ഒരു രാജ്യത്തിന് ഐശ്വര്യമുണ്ടാകണമെങ്കിൽ അത് നാഗരികമായിരിക്കണം. നാഗരികമാകണമെങ്കിൽ അവിടെ ബഹുസ്വരത നിലനിൽക്കണം. ബഹുസ്വര സമൂഹമായാൽ പോരാ, അവർ പരസ്പരം പങ്കുവെക്കലുകളിൽ ഏർപ്പെടണം. ഊടും പാവും പോലെ സാംസ്‌കാരിക കൊള്ളക്കൊടുക്കലുകൾ നിമിത്തമായി പുതിയ സാംസ്‌കാരികത രൂപപ്പെടണം. അത്തരമൊരു നൈരന്തര്യമാർന്ന പ്രക്രിയ നിരങ്കുശം വളർന്ന് മുന്നേറുന്ന അവസ്ഥാന്തരമാണ് സ്വർഗീയാവസ്ഥ. സ്വർഗീയാവസ്ഥ കളിയാടുന്ന ഇടത്തിൽ ജാതിമത ദ്വേഷമില്ലാതെ സോദരത്വേന വാഴുവാൻ കഴിയും. അത്തരമൊരു സാധ്യതയുടെ തലമാണ് ഓണം മലയാളിക്ക് സമ്മാനിക്കുന്നത്.
സംസ്‌കാര വൈവിധ്യങ്ങളുടെ ഇഴപിരിക്കാനാവാത്ത ആഘോഷഛായയാണ് ഇന്ത്യയെന്ന സാധ്യതയെ ഒരു ആധുനിക രാഷ്ട്രമാക്കി തലയെടുപ്പോടെ നിലനിൽക്കാൻ പ്രാപ്തമാക്കിയത്. ഇന്ത്യ ഭൂമുഖത്തുണ്ടാകില്ലെന്ന് മൂന്നുനാലു പതിറ്റാണ്ടിനപ്പുറം പലരും പ്രവചിച്ചു. അക്കൂട്ടരിൽ പ്രധാനിയായിരുന്നു ബ്രിട്ടീഷ്-ഇന്ത്യ സൈന്യത്തിന്റെ അവസാന കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ജനറൽ ക്ലാഡ് ആച്ചിൻലേക്. എന്നാൽ നാം അതിജീവിച്ചു. അതിന് പ്രധാന കാരണം ഇന്ത്യയുടെ നാഗരികതയിൽ അലിഞ്ഞുചേർന്ന സാംസ്‌കാരിക ബഹുസ്വരതയാണ്; നാനാത്വത്തിലെ ഏകത്വമാണ്.
കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. ഒപ്പം തന്നെ സാംസ്‌കാരികോത്സവവും. ഘടനയിലും ഉള്ളടക്കത്തിലും ഐശ്വര്യത്തിന്റെയും സമന്വയത്തിന്റെയും ജാതി-മത സൗഹൃദത്തിന്റെയും പര്യായമാണ് ഓണം. തീഷ്ണമായ മഴയും കാറ്റും കോളും പ്രകൃതിയിൽ തിമിർത്താടുന്ന കർക്കിടകത്തിന്റെ പട്ടിണി പരിവട്ടത്തിൽനിന്ന് മോചിതമായി ആശ്വാസത്തിന്റെ പൊൻപുലരി പിറക്കുന്നതിന്റെ പ്രതീകമാണ് ഓണം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകൾക്കാണ് ചിങ്ങമാസത്തിലെ അത്തം മുതൽ തുടക്കമാവുന്നത്. അത്തം പത്തിനാണ് തിരുവോണം. ചതയം നാൾ വരെ ഉത്സവങ്ങൾ നീണ്ടുനിൽക്കും. ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഋതുക്കളിൽ ശരത്കാലം, ശ്രാവണ മാസം എന്നൊക്കെ അറിയപ്പെടും.
ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്ന വ്യാഖ്യാനങ്ങളുമുണ്ട്. പണ്ടുകാലത്ത് കേരളം തമിഴ്നാടിന്റെ ഭാഗമായിരുന്നു. കേരളം അടക്കിവാണ പാണ്ട്യ, ചേര, ചോള സാമ്രാജ്യങ്ങളൊക്കെ അവിടെനിന്നും വന്നവരായിരുന്നു. തെന്നിന്ത്യ, തമിഴകം എന്നൊക്കെ വിളിക്കപ്പെടുന്നതിനകത്താണ് ഈ മലയാള നാടും ഉൾപ്പെട്ടിരുന്നത്. ബി.സി മുന്നൂറുകളിൽ രചിക്കപ്പെട്ട സംഘകാല കൃതിയായ 'മധുരൈകാഞ്ചി'യിലാണ് ഓണത്തെക്കുറിച്ചുളളതെന്ന് പറയാവുന്ന ആദ്യപരാമർശങ്ങൾ കാണുന്നത്.
തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. ക്രി.വ. നാലാം ശതകത്തിൽ കേരള രാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ഥരാജാവാണ് എന്ന് അലഹബാദ് ലിഖിതങ്ങളിൽ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നാണ് ലിഖിതങ്ങളിലുള്ളത്.
അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വെച്ചാവാം. 'ഇന്ദ്രവിഴാ' എന്ന് മാങ്കുടി തുരനാരുടെ കൃതിയിൽ കാണാം. ഇന്ദ്രന്റെ വിജയം. അഥവാ, അസുരനും ഭൂമിയിലെ രാജാവുമായ മഹാബലിക്കുമേൽ ദേവലോകത്തിന്റെ അഭ്യർത്ഥന മാനിച്ച് ദേവേന്ദ്രനായ വിഷ്ണുവിന്റെ വിജയം.
എന്നാൽ സമുദ്ര മാർഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ മന്ഥരാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരുന്ന കുട്ടനാട് (മാവേലിക്കര) ആയിരുന്നിരിക്കാമെന്ന് മറ്റു ചിലർ വാദിക്കുന്നു. മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നും നിഗമനമുണ്ടല്ലോ.
കർക്കടക മാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന വിദേശ വ്യാപാര കപ്പലുകൾ പണ്ട് കേരള തീരത്തേക്ക് അടുത്തിരുന്നത്. (അതിലധികവും അറബികളുടേതും പേർഷ്യക്കാരുടേതുമാകും). കാറും പടലും തീർന്ന് മഴ മാറി വാണിജ്യം പുനരാരംഭിക്കുന്നത് ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ്. വ്യാപാരികൾ സ്വർണവുമായി വരുന്ന കാലമായതിനാലാവാം പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നൊക്കെ പേര് വന്നിട്ടുണ്ടാവുക.
മഴക്കാലത്തെ ദുരിതാവസ്ഥയും മഹാബലിയുടെ ദാരുണ അന്ത്യവും കൂട്ടിവായിക്കേണ്ടതാണ്. വിശ്വകർമ-ഈഴവ-പുലയരാദിയായ ബൗദ്ധർ ഈ കാലത്ത് ധ്യാനത്തിൽ മുഴുകി ബലിയെ അനുസ്മരിച്ചു കാണുന്നുണ്ട്. സിദ്ധാർത്ഥ രാജകുമാരൻ ഗൗതമ ബുദ്ധന് ബോധോദയം ലഭിച്ച് ശ്രവണപഥത്തിലേക്ക് പ്രവേശിച്ചത് തിരുവോണ നാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. അതിനാലാവാം ശ്രാവണ മാസം എന്ന് ചിങ്ങത്തിന് പേരു വന്നത്.
ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശ്രമണ പദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത്. അത് ബുദ്ധധർമത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതിവരുന്നു. ശ്രാവണം ലോപിച്ചാണ് ഓണം എന്ന പദം ഉണ്ടായതെന്നും ഐതിഹ്യമുണ്ട്.
മലബാർ മാന്വലിന്റെ കർത്താവ് വില്യം ലോഗന്റെ അഭിപ്രായത്തിൽ എ.ഡി 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓർമക്കായി ഭാസ്‌കര രവിവർമയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കർത്താവ് കൃഷ്ണപിഷാരടി, എ.ഡി 620 നും 670 നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു. പത്താം നൂറ്റാണ്ടിൽ എഴുതപ്പെട്ട ശിലാലിഖിതങ്ങളിൽ ഇങ്ങനെ പറയുന്നു. 'ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾ ഇവിടുത്തെ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹായിക്കുന്നുണ്ട്'.
തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാൾ രാമവർമ കുലശേഖര എന്ന രാജാവ് മതം മാറാൻ മക്കയിലേക്ക് പോയപ്പോൾ രാജ്യം ആശ്രിതർക്കായി വീതിച്ചുനൽകി. എന്നാൽ തിരിച്ചുള്ള യാത്രയിൽ വഴിമധ്യേ ഒമാനിലെ സലാലയിൽവെച്ച് അദ്ദേഹം മരിച്ചുവെന്നും ചരിത്രം. അവസാനത്തെ കേരള രാജാവായ അദ്ദേഹം എല്ലാ വർഷവും തിരുവിഴാ നാളിൽ പ്രജകളെ കാണാൻ തിരിച്ചുവരുമെന്നൊരൈതിഹ്യവും നിലനിൽക്കുന്നു. ആ ഓർമക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്. ഇത് സംഭവിച്ചത് ഏഴാം നൂറ്റാണ്ടിലാണ്.
പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബി സഞ്ചാരി അൽ ബറൂണിയും 1154 ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159 ൽ ഫ്രഞ്ച് സഞ്ചാരി ബെഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്. 1200 ൽ കേരളം സന്ദർശിച്ച അസീറിയക്കാരൻ പിനോർ ജോൺ തന്റെ കൃതിയായ 'ഓർരകളിൽ' എഴുതുന്നു: 'ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളിൽ കഴിയുന്നത്. പല കളികളും കാണിച്ച് അവർ ആഹ്ളാദം പങ്കിടുന്നു.'
ഓണം ആരുടേതാണെന്ന ചോദ്യത്തിന് എല്ലാവരുടേതുമാണെന്ന ഉത്തരമാണ് ലഭിക്കുക. പുരാതന തമിഴകത്തിന്റെ പൊതുവായ ഉത്സവം, രാഷ്ട്രീയ വിജയത്തിന്റെ ഉത്സവം, ദേവലോകവും ഭൂമിയും സൗഹൃദ മത്സരം നടന്നതിന്റെ ഉത്സവം, കാർഷിക-കച്ചവട-ജീവിതോപാധിയുമായി ബന്ധപ്പെട്ട ഉത്സവം, ബുദ്ധമതക്കാരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഉത്സവം, അറേബ്യയുമായി രണ്ട് രീതികളിൽ അവകാശപ്പെടാവുന്ന ഉത്സവം, സ്ത്രീസാന്നിധ്യം ഉറപ്പിക്കുന്ന ഉത്സവം (ഹിരണ്യാക്ഷ, ഹിരണ്യ കശിപു, മഹാബലി എന്നിവർ ദൈത്യാ വംശ പരമ്പരയിൽ നിന്നുള്ള ലോകം അടക്കിവാണ രാജാക്കന്മാരാണ്. കശ്യപന്റെ ഭാര്യ ദിതിയിൽനിന്നാണ് ദൈത്യാ വംശം ഉണ്ടാകുന്നത്.)
ഒരു രാജ്യത്തിന് ഐശ്വര്യമുണ്ടാകണമെങ്കിൽ അത് നാഗരികമായിരിക്കണം. നാഗരികമാകണമെങ്കിൽ അവിടെ ബഹുസ്വരത നിലനിൽക്കണം. ബഹുസ്വര സമൂഹമായാൽ പോരാ, അവർ പരസ്പരം പങ്കുവെക്കലുകളിൽ ഏർപ്പെടണം. ഊടും പാവും പോലെ സാംസ്‌കാരിക കൊള്ളക്കൊടുക്കലുകൾ നിമിത്തമായി പുതിയ സാംസ്‌കാരികത രൂപപ്പെടണം. അത്തരമൊരു നൈരന്തര്യമാർന്ന പ്രക്രിയ നിരങ്കുശം വളർന്ന് മുന്നേറുന്ന അവസ്ഥാന്തരമാണ് സ്വർഗീയാവസ്ഥ. സ്വർഗീയാവസ്ഥ കളിയാടുന്ന ഇടത്തിൽ ജാതിമത ദ്വേഷമില്ലാതെ സോദരത്വേന വാഴുവാൻ കഴിയും. അത്തരമൊരു സാധ്യതയുടെ തലമാണ് ഓണം മലയാളിക്ക് സമ്മാനിക്കുന്നത്.






