ഫീസടയ്ക്കാത്ത കുട്ടികൾ ഇനി നിലത്തിരുന്ന് പരീക്ഷയെഴുതിയാൽ മതി


മനുഷ്യനാകണം, മനുഷ്യനാകണം ... എന്ന് നാടുനീളെ പാടി നടക്കുന്നതല്ലാതെ ആരും ആരെയും മനുഷ്യരാക്കുന്നില്ല. മനുഷ്യത്വം മരിച്ചുപോയ മനുഷ്യർ ഇനിയും ഫീസ് കൊടുക്കാത്ത കുട്ടികളെ നിലത്തിരുത്തി പരീക്ഷയെഴുതിക്കും. ചോദിച്ചാൽ കിട്ടുന്ന ഉത്തരം ഇതായിരിക്കും- അതിനെന്താ തിളക്കമുള്ള തറയിലല്ലേ ഇരുത്തിയതെന്ന് ?...    ഇതെല്ലാം കണ്ടും കേട്ടും പഴയ പരസ്യ വാചകത്തിൽ ചോദിക്കുന്നത് പോലെ എല്ലാവർക്കും പരസ്പരം ചോദിക്കാം- എങ്ങനെയുണ്ടെന്റെ സ്‌കിന്ന്. 

കേരളത്തിലെ ഒരു സ്‌കൂളിലും ഇക്കാലത്ത്  സംഭവിക്കാൻ പാടില്ലാത്ത കാര്യം തിരുവനന്തപുരം വെള്ളയമ്പലത്തെ വിദ്യാധിരാജ വിദ്യാമന്ദിർ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഭവിച്ചു- ഫീസടയ്ക്കാത്ത ഏഴാം ക്ലാസ് വിദ്യാർഥിയെ അതിന്റെ പേരിൽ നിലത്തിരുത്തി പരീക്ഷയെഴുതിച്ചു! വലിയ പാരമ്പര്യമുള്ള സ്ഥാപനമാണ് വിദ്യാധിരാജ. ഒരുപാട് ഉന്നത സ്ഥാനീയരായ  മനുഷ്യരുടെ കൂട്ടം നടത്തിക്കൊണ്ടു പോകുന്ന സ്ഥാപനം.  പ്രധാന അധ്യാപകനിൽ നിന്നുണ്ടായ  അക്ഷന്തവ്യമായ അപരാധം സ്ഥാപനത്തിനല്ല, കേരള വിദ്യാഭ്യാസ രംഗത്തിന്റെ സൽപേരിനാണ് കളങ്കം വരുത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പരീക്ഷ നടക്കുന്നതിനിടെ പ്രിൻസിപ്പൽ ആർ. ജയരാജ് ക്ലാസിൽ എത്തുകയായിരുന്നു. ഫീസടയ്ക്കാത്ത കുട്ടിയോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ട പ്രിൻസിപ്പലിനോട് ഫീസ് കാര്യം രക്ഷാകർത്താവിനേ അറിയൂ എന്ന് കുട്ടി പറഞ്ഞത് ഏഴാം ക്ലാസുകാരന്റെ നിഷ്‌കളങ്കതയോടെയായിരിക്കും എന്നുറപ്പാണ്. പക്ഷേ അധ്യാപകന് അതപമാനിച്ചതായാണ് അനുഭപ്പെട്ടത്. തുടർന്ന് മറ്റു സഹപാഠികൾ പരിഹാസത്തോടെ നോക്കി നിൽക്കേ  നിലത്തിരുന്നു പരീക്ഷ എഴുതിയ കുട്ടി അനുഭവിച്ച മനോവേദന എത്ര വലുതായിരിക്കും.  താനിപ്പോൾ സഹിക്കുന്നത് എന്തുതരം അപമാനവും വേദനയുമായിരിക്കും എന്നൊന്നും മനസ്സിലാക്കാനുള്ള മനോവളർച്ച ഏഴാം ക്ലാസുകാരനുണ്ടാകില്ല. പക്ഷേ മനസ്സിനേൽപിച്ച ആഘാതം എത്രയോ വലുതായിരിക്കും. 
കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് പരാതി ലഭിച്ചയുടൻ അധ്യാപകനെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. സ്‌കൂളിൽ നിന്ന് ടി.സി ആവശ്യപ്പെട്ട രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനുമെല്ലാം പരാതി നൽകിയിട്ടുണ്ട്. 
പ്രിൻസിപ്പലിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിനെല്ലാം കാരണമെന്ന് സ്‌കൂൾ മാനേജർ ഡോ. ആർ. അജയകുമാർ ശങ്കാലേശമില്ലാതെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സ്‌കൂൾ മാനേജ്‌മെന്റ് വിഷയം കൂടുതലായി പഠിക്കും. 
നിയമവും ബാലാവകാശ കമ്മീഷനുമെല്ലാം ഉണ്ടായാലും സമൂഹത്തിൽ ഇത്തരം പുഴുക്കുത്തുകൾ അവശേഷിക്കുമെന്നാണ് തിരുവനന്തപുരത്തെ ആഢ്യ പ്രദേശമായ വെള്ളയമ്പലത്തുണ്ടായ സംഭവം തെളിയിക്കുന്നത്. കൈയിൽ ചോക്കും ഡസ്റ്ററുമായി അല്ലെങ്കിലൊരു ചൂരലുമായി നടക്കുന്ന സ്‌കൂൾതല അധ്യാപകർ ഓർക്കേണ്ട പ്രധാന കാര്യം തന്റെ മുന്നിലിരിക്കുന്ന കുഞ്ഞ് നാളെ എന്താകുമെന്ന് പ്രവചിക്കാൻ നിങ്ങൾക്കാവില്ലെന്നാണ്. കുട്ടികളുടെ ജീവിത സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കാത്ത അധ്യാപകർ ആ പണിക്ക് പറ്റിയവരല്ല. സ്‌കൂൾ ക്ലാസുകളിൽ അധ്യാപകരാൽ ബോധപൂർവം അപമാനിക്കപ്പെട്ട എത്രയോ പേരുടെ മുഖങ്ങൾ  അവരുടെ സ്‌കൂൾ കാലത്ത് നിന്ന് എല്ലാവർക്കും ഓർത്തെടുക്കാനാകും. അവരിൽ പലരും ഇന്നെവിടെ എത്തി നിൽക്കുന്നു എന്നാലോചിച്ചു  നോക്കിയാൽ അധ്യാപകരുടെ തെറ്റായ സമീപനം തിരിച്ചറിയാൻ എളുപ്പമായിരിക്കും.  നീയൊന്നും ഒന്നിനും കൊള്ളില്ല എന്ന ശാപവാക്ക് സ്ഥിരമായി കേട്ട എത്രയെത്ര സഹപാഠികളായിരിക്കും എല്ലാറ്റിനും കൊള്ളാവുന്നവരായി സമൂഹത്തിൽ തലയെടുപ്പോടെ ജീവിക്കുന്നത്! ക്ഷിപ്രകോപികളായ  അധ്യാപകരുടെ വിഡ്ഢി വാക്കുകളല്ല, കുട്ടിയെ അറിയുന്ന അധ്യാപകന്റെ വിലയിരുത്തലുകളാണ് ഭാവി സമൂഹ നിർമിതിക്ക് അനിവാര്യം.
സ്‌കൂൾ ക്ലാസുകളിൽ നിന്ന് നല്ലവരായ അധ്യാപകർ കണ്ടെടുത്ത മുത്തുകളായിരിക്കും സമൂഹത്തിന്റെ വിവിധ തുറകളിൽ വിജയിച്ചു നിൽക്കുന്ന അധിക വ്യക്തികളുമെന്ന് വെറുതെ നടത്തുന്ന അന്വേഷണത്തിൽ തന്നെ തിരിച്ചറിയാനാകും. സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ചേറിലും ചെളിയിലും  നിന്ന് എത്രയോ കുട്ടികളെ ഈ വിധത്തിൽ  കരകയറ്റിയെന്ന് ഉയർന്ന പദവികളിലെത്തിയ എത്രയെത്രയോ പേർ  അവരുടെ ജീവിത കഥകളിൽ വിവരിച്ചിരിക്കുന്നു. ഇന്നയിന്ന അധ്യാപകനില്ലായിരുന്നെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല എന്ന്  തുറന്നു പറയുന്ന മനുഷ്യരെ ഏത് പ്രദേശത്തും കാണാനാകും. 
പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ 'മായിൻ കുട്ടി സീതി' എന്ന കഥയിലെ അധ്യാപകൻ ക്ലാസ് തുടങ്ങിയ ഉടൻ  കുട്ടികളെ മുഖത്തോട് മുഖം എഴുന്നേറ്റ് നിർത്തി സ്‌ലേറ്റിൽ ചില മലയാള പദങ്ങൾ എഴുതിക്കുന്ന ഭാഗമുണ്ട്. പറയുന്ന  മലയാള പദങ്ങളെല്ലാം തെറ്റാണ്. കുട്ടികൾ വെറുതെ കേട്ടെഴുത്ത് വ്യായാമം നടത്തുന്നതിനിടയിൽ അധ്യാപകൻ പുറത്ത് പോയി തന്റേതായ മറ്റു ലൊട്ടുലൊടുക്ക്  ജോലികൾ ചെയ്തു തീർക്കുന്നു. പുകയില എന്നതിന് 'പോയില'  എന്ന വടക്കെ മലബാർ വാക്ക് തെറ്റായി കേട്ടെഴുതിക്കുന്ന അധ്യാപകന്റെ അസഹനീയമായ പെരുമാറ്റം കഥയിൽ വിവരിക്കുന്നു. കാരൂരിന്റെ പൊതിച്ചോറ് മോഷണ കഥയിൽ പറയുന്ന അവസ്ഥയിലായിരുന്നു പുനത്തിലിന്റെ കഥാകാലത്തെയും അധ്യാപക ജീവിതം ഏറക്കുറെ.  അങ്ങനെയൊരു ജീവിത  പരിസരത്ത് ജീവിച്ച അധ്യാപകരുടെ മാനസികാവസ്ഥയിൽ കഴിയുന്ന അധ്യാപകർ ഇന്നും ഉണ്ട് എന്നത് അപമാനകരമാണ്. കാലം തെറ്റി ജീവിക്കുന്ന ഈ മനുഷ്യരെ പാഠം പഠിപ്പിക്കാൻ നിയമത്തിന്റെ കഠിന ഹസ്തങ്ങൾ തന്നെ വേണ്ടിവരും. ബാലാവകാശ കമ്മീഷൻ എന്നൊന്നും കേൾക്കാത്ത അധ്യപകരുണ്ടാകുമോ ഇക്കാലത്ത്? അങ്ങനെ കേൾക്കാത്തവരുണ്ടെങ്കിൽ അവരെ അത് കേൾപ്പിക്കാനുള്ള നിമിത്തമാകട്ടെ വിദ്യാധിരാജ സ്‌കൂൾ സംഭവം. സമാന മാനസികാവസ്ഥ വെച്ചുപുലർത്തുന്ന അധ്യാപകർ എല്ലാ സ്ഥലത്തുമുണ്ടാകും. നാളുകൾ കഴിയുന്തോറും അവരുടെ എണ്ണം കൂടിവരാനേ സാധ്യതയുള്ളൂ. കാരണം അത്രക്കാണ് കേരളത്തിന്റെ  സാംസ്‌കാരിക ലോപം. മനുഷ്യനാകണം, മനുഷ്യനാകണം ... എന്ന് നാടുനീളെ പാടി നടക്കുന്നല്ലാതെ ആരും ആരെയും മനുഷ്യരാക്കുന്നില്ല. മനുഷ്യത്വം മരിച്ചുപോയ മനുഷ്യർ ഇനിയും ഫീസ് കൊടുക്കാത്ത കുട്ടികളെ നിലത്തിരുത്തി പരീക്ഷയെഴുതിക്കും. ചോദിച്ചാൽ കിട്ടുന്ന ഉത്തരം ഇതായിരിക്കും - അതിനെന്താ തിളക്കമുള്ള തറയിലല്ലേ ഇരുത്തിയതെന്ന്?...    ഇതെല്ലാം കണ്ടും കേട്ടും പഴയ പരസ്യ വാചകത്തിൽ ചോദിക്കുന്നത് പോലെ എല്ലാവർക്കും പരസ്പരം ചോദിക്കാം- എങ്ങനെയുണ്ടെന്റെ സ്‌കിന്ന്. 

Latest News