സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് നിന്ന് വെള്ളിയാഴ്ച തിരിച്ചെത്തും

അബുദാബി-യു.എ.ഇ യുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘവും അടുത്ത വെള്ളിയാഴ്ച ഭൂമിയിലേക്ക് തിരിച്ചെത്തും.പകരം ക്രൂ സെവൻ എന്ന പുതിയ സംഘത്തെ നാസ ബഹിരാകാശ നിലയത്തിലേക്ക് അയച്ചു.
അൽ നെയാദിക്കും സംഘത്തിനും പൂർത്തിയാക്കാൻ കഴിയാത്ത ജോലികൾ ക്രൂ സെവൻ സംഘം ഏറ്റെടുക്കും.അമേരിക്ക,ഡെൻമാർക്ക്,ജപ്പാൻ,റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള നാല് പേരാണ് ക്രൂ സെവൻ സംഘത്തിലുള്ളത്.
സ്‌പേസ് എക്‌സ് ബഹിരാകാശ പേടകത്തിലായിരിക്കും അൽ നെയാദിയുടെ മടക്കയാത്ര. എൻഡവർ എന്ന് പേരിട്ട സ്‌പേസ് എക്‌സ് ബഹിരാകാശ പേടകം വെള്ളിയാഴ്ച പുറപ്പെട്ട് ഫ്‌ളോറിഡയിലെ തീരത്ത് ഇറങ്ങാനാണ് പദ്ധതി.പേടകത്തിന്റെ ലാൻഡിങ് സമയം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. ആറുമാസക്കാലം നീണ്ടുനിന്ന ദൗത്യത്തിനായി കഴിഞ്ഞ മാർച്ച് മൂന്നിനാണ് സുൽത്താൻ അൽ നെയാദി ബഹിരാകാശ നിലയത്തിലേക്ക് പോയത്.ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച അറബ് വംശജനാണ് അൽ നെയാദി. കൂടാതെ ബഹിരാകാശത്ത് ഏഴ് മണിക്കൂർ നടന്നതുൾപ്പെടെ ഒട്ടേറെ റെക്കോഡുകൾ സ്വന്തം പേരിലെഴുതി ചേർത്താണ് മടക്കം.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതിന് പിന്നാലെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളുമാണ് അദ്ദേഹം പങ്കുവച്ചത്.

Tags

Latest News