ഗ്യാസിനുള്ള ഗുളിക കഴിക്കുന്നത് തമാശയല്ല, വല്ലാതെ കഴിച്ചാല്‍....

ഗ്യാസിനുള്ള അന്റാസിഡ് ഗുളിക ആവശ്യമില്ലാതെ കഴിക്കുന്നവരാണ് പലരും. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ കാല്‍സ്യം സപ്ലിമെന്റുകള്‍ കഴിക്കുന്നവരും ധാരാളം. ഇങ്ങനെയുള്ളവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത അധികമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ ഗവേഷണ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രോട്ടോണ്‍ പമ്പ്  ഇന്‍ഹിബിറ്ററുകളും അന്റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കാത്സ്യമാണ് ഇവിടെ വില്ലനാകുന്നത്. കാല്‍സ്യത്തിന്റെ തോത് ശരീരത്തില്‍ കൂടിയാലും കുറഞ്ഞാലും അപകടമാണ്. അന്റാസിഡുകളിലുള്ള കാല്‍സ്യം സംയുക്തങ്ങളും കാല്‍സ്യം സപ്ലിമെന്റുകളും രക്തപ്രവാഹത്തിലെ കാല്‍സ്യം തോത് വര്‍ധിപ്പിക്കുന്നു. ഓരോ ഹൃദയമിടിപ്പിലും ഹൃദയത്തിലെ പേശികളിലേക്ക് കയറുന്ന കാല്‍സ്യം ഇവിടുത്തെ ഇലക്ട്രിക് സിഗ്‌നലുകളെ നിയന്ത്രിക്കുന്നു. കാല്‍സ്യത്തിന്റെ  തോത് കൂടുന്നതും കുറയുന്നതും അസാധാരണമായ ഇലക്ട്രിക് സിഗ്‌നലുകള്‍ക്കും ഹൃദയതാളത്തിനും കാരണമാകും.

അമിതമായ കാല്‍സ്യം രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കുകയും ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതും ഹൃദ്രോഗത്തിന് കാരണമാകാം.

 

Latest News