ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഇംഗ്ലീഷിന്റെ ചട്ടക്കൂട്ടിൽ നിന്ന് പുറത്ത് കൊണ്ടുവന്ന് മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ അവതരിപ്പിക്കുകയാണ് ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ.
കോഴിക്കോട്ടും ബംഗളൂരുവിലുമായി പ്രവർത്തിക്കുന്ന ട്രിഡ്സ് എന്ന സ്റ്റാർട്ടപ് കമ്പനിയാണ് അവരുടെ ഇൻഡിക്എ.ഐ ഇൻ എന്ന വെബ്സൈറ്റിലൂടെ ഇന്ത്യയിലെ ഏതു പ്രാദേശിക ഭാഷയിലും ആവശ്യമുള്ള വിവരങ്ങളും ചിത്രങ്ങളും എ.ഐ ടൂൾ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കാൻ അവസരമൊരുക്കിയത്. പ്രാദേശിക ഭാഷയിൽ നൽകുന്ന നിർദേശങ്ങളിലൂടെ എ.ഐ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാൻ സഹായിക്കുന്ന ആദ്യ വെബ്സൈറ്റാണ് ഇതെന്ന് കമ്പനി സ്ഥാപകനും സോഫ്റ്റ് വെയർ ആർക്കിടെക്ടുമായ സഫ്വാൻ എരൂത്ത് പറഞ്ഞു.
സഫ്വാനൊപ്പം സോഫ്റ്റ്വെയർ എൻജിനീയർമാരായ ഷെഹ്സാദ് ബിൻ ഷാജഹാൻ, മുനീബ് മുഹമ്മദ്, പ്രോഡക്ട് ഡിസൈനർ നിഹാൽ എരൂത്ത് എന്നിവർ ചേർന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്.