അബു സംറ ബോര്‍ഡര്‍ വഴിയുള്ള യാത്രക്കാരില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടികൂടി

ദോഹ- അബു സംറ ബോര്‍ഡര്‍ വഴിയുള്ള യാത്രക്കാരില്‍ നിന്ന് വിവിധ തരം മയക്കുമരുന്നുകള്‍ പിടികൂടി. യാത്രക്കാരുടെ സ്വകാര്യ ബാഗുകളില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലുമാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വിവിധ തരം മയക്കുമരുന്നുകള്‍ പിടികൂടിയത്.

യാത്രക്കാരുടെ ബാഗുകള്‍ക്കുള്ളില്‍ നിന്ന് ലാന്‍ഡ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ 11 ലിറിക്ക മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തി. അധികൃതര്‍ യാത്രക്കാരില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഏകദേശം 121 ഗ്രാം ഹാഷിഷും 45 വ്യത്യസ്ത തരം മയക്കുമരുന്ന് ഗുളികകളും കണ്ടെത്തി.

വിവിധ തരത്തിലുള്ള 45 മയക്കുമരുന്ന് ഗുളികകള്‍ അവരുടെ ശരീരത്തിനുള്ളില്‍ പല ഭാഗങ്ങളിലായി രഹസ്യമായി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതായി കസ്റ്റംസ് പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാര് പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെ തിരിച്ചറിയാനും വിദഗ്ധ പരിശീലനം നേടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പിടിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest News