കാത്തിരിപ്പിനും നിയമക്കുരുക്കിനും വിട; ആന്റണി ആല്‍ബര്‍ട്ട് ഒടുവില്‍ ജന്മദേശത്തെ മണ്ണോട് ചേര്‍ന്നു

ആന്റണി ആല്‍ബര്‍ട്ടിന്റെ മൃതദേഹത്തിനരികില്‍ ബന്ധുക്കള്‍

ദമാം-രണ്ടു മാസം മുമ്പ് ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ച ആന്റണി ആല്‍ബര്‍ട്ടിന്റെ മൃതദേഹം സ്വദേശമായ കൊല്ലം മാങ്ങാട് ഇടവക പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. രാവിലെ ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഉച്ചയോടെയാണ് സ്വന്തം നാട്ടില്‍ എത്തിച്ചത്.
രണ്ടു മാസം മുമ്പ് മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വൈകുന്നത് സംബന്ധിച്ച് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ചില നിയമക്കുരുക്കുകളില്‍ പെട്ടതാണ് കാലതാമസത്തിന് ഇടയാക്കിയത്. സാമൂഹ്യ പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് മൃതദേഹം നാട്ടിലേക്കയച്ചത്. ഈ വിഷയത്തില്‍ ആദ്യം മുതല്‍ ഇടപെട്ട നവോദയ രക്ഷാധികാരി പ്രദീപ് കൊട്ടിയം, സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.

http://malayalamnewsdaily.com/sites/default/files/2018/07/24/p3antonyalbert.jpg
കേരള സംസ്ഥാന പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും നവോദയ മുഖ്യ രക്ഷാധികാരിയുമായ ജോര്‍ജ് വര്‍ഗീസ്, തിരുവനന്തപുരം പ്രവാസി ബാങ്ക് പ്രസിഡണ്ടും മുന്‍ നവോദയ അംഗവുമായ സജീവ് തൈക്കാട്, ആന്റണിയുടെ ബന്ധു ജോണ്‍, റെജി തുടങ്ങി നവോദയ പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി.
കഴിഞ്ഞ പത്ത് ദിവസമായി പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് ആന്റണി ആല്‍ബര്‍ട്ടിന്റെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് സൗജന്യമായി ലഭ്യമാക്കിയിരുന്നു. വിദേശത്തു നിന്നും അസുഖ ബാധിതരായോ മരണപ്പെട്ടവരുടെ മൃതദേഹങ്ങളോ കൊണ്ടുവരുമ്പോള്‍ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും ആശുപത്രിയിലേക്കോ സ്വന്തം വീട്ടിലേക്കോ സൗജന്യമായി എത്തിക്കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്നാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  
നവോദയ പ്രവര്‍ത്തകരും പ്രവാസി സംഘം പ്രതിനിധികളും ആന്റണിയുടെ വീട്ടിലും മാങ്ങാട് ഹോളി ക്രോസ് ദേവാലയത്തിലും പരേതന് അന്തിമോപചാരമര്‍പ്പിക്കുവാനും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുവാനും എത്തിയിരുന്നു.

 

 

 

 

Latest News