എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയ സുഹൃത്ത് ചതിച്ചു; യുവാവിന് ലഗേജ് നഷ്ടമായി

കാസര്‍കോട്- ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയ യുവാവിനെ  ചതിച്ച സുഹൃത്ത് എയര്‍പോര്‍ട്ടില്‍നിന്ന് വിലകൂടിയ സാധനങ്ങള്‍ അടക്കമുള്ള ലഗേജ് കവര്‍ന്നു. ദുബായില്‍നിന്നെത്തിയ അണങ്കൂര്‍ സ്വദേശി ലുഖ്മാനുല്‍ ഹക്കീമാണ് സുഹൃത്തിന്റെ ചതിയില്‍ പെട്ടത്. സുഹൃത്ത് അണങ്കൂര്‍ സ്വദേശി ഖാദറിനെ ദുബായില്‍ നിന്ന് വരുന്ന വിവരം വിളിച്ചറിയിച്ച ഹക്കീം വിമാനത്താവളത്തിലേക്ക് കാറുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
നാട്ടിലേക്കുള്ള യാത്രക്കിടയില്‍ ഖാദര്‍ ചായ കുടിക്കാന്‍ മഞ്ചേശ്വരത്തെ ഒരു ഹോട്ടലിലേക്ക് ലുഖ്മാനുല്‍ ഹക്കീമിനെ കൊണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ ഖാദര്‍ മറ്റ് നാല് സുഹൃത്തുക്കള്‍ക്ക് ലുഖ്മാന്‍ വരുന്ന വിവരം കൈമാറിയിരുന്നു. ഗള്‍ഫില്‍നിന്ന് വരുന്നവരെ കൊള്ളയടിക്കുന്ന സംഘത്തില്‍ പെട്ടവരാണ് നാലംഗ സംഘം.
ഇവര്‍ രണ്ട് ബൈക്കുകളില്‍ മഞ്ചേശ്വരം ഹോട്ടലിന് മുന്നിലെത്തി ലുഖ്മാന്‍ സഞ്ചരിച്ച കാറില്‍ നിന്നും വില കൂടിയ സാധനങ്ങളടക്കമുള്ള ലഗേജുകള്‍ കവരുകയായിരുന്നു. തുടര്‍ന്ന് ഖാദര്‍ തന്നെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ലുഖ്മാനോട് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരാതി പോലീസ് എഴുതി വാങ്ങിയെങ്കിലും കേസെടുത്തില്ല.
സാധനങ്ങള്‍ കൊള്ളയടിച്ച സംഘാംഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം രാത്രി അണങ്കൂരില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ ഖാദറും ഉണ്ടായിരുന്നു. പിന്നീടാണ് താന്‍ കബളിപ്പിക്കപ്പെട്ടതായും സുഹൃത്ത് ഖാദര്‍ നടത്തിയ നാടകമാണെന്നും ലുഖ്മാന്‍ അറിയുന്നത്. സംഭവം പോലീസ് തന്നെ ഒതുക്കി തീര്‍ത്തതായും ആരോപണമുണ്ട്.

 

 

Latest News