കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ടിനു പാപ്പച്ചൻ ചിത്രം ചാവേർ സെപ്റ്റംബർ 14 ന് പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.
കഴിഞ്ഞ ദിവസം അർജുന്റെ ജന്മദിനത്തിൽ, ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങളുമായി ത്രില്ലും സസ്പെൻസും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേർ.
ചാവേറിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്റെ ലുക്കും സോഷ്യൽ മീഡിയ മുമ്പ് ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചന്റെ മുൻ ചിത്രങ്ങളേക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന ചിത്രമാണ് ചാവേർ.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.






