലോമീറ്ററായാല്‍ നിയമ ലംഘനമായി കണക്കാക്കും. പരിധി വിടുന്നവരെ ക്യാമറകള്‍ പിടികൂടും. 600 ദിര്‍ഹമാണ് പിഴ.
വേഗപരിധി നിയമത്തിലെ ഭേദഗതി അനുസരിച്ച് എമിറേറ്റിലെ ക്യാമറകളിലും പുതിയ വേഗം നിജപ്പെടുത്തുന്നതിനുള്ള നടപടി ആരംഭിച്ചു. അതിവേഗ പാതകള്‍ ഉള്‍പ്പെടെ ചെറുതും വലുതമായ എല്ലാ റോഡുകളിലും പുതിയ നിയമം ബാധകമായിരിക്കുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി.
റോഡിലെ തിരക്കും അപകട നിരക്കും പഠന വിധേയമാക്കിയാണ് വേഗത്തിലെ ഇളവ് എടുത്തു മാറ്റുന്നതെന്ന് അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈത്തി വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ഒടുവിലാണ് തീരുമാനം. വേഗം കുറക്കുന്നത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ പൊതുജനങ്ങളുടെ അഭിപ്രായവും തേടിയിരുന്നു. ഇതു സംബന്ധിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി ബോധവല്‍ക്കരണ കാമ്പയിനും തുടക്കം കുറിച്ചു. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലും ടാക്‌സികളിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ പതിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യാന്തര മാനദണ്ഡ പ്രകാരം ജനങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് പരിഷ്‌കാരമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും പോലീസ് മേധാവി അഭ്യര്‍ഥിച്ചു. മറ്റു രാജ്യങ്ങളില്‍ വേഗ പരിധിയിലെ ഇളവില്ലാത്തതിനാല്‍ വാഹനമോടിക്കുന്നവരെ കുഴപ്പത്തിലാക്കുന്നുണ്ടെന്നും പറഞ്ഞു. അബുദാബി തുടക്കമിട്ട വേഗപരിധിയിലെ പരിഷ്‌കാരം മറ്റു എമിറേറ്റുകളും പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.






