നിങ്ങള്‍ എന്റെ പെണ്‍മക്കളാണ്.... മൂന്ന് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ ഇനി യു.എ.ഇയില്‍ പഠിക്കും

ദുബായ് - പെണ്‍കുട്ടികള്‍ നാട്ടില്‍ മാത്രമല്ല, വിദേശത്തുപോയും പഠിക്കേണ്ട എന്ന് അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് ഇന്നലെയാണ്. എന്നാല്‍ രാജ്യം കടന്ന മൂന്ന് അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്തിരിക്കുകയാണ് അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒയുമായ ഖലാഫ് അഹ്മദ് അല്‍ ഹബ്തൂര്‍.
സുരക്ഷിതമായി ദുബായില്‍ എത്തിയ മൂന്ന് അഫ്ഗാന്‍ പെണ്‍കുട്ടികളുമായി അല്‍ ഹബ്തൂര്‍ കൂടിക്കാഴ്ച നടത്തി. യു.എ.ഇയില്‍ ഉന്നത വിദ്യാഭ്യാസം സ്‌പോണ്‍സര്‍ ചെയ്ത് മൂന്ന് പെണ്‍കുട്ടികള്‍ക്ക് പുതുജീവിതം വാഗ്ദാനം ചെയ്യുകയാണ് വ്യവസായി. പെണ്‍കുട്ടികളെ കണ്ടുമുട്ടുന്നതിന്റെ ഒരു വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്ത അല്‍ ഹബ്തൂര്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പില്‍ അവരോട് പറഞ്ഞു: 'നിങ്ങളെ എന്റെ പെണ്‍മക്കളെപ്പോലെ ഞാന്‍ കരുതുന്നു.
യു.എ.ഇയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്നും രാജ്യത്തിനകത്ത് പോലും തങ്ങള്‍ ഇപ്പോള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നിലാണെന്നും അദ്ദേഹം പെണ്‍കുട്ടികളെ സമാധാനിപ്പിച്ചു.
'ഞാന്‍ നിങ്ങള്‍ക്കായി ഏറ്റവും മികച്ച സര്‍വകലാശാല തിരഞ്ഞെടുത്തു. നിങ്ങള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യത്താണ്, നിങ്ങള്‍ സുരക്ഷിതരായ ആളുകള്‍ക്കൊപ്പമാണ്. ജീവിതത്തിലെ അച്ചടക്കമാണ് ഏറ്റവും പ്രധാനം. നിങ്ങള്‍ സഫലീകരിക്കേണ്ട മഹത്തായ ലക്ഷ്യത്തിനാണ് ഇവിടെ വന്നിരിക്കുന്നത്-  ദുബായ് സര്‍വകലാശാലയുടെ പ്രസിഡന്റ് ഈസ ബസ്തകിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം അഫ്ഗാന്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.

Latest News