ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധന - മന്ത്രി

മക്ക - ഈ വര്‍ഷം വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവുള്ളതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു. വിസാ നടപടിക്രമങ്ങള്‍ എളുപ്പമാക്കിയത് അടക്കമുള്ള ഘടകങ്ങളാണ് ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ സഹായിച്ചത്. ഒന്നര മാസം മുമ്പ് മുഹറം ഒന്നിനാണ് പുതിയ ഉംറ സീസണ്‍ ആരംഭിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കൊല്ലം വിദേശ തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെങ്ങും നിന്നുള്ള മുസ്‌ലിംകള്‍ക്ക് ഉംറ വിസകള്‍ അനുവദിക്കുന്നത് സൗദി അറേബ്യ എളുപ്പമാക്കിയിട്ടുണ്ട്.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഇന്ത്യ, ഇറാഖ്, യെമന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. വരും മാസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉംറ വിസാ നടപടിക്രമങ്ങള്‍ നുസുക് പ്ലാറ്റ്‌ഫോം ഏറെ എളുപ്പമാക്കിയിട്ടുണ്ട്. ഉംറ സര്‍വീസ് കമ്പനികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള മികച്ച സേവനങ്ങള്‍ നല്‍കാന്‍ സര്‍വീസ് കമ്പനികള്‍ മത്സരിക്കുന്നു.
ട്രാന്‍സിറ്റ് വിസ, ഓണ്‍അറൈവല്‍ വിസ, ടൂറിസ്റ്റ് വിസ, പേഴ്‌സണല്‍ വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ അടക്കം എല്ലായിനം വിസകളിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കും. കൂടാതെ ഉംറ വിസാ കാലാവധി 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. വനിതാ തീര്‍ഥാടകര്‍ക്കൊപ്പം അടുത്ത ബന്ധുക്കള്‍ (മഹ്‌റം) ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞിട്ടുണ്ട്.
ഇവക്കെല്ലാം പുറമെ നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ വിസക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനും സാധിക്കും. സേവന ഗുണനിലവാരത്തെ ബാധിക്കാതെ തന്നെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി നിരക്ക് കുറച്ചിട്ടുമുണ്ട്. സൗദിയിലെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും തീര്‍ഥാടകരെ അനുവദിച്ചിട്ടുണ്ട്. ഇവയെല്ലാം തീര്‍ഥാടകരുടെ എണ്ണം ശ്രദ്ധേയമായ നിലക്ക് വര്‍ധിക്കുന്നതില്‍ പ്രതിഫലിച്ചു.
തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ഹജ്, ഉംറ മന്ത്രാലയം അതിയായി ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ ഭാഷകളില്‍ തീര്‍ഥാടകരുടെ പരാതികള്‍ ഇരുപത്തിനാലു മണിക്കൂറും സ്വീകരിച്ച് സാധ്യമായത്ര വേഗത്തില്‍ പരിഹരിക്കാന്‍ ഇനായ സെന്ററുകള്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഉംറ സര്‍വീസ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം ശക്തമായി നിരീക്ഷിക്കുന്നു.

 

 

Latest News