300 ദിര്‍ഹമിന് 'മുന്തിയ' ഫോണ്‍ വാങ്ങി വെട്ടിലായി; യുവാവിന് ലഭിച്ചത് 5,000 ദിര്‍ഹം പിഴയും തടവും!

ഷാര്‍ജ- തുച്ഛം വിലയ്ക്ക് മികച്ച സ്മാര്‍ട്‌ഫോണ്‍ വച്ചു നീട്ടിയാല്‍ ആരും ആശ്ചര്യപ്പെടും. കിട്ടിയതു ലോട്ടറി എന്ന മട്ടില്‍ 'വില്‍പ്പനക്കാരന്‍' പറഞ്ഞ ഏറ്റവും കുറഞ്ഞ വില നല്‍കി അതു പലരും വാങ്ങുകയും ചെയ്യും. യുഎയില്‍ പലയിടത്തും ഇത്തരം വില്‍പ്പനക്കാര്‍ രഹസ്യമായി പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നും തുച്ഛം വിലയ്ക്ക് മുന്തിയ ഫോണ്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങളെ കാത്തിരിക്കുന്നത് ഫോണിന് നല്‍കിയ തുകയേക്കാല്‍ ഇരട്ടി പിഴയും തടവു ശിക്ഷയുമാണ്! 

300 ദിര്‍ഹം നല്‍കി ഒരു വില്‍പ്പനക്കാരനില്‍ നിന്ന് സാംസങ് ഫോണ്‍ വാങ്ങിയ ഏഷ്യക്കാരന് ലഭിച്ചത് 5,000 ദിര്‍ഹം പിഴയും മൂന്നു മാസം തടവുമാണ്. നിയമപരമായ മാര്‍ഗങ്ങളിലൂടെ അല്ലാതെ നടത്തുന്ന ഇത്തരം ഇടപാടുകള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചു വരുന്നത്. മോഷ്ടിച്ച ഫോണുകളാണ് ഇത്തരത്തില്‍ വില്‍ക്കപ്പെടുന്നവയില്‍ അധികവും. ഇതു പിടിക്കപ്പെട്ടാല്‍ കൈവശം വച്ചവരാണ് കുരുക്കിലാകുക.

മോഷണം പോയ ഫോണ്‍ കൈവശം വച്ചതിനാണ് 32കാരനായ ഏഷ്യക്കാരന് ഷാര്‍ജ കോടതി ശിക്ഷ വിധിച്ചത്. ഫോണ്‍ വാങ്ങിയ ബില്ല് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തതാണ് ഇയാളെ വെട്ടിലാക്കിയത്. ജനുവരിയില്‍ തന്റെ ജോലിസ്ഥലത്തിനടുത്തു വച്ച് കണ്ട ഒരാളില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്ന് ഇദ്ദേഹം കോടതിയില്‍ പറഞ്ഞു. തുച്ഛമായ 300 ദിര്‍ഹമിന് പുതിയ മോഡല്‍ സാംസങ് ഫോണ്‍ നല്‍കിപ്പോള്‍ വാങ്ങിയതാണെന്ന് ഇദ്ദേഹം കോടതിയില്‍ പറഞ്ഞു. ഈ ഫോണ്‍ മോഷ്ടിക്കപ്പട്ടതായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. മോഷ്ടിച്ച ഫോണുമായി തന്നെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് കാര്യം ബോധ്യപ്പെട്ടതെന്നും അപ്പോഴേക്കും ഫോണ്‍ തനിക്കു വിറ്റയാള്‍ യുഎഇ വിട്ടിരുന്നെന്നും ഇദ്ദേഹം കോടതിയില്‍ പറഞ്ഞു. കേസ് വിചാരണ കോടതി ജൂലൈ 29-ലേക്ക് മാറ്റി.
 

Latest News