Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയുടെ ആകാശവും ഭൂമിയും കീഴടക്കാൻ ഇലോൺ മസ്‌ക് വരുന്നു


ഭൂമിയും ആകാശവും കീഴടക്കാൻ വെമ്പുന്ന സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌കിന്റെ ഇന്ത്യയിലേക്കുള്ള വരവ് വൈകില്ല. ടെസ്‍ല ഇൻകോർപറേറ്റിന്റെ ഇന്ത്യൻ വിഭാഗമായ ടെസ്ല ഇന്ത്യ മോട്ടോർ ആൻഡ് എനർജി, പുനെയിലെ വിമൻ നഗറിലെ പഞ്ച്ശീൽ ബിസിനസ് പാർക്കിൽ ടെസ്ല ഓഫീസ് സ്പെയ്സ് വാടകക്കെടുത്തതായാണ് റിപ്പോർട്ടുകൾ. ഇന്തോപസഫിക് മേഖലയിലെ രാജ്യങ്ങളിലേക്ക് ടെസ്ല കാറുകൾ നിർമിച്ച് കയറ്റി അയക്കാനുള്ള മുഖ്യ കേന്ദ്രമായി ഇന്ത്യയെ ഉപയോഗിക്കാനാണ് ടെസ്‍ല ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരാനൊരുങ്ങുകയാണ്. കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലെത്തിയാൽ സ്വപ്ന വേഗത്തിലുള്ള ഇന്റർനെറ്റിന് സേവനമാകും ലഭിക്കുക.
ടെസ്‍ല ഇന്ത്യ മോട്ടോർ ആൻഡ് എനർജിക്കായി 5850 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസാണ് പുനെയിൽ വാടകക്കെടുക്കുന്നത്. 11.65 ലക്ഷം രൂപയാണ് പ്രതിമാസ വാടക നിശ്ചയിച്ചിട്ടുള്ളത്. ടെസ്‍ല ഇന്ത്യ മോട്ടോർ ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് ടേബിൾസ്പേസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി അഞ്ച് വർഷത്തെ വാടക കരാർ ഒപ്പു വെച്ചതായാണ് റിപ്പോർട്ട്. ഒക്ടോബർ ഒന്നിന് ഓഫീസ് കെട്ടിടം പ്രവർത്തമാരംഭിക്കും.
ഇന്ത്യൻ വാഹന വിപണിക്ക് യോജിച്ച വൈദ്യുത കാർ ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് ടെസ്ല ശ്രമിക്കുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന ടെസ്ലക്ക് ഏകദേശം 20 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാറുകളായിരിക്കും മറ്റു ഇൻഡോ പസഫിക് രാജ്യങ്ങളിലേക്ക് ടെസ്‍ല കയറ്റുമതി ചെയ്യുക. 
2021 ജനുവരിയിൽ ടെസ്ലയുടെ ഇന്ത്യൻ വിഭാഗം ബംഗളൂരുവിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇലോൺ മസ്‌ക് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇന്ത്യയിലെ പദ്ധതിക്ക് വേഗംകൂട്ടാൻ ടെസ്‍ല തീരുമനിച്ചത്. അടുത്ത വർഷം പദ്ധതികൾ നേരിട്ടു വിലയിരുത്താൻ ഇലോൺ മസ്‌ക് ഇന്ത്യയിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്. 
സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉടൻ ഇന്ത്യയിലേക്ക് വരാൻ പോകുന്നതായി വാർത്താവിനിമയ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. സ്റ്റാർലിങ്ക് കഴിഞ്ഞ വർഷം ടെലികമ്യൂണിക്കേഷൻ വകുപ്പുമായി ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് ലൈസൻസിന് അപേക്ഷിച്ചിരുന്നു. സ്റ്റാർലിങ്കിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സെപ്റ്റംബർ 20 ന് യോഗം ചേരുന്നുണ്ട്. ഇതിലെ തീരുമാനം നിർണായകമായിരിക്കും. നരേന്ദ്ര മോഡിയും ഇലോൺ മസ്‌കുമായുള്ള കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക് പദ്ധതിയും ചർച്ചയായിരുന്നു. ഇന്റർനെറ്റ് സേവനം എത്താത്ത ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളിലടക്കം സാറ്റലൈറ്റ് മുഖേന ഇന്റർനെറ്റ് എത്തിക്കാൻ കഴിയുന്ന സ്റ്റാർലിങ്ക് പദ്ധതി ഉടൻ അവതരിപ്പിക്കാനാകുമെന്ന് മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽ കാര്യമായ നിക്ഷേപമിറക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും ഭൂഗോളത്തിലെ മറ്റേതു വലിയ രാജ്യത്തേക്കാളും വിജയകരമായ ഭാവിയുള്ള നാടാണ് ഇന്ത്യയെന്നും അദ്ദേഹം പറയുകയുണ്ടായി.
ബഹിരാകാശ യാത്രയിൽ നാഴികക്കല്ലാകുമെന്ന് കരുതപ്പെടുന്ന സ്റ്റാർഷിപ്പ് (ആദ്യത്തെ പേര് ബിഗ് ഫക്കിംഗ് റോക്കറ്റ്) യാഥാർഥ്യമാക്കുന്നതിനുള്ള കടമ്പകൾ ഇലോൺ മസ്‌കിന് മുന്നിൽ വഴിമാറുകയാണ്. ആദ്യത്തെ സ്റ്റാർഷിപ് വിക്ഷേപണം നടന്നയുടൻ പൊട്ടിത്തെറിച്ചത് സ്പേസ് എക്സിന് തിരിച്ചടിയായെങ്കിലും രണ്ടാമത്തെ പരീക്ഷണ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 
സ്റ്റാർഷിപ്പിൽ ഉപയോഗിക്കുന്ന സൂപ്പർ ഹെവി പ്രോട്ടോടൈപായ ബൂസ്റ്റർ 9 ൽ മറ്റൊരു സ്റ്റാറ്റിക് ഫയർ എൻജിൻ പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി നടന്നു. ആദ്യ പരീക്ഷണം പരാജയപ്പെട്ട സാഹചര്യത്തിൽ ആയിരത്തിലധികം മാറ്റങ്ങൾ വരുത്തിയാണ് രണ്ടാം പരീക്ഷണത്തിന് സ്പേസ് എക്സ് തയാറെടുക്കുന്നത്. അമേരിക്കൻ ഗവൺമെന്റിന്റെ അനുമതി ലഭിക്കുന്ന മുറക്ക് വിക്ഷേപണം നടക്കുമെന്നാണ് ഇലോൺ മസ്‌ക് അറിയിച്ചിരിക്കുന്നത്. 
ബഹിരാകാശ ദൗത്യത്തിന് മാത്രമല്ല, ഭൂമിയിലെ യാത്രകൾക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് സ്റ്റാർഷിപ്പിലെ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. 30 മിനിറ്റിനുള്ളിൽ ലോകത്തെ ഏത് വൻനഗരത്തിൽ നിന്നും മറ്റു ഏതൊരു വൻനഗരത്തിലേക്കും ഈ ബരിഹാകാശ വാഹനത്തിൽ അതിവേഗ യാത്ര സാധ്യമാക്കുമെന്നായിരുന്നു മസ്‌കിന്റെ പ്രഖ്യാപനം. തീരക്കടലിലെ ലോഞ്ചിംഗ് പാഡിലാണ് സ്റ്റാർഷിപ് പുറപ്പെടുകയും വന്നിറങ്ങുകയും ചെയ്യുക. ബോട്ടിലെത്തുന്ന യാത്രക്കാർക്ക് പ്രത്യേക വാക്‌വേ വഴി റോക്കറ്റിൽ കയറി സീറ്റുകളിലിരിക്കാം. റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്തേക്ക് പറക്കുന്ന സ്റ്റാർഷിപ് ഗുരുത്വാകർഷണത്തിൽ നിന്ന് വേർപെടുമ്പോൾ അമ്യൂസ്മെന്റ് പാർക്കുകളിലെ റൈഡിൽ അനുഭവപ്പെടുന്നതു പോലുള്ള അവസ്ഥയിലൂടെ യാത്രക്കാർ കടന്നുപോകും. ഈ ഘട്ടം കഴിഞ്ഞാൽ സീറോ ഗ്രാവിറ്റിയുടെ നിശ്ചലതയായിരിക്കും. തുടർന്ന് ലക്ഷ്യസ്ഥാനത്ത് തിരിച്ചിറങ്ങുമ്പോഴാകും വീണ്ടും ഗുരുത്വാകർഷണത്തിലൂടെ കടന്നുപോകുക. റോക്കറ്റുകൾ തിരിച്ചിറക്കുന്ന അതേ സാങ്കേതിക വിദ്യയിലായിരിക്കും ലോഞ്ച് പാഡിൽ വന്നിറങ്ങുക. മണിക്കൂറിൽ പരമാവധി 16,700 മൈൽ പറക്കാൻ സ്റ്റാർഷിപ്പിന് കഴിയും. ഗുരുത്വാകർഷണത്തിന്റെ പ്രശ്നങ്ങൾ വലിയ തോതിൽ ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങൾ ബി.എഫ്.ആറിലുണ്ടാകും. ഇങ്ങനെ നീളുന്നു മസ്‌കിന്റെ അവകാശവാദങ്ങൾ. എന്നാൽ ആദ്യ പരീക്ഷണം പരാജയപ്പെട്ടതോടെ പദ്ധതിയുടെ വിശ്വാസ്യത വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

Latest News