അബുദാബി/കോഴിക്കോട്- തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മലയാളികളടക്കം നിരവധി അധ്യാപകര്‍ക്ക് യു.എ.ഇയില്‍ തൊഴില്‍ നഷ്ടമാകുന്നു. വിവിധ സര്‍വകലാശാലകളില്‍ നിന്ന് പ്രൈവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസം എന്നീ മാര്‍ഗത്തിലൂടെ ബിരുദം നേടിയവരാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പ്രതിസന്ധി നേരിടുന്നത്. ഇപ്രകാരം ജോലി നഷ്ടപ്പെടുന്നവരില്‍ ഭൂരിപക്ഷവും മലയാളികളാണ്.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസം വഴി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യു.എ.ഇയില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. റഗുലര്‍ കോഴ്‌സുകള്‍ വഴി പഠിച്ചവര്‍ക്കു മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. റഗുലര്‍ വിദ്യാര്‍ഥികളുടെ അതേ സിലബസ് പഠിച്ചവരായിട്ടും പ്രൈവറ്റ് വിഭാഗത്തിനു തുല്യത നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സര്‍ട്ടിഫിക്കറ്റിലെ മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് ഡിസ്റ്റന്‍സ് എന്നോ പ്രൈവറ്റ് എന്നോ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. റഗുലര്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ഇന്റേണല്‍, എക്‌സ്‌റ്റേണല്‍ എന്ന രീതിയില്‍ മാര്‍ക്ക് രേഖപ്പെടുത്തിയവര്‍ക്കും തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കടമ്പകളേറെയുണ്ട്.
നേരത്തെ സ്വകാര്യ കോേളജുകളില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ യു.എ.ഇയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് റഗുലര്‍ പദവി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയാല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് അധ്യാപകര്‍ പറയുന്നത്. ഏതെങ്കിലും ഒരു സര്‍വകലാശാല ആ സര്‍വകലാശാലയുടെ അതേ നിലവാരത്തിലുള്ള ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും തുല്യമായ ബിരുദമാണെന്ന് അംഗീകരിക്കുന്ന രേഖയാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് എന്ന ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ്.
മലബാര്‍ മേഖലയില്‍നിന്ന് യു.എ.ഇയില്‍ എത്തിയവരാണ് ഏറെ പ്രതിസന്ധിയിലായത്. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ കുറവായ മലബാറില്‍ പാരലല്‍ കോളേജിലും മറ്റും പഠിച്ച് ആയിരങ്ങളാണ് ബിരുദവും ബിരുദാനന്തര കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ കോളേജിലെ കുട്ടികള്‍ക്ക് നല്‍കുന്ന സമാന സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ക്കും നല്‍കിയിരുന്നത്. പ്രൈവറ്റ്, ഡിസ്റ്റന്‍സ് എന്നിങ്ങനെയുള്ള വേര്‍തിരിവ് രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താല്‍ പ്രൈവറ്റ് കോളേജുകളില്‍ പഠനം നടത്തിയവരോടുള്ള വേര്‍തിരിവും ഉണ്ടായിരുന്നില്ല.
സര്‍ട്ടിഫിക്കറ്റ് തുല്യത ലഭിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന മറുപടിയാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കുന്നത്. കേരളത്തിലെ സമന്വയ അറബിക് കോളേജുകളില്‍ പഠിച്ചിറങ്ങിയവര്‍ക്കും ഈ പ്രശ്‌നം മൂലം യു.ഇ.ഇയില്‍ അധ്യാപക ജോലി ചെയ്യാന്‍ കഴിയുന്നില്ല. നിലവില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്ക് അവിടെ തുടരണമെങ്കില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതു ലഭിക്കാത്ത പക്ഷം യു.എ.ഇ സ്‌കൂള്‍ അധികൃതര്‍ വിസ പുതുക്കി നല്‍കില്ല. തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ഇപ്പോള്‍ തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. വിസ പുതുക്കാത്തവരെ ജോലിക്കു വെച്ചാല്‍ വിദ്യാഭ്യാസ മന്ത്രാലയം, സ്‌കൂളിന് വലിയ തുക പിഴ ചുമത്തും. ദുബായ്, അബുദാബി എന്നിവ ഒഴികെയുള്ള എമിറേറ്റുകളില്‍ ഇതു നടപ്പിലാക്കി കഴിഞ്ഞു. നിലവില്‍ വിദ്യാഭ്യാസ മേഖലയില്‍ ആരംഭിച്ച ഈ നടപടി വൈകാതെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. കൂടാതെ മറ്റു ജി.സി.സി രാജ്യങ്ങളിലും നിയമം വ്യാപിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ ജോലി ചെയ്യുന്ന ചില മലയാളി അധ്യാപകര്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീറുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍വകലാശാലക്ക് ഒന്നും ചെയ്യാനാകില്ലെന്നും യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനും സര്‍ക്കാരുമാണ് നടപടി സ്വീകരിക്കേണ്ടതെന്നുമാണ് ബഷീര്‍ അറിയിച്ചത്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, മന്ത്രി കെ.ടി ജലീല്‍ എന്നിവരെയും നോര്‍ക്ക അതോറിറ്റിയേയും അധ്യാപക പ്രതിനിധികള്‍ കണ്ടു. നിലവില്‍ കോഴ്‌സ് പൂര്‍ത്തിയായവരുടെ സര്‍ട്ടിഫിക്കറ്റിനു തുല്യത നല്‍കാന്‍ യു.എ.ഇയുമായി നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ട് കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്തുക മാത്രമേ വഴിയുള്ളൂ. ഭാവിയില്‍ മോഡ് ഓഫ് സ്റ്റഡിയില്‍ റഗുലര്‍ എന്ന് രേഖപ്പെടുത്തുകയും വേണ്ടിവരും.






