റിയാദ് -റൂട്ട് മാറ്റി യുദ്ധ മേഖലയിലൂടെ പറന്ന് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയ റെഡ് ക്രോസ് വിമാനം നജ്‌റാനിൽ നിർബന്ധിച്ച് ഇറക്കിയതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. സൻആ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന് ജിബൂത്തി ലക്ഷ്യമാക്കി നീങ്ങിയ വിമാനം ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് സഞ്ചാരപഥം മാറ്റിയത്. സഖ്യസേനയുടെ നിർദേശങ്ങളുമായി വിമാന ജീവനക്കാർ പ്രതികരിച്ചില്ല. സംഘർഷ മേഖലയിൽ നിന്ന് വിമാനത്തെ അകറ്റിനിർത്തുന്നതിന് നിർദേശങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് നജ്‌റാൻ കിംഗ് അബ്ദുല്ല എയർപോർട്ടിൽ വിമാനം ഇറക്കാൻ നിർദേശം നൽകിയത്. ഉച്ചക്ക് 2.16 ന് വിമാനം നജ്‌റാനിൽ ഇറങ്ങി.
വ്യോമയാന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് വിമാന ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായത്. വ്യോമമേഖലയുടെ സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും വിമാന ജീവനക്കാർ അപകടത്തിലാക്കി. വിമാനത്തിൽ നാലു യാത്രക്കാരാണുണ്ടായിരുന്നത്. വ്യോമമേഖലയുടെ സുരക്ഷയും വിമാന ജീവനക്കാരുടെയും ജീവകാരുണ്യ മേഖലിയൽ പ്രവർത്തിക്കുന്ന യാത്രക്കാരുടെയും സുരക്ഷയും മുൻനിർത്തിയാണ് വിമാനം നജ്‌റാനിൽ ഇറക്കിയതെന്നും സഖ്യസേനാ വക്താവ് അറിയിച്ചു.