കുഞ്ഞിനെ കിണറ്റിലെറിഞ്ഞത് നടക്കാത്തതിനാലെന്ന് അറസ്റ്റിലായ മാതാവ്

കാസര്‍കോട്- പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന മാതാവ് അറസ്റ്റില്‍. എരിയാല്‍ വെള്ളീര്‍ ബിലാല്‍ നഗറിലെ അഹ്മദിന്റെ ഭാര്യ നസീമയെ (35) ആണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ജൂലൈ 18 ന് വൈകിട്ട് മൂന്നു മണിയോടെയാണ് നസീമ ഒന്നര വയസുള്ള കുഞ്ഞ് ഷംനയെ വീടിനോട് ചേര്‍ന്നുള്ള വയലിലെ ആള്‍മറയില്ലാത്ത കിണറ്റിലെറിഞ്ഞു കൊന്നത്.
302-ാം വകുപ്പ് (കൊലപാതകം) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കുഞ്ഞിന്റെ വയറ്റില്‍ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ടൗണ്‍ എസ്.ഐ പി.അജിത്കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ചോദ്യം ചെയ്തപ്പോള്‍ മാതാവ് കുറ്റം സമ്മതിക്കുകയായിരുന്നു.
ഒന്നര വയസായിട്ടും കുഞ്ഞ് നടക്കാത്തതിനാല്‍ എടുത്തു കൊണ്ടുപോകാന്‍ പ്രയാസമുള്ളതിനാലാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. ഷംനയുടെ ഇരട്ടയായ മറ്റൊരു കുഞ്ഞ് നേരത്തെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവര്‍ മാനസികാസ്വാസ്ഥ്യത്തിന് പരിയാരം മെഡിക്കല്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ധന്റെ കീഴില്‍ ചികിത്സയിലായിരുന്നു.
സംഭവത്തിന് ശേഷം തന്റെ മറ്റൊരു കുഞ്ഞിനേയും എടുത്ത് സ്ഥലംവിട്ട ഉമ്മയെയും കുഞ്ഞിനേയും പിന്നീട് കണ്ടെത്തുകയായിരുന്നു. യുവതി കുഞ്ഞിനെ കിണറില്‍ എറിഞ്ഞ ശേഷം മുങ്ങിയെന്ന് അന്നു തന്നെ നാട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. എരിയാല്‍ ബ്ലാര്‍ക്കോഡ് വെള്ളീരിലെ അഹമ്മദ്-നസീമ ദമ്പതികളുടെ മകള്‍ ഷംനയാണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഷംന അബദ്ധത്തില്‍ കിണറ്റില്‍ വീണുവെന്നാണ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ യുവതി പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീടാണ് സത്യം വെളിപ്പെടുത്തിയത്.

 

Latest News