ദുബായ്- ദുബായിലെ കരാമയില്‍ കേരള വിഭവങ്ങള്‍ വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകള്‍ ഉണ്ട്. എല്ലാ ബ്ലോക്കിലും ഒരു മലയാളി റെസ്റ്റോറന്റ് കാണാം. എന്നിട്ടും, ഓണസദ്യക്കായി മലയാളി പ്രവാസികള്‍ അണിനിരന്നതോടെ ചൊവ്വാഴ്ച മീറ്ററുകളോളം നീണ്ട ക്യൂവാണ് ഇവിടെയെല്ലാം കണ്ടത്.
പരമ്പരാഗത വേഷവിധാനത്തോടെ മിക്കവരും എത്തിയത്. കേരള സാരി ചുറ്റി മുല്ലപ്പൂവണിഞ്ഞാണ് മിക്ക വനിതകളും ഓണസദ്യ്ക്കെത്തിയത്.
വിവിധ റെസ്റ്റോറന്റുകളില്‍ വിഭവസമൃദ്ധമായ ഓണം സദ്യ ആസ്വദിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
ദേ പുട്ട്, ആരാമം, സിറ്റി മഖാനി, ഇക്കായീസ് തുടങ്ങിയ പല റെസ്റ്റോറന്റുകളിലും നീണ്ട ക്യൂ കാണപ്പെട്ടു. ഒന്നര മണിക്കൂര്‍ വരെ പലര്‍ക്കും കാത്തുനില്‍ക്കേണ്ടി വന്നു. ചില റെസ്റ്റോറന്റുകള്‍ ഏകദേശം 10,000 സദ്യകള്‍ വരെയാണ് നല്‍കിത്. പുലര്‍ച്ചെ 5 മണിക്ക് തന്നെ തയ്യാറെടുപ്പ് ആരംഭിച്ചതായി കരാമയിലെ ആരാമത്തിലെ മാനേജര്‍ സല്മാന് പറഞ്ഞു.








