അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിന് പിന്നാലെ സൂര്യനെ ലക്ഷ്യം വെച്ച് ഇന്ത്യ. സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾ നടത്താനുള്ള മറ്റൊരു ചരിത്ര ദൗത്യത്തിന് രാജ്യം തയാറെടുത്തു കഴിഞ്ഞു. ചന്ദ്രയാൻ-3 ന് തൊട്ടുപിന്നാലെ ഐ.എസ്.ആർ.ഒയുടെ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ.വൺ സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ഇന്ത്യയുടെ ആദ്യത്തെ സ്പേസ് ഒബ്സർവേറ്ററി ദൗത്യമാണ് ആദിത്യ.
ഭൂനിരപ്പിൽ നിന്നു 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയന്റായ എൽ.വണ്ണിലേക്കാണ് ആദിത്യ ലക്ഷ്യം വെക്കുന്നത്.
ഈ പോയന്റിൽ നിന്ന് തടസ്സങ്ങളില്ലാതെ മുഴുവൻ സമയവും സൂര്യനെ നിരീക്ഷിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഉപഗ്രഹത്തെ ലോ എനർജി ഓർബിറ്റ് ട്രാൻസഫർ രീതിയിൽ പല ഘട്ടങ്ങളായാണ് നിർദിഷ്ട സ്ഥലത്ത് എത്തിക്കുക. ഇതിനായി ഉപഗ്രഹത്തിലുള്ള പ്രൊപ്പൽഷൻ സംവിധാനമാണ് ഉപയോഗിക്കുക.
നാല് മാസം നീണ്ട യാത്രയാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വർഷവും രണ്ട് മാസവുമാണ് ദൗത്യത്തിന്റെ കാലവധി. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എൽ വൺ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
പേടകം ബംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ വിക്ഷേപണത്തിന് തയാറാക്കി നിർത്തിയിരിക്കുകയാണ്. പി.എസ്.എൽ.വി റോക്കറ്റാണ് പേടകത്തെ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. 378 കോടി രൂപയാണ് ദൗത്യത്തിന് ചെലവ് കണക്കാക്കുന്നത്. കൊറോണൽ താപനം, കൊറോണൽ മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ മനസ്സിലാക്കാൻ ദൗത്യം സഹായിക്കും. സൂര്യന്റെ ബാഹ്യവലയത്തെ കുറിച്ച് പഠിക്കുന്ന വിസിബിൾ ലൈൻ എമിഷൻ കൊറോണോഗ്രഫ് ആണ് പ്രധാന പേലോഡ്.
നിലവിൽ സൂര്യനെക്കുറിച്ച് പഠിക്കാനായി വിക്ഷേപിച്ച ഏക പേടകം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ്. 2018 ഓഗസ്റ്റ് 12 നായിരുന്നു പാർക്കർ സോളാർ പ്രോബ് എന്ന ആ ദൗത്യത്തിന്റെ വിക്ഷേപണം. സൂര്യന്റെ മധ്യഭാഗത്ത് നിന്ന് 9.86 സോളാർ റേഡിയസിലാണ് പേടകം സ്ഥാനമുറപ്പിക്കുക. ഇനിയും രണ്ട് വർഷങ്ങൾക്ക് ശേഷം 2025 ൽ മാത്രമേ പേടകം ലക്ഷ്യ സ്ഥാനത്തേക്ക് എത്തൂ. ഏകദേശം ഏഴ് ലക്ഷം കിലോമീറ്റർ വേഗത്തിലാണ് പേടകം സഞ്ചരിക്കുന്നത്. ഇന്ത്യയുടെ മറ്റൊരു അഭിമാന ദൗത്യം പൂർത്തിയാകാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. അതിനുള്ള ആവേശത്തിലും ആഹ്ലാദത്തിലുമാണ് രാജ്യത്തെ ശാസ്ത്ര സമൂഹം.