സൗദി പ്രൊഫഷണൽ ലീഗിനെ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ ആദ്യം പുഛത്തോടെയും പിന്നീട് കൗതുകത്തോടെയും ഒടുവിൽ അമ്പരപ്പോടെയും യൂറോപ്പ് വീക്ഷിച്ചു.
ഫുട്‌ബോളിൽ കച്ചവട സാധ്യത കണ്ടെത്തിയ കാലം മുതൽ മുതലാളിക്കുപ്പായം അണിഞ്ഞിരുന്ന യൂറോപ്പിനെ ഞെട്ടിക്കുന്ന കാഴ്ചകളാണ് സൗദി അറേബ്യയിൽ അരങ്ങേറുന്നത്. ലാറ്റിനമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമൊക്കെ പ്രതിഭാധനരായ താരങ്ങളെ കണ്ടെത്തി, അവരെ കൊണ്ടും കൊടുത്തും പണപ്പെട്ടി നിറച്ച ശീലമാണ് യൂറോപിലെ മുൻനിര ക്ലബ്ബുകൾക്ക്. ആ ശീലങ്ങളുടെ മുഖത്ത് അടിയേറ്റ പോലെയാണ് ഇപ്പോൾ. ലോക ഫുട്‌ബോൾ ഭൂപടത്തിൽ സൗദി അറേബ്യ ശ്രദ്ധിക്കപ്പെട്ടത് ഖത്തർ ലോകകപ്പിൽ ലിയണൽ മെസ്സിയുടെ അർജന്റീനയെ തറപറ്റിച്ചപ്പോഴാണ്. അതിനു ശേഷം സൗദി പ്രൊഫഷണൽ ലീഗിനെ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ ആദ്യം പുഛത്തോടെയും പിന്നീട് കൗതുകത്തോടെയും ഒടുവിൽ അമ്പരപ്പോടെയും യൂറോപ്പ് വീക്ഷിച്ചു. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്നസറിലേക്കുള്ള വരവായിരുന്നു തുടക്കം. ഈ കൂടുമാറ്റത്തെ യൂറോപ്പിലെ ഫുട്‌ബോൾ പണ്ഡിതന്മാർ പരിഹസിച്ചു. പിന്നാലെ പല പ്രമുഖരും എത്തി. റൊണാൾഡോയുടെ ഇഷ്ട പരിശീലകരിൽ ഒരാളായ പോർച്ചുഗീസുകാരൻ ലൂയിസ് കാസ്‌ട്രോ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി വന്നു. കൂടാതെ ഇന്റർമിലാനിൽ നിന്ന് ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാഴ്‌സെലോ ബ്രോസവിച്ച്, മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് ബ്രസീലിയൻ പ്രതിരോധ നിരയിലെ കരുത്തൻ അലക്‌സ് ടെല്ലസ്, ബയേൺ മ്യൂണിക്കിൽ നിന്ന് സെനഗാൽ സ്‌ട്രൈക്കർ സാദിയോ മാനെ, ഐവറികോസ്റ്റിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ സീകോ ഫൊഫാന, പോർട്ടോയുടെ പോർച്ചുഗൽ അറ്റാക്കിങ് മിഡ്ഫീൽഡർ ഒട്ടാവിയോ എന്നീ സൂപ്പർ താരങ്ങളെ അന്നസ്ർ സ്വന്തമാക്കി.
അതിന്റെ സ്വാധീനം അന്നസ്‌റിൽ ഒതുങ്ങിയില്ല. ജിദ്ദയിലെ പ്രമുഖ ക്ലബ്ബായ അൽഇത്തിഹാദ് ഫ്രാൻസിന്റെയും ചെൽസിയുടെയും മധ്യനിരയുടെ എൻജിൻ എന്നറിയപ്പെടുന്ന എൻഗോളോ കാന്റെയെ റെക്കോർഡ് തുകക്ക് റാഞ്ചി. പിന്നാലെ ബാലൻഡോർ ജേതാവ് കരീം ബെൻസീമ, ലിവർപൂളിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ ഫാബിഞ്ഞോ, പോർച്ചുഗലിന്റെ സെൽറ്റിക് വിംഗർ ജോട്ട തുടങ്ങിയവരും ഇത്തിഹാദിലെത്തി. ജിദ്ദയിലെ നഗരവൈരികളായ അൽഅഹ്‌ലിയും അടങ്ങിയിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ സൂപ്പർ താരം റിയാദ് മെഹ്‌റാസും സെനഗാലിന്റെയും ചെൽസിയുടെയും ഗോളി എഡ്വേഡ് മെൻഡി, ലിവർപൂളിൽ നിന്ന് ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോ, ന്യൂകാസിലിൽ നിന്ന് അലൻ സെയ്ന്റ് മാക്‌സിമിൻ, ബാഴ്‌സലോണയുടെ ഐവറികോസ്റ്റ് താരം ഫ്രാങ്ക് കെസ്സി എന്നിവരും അൽഅഹ്‌ലിയിലെത്തി. റൊണാൾഡോക്കെതിരെ അണിനിരത്താൻ മെസ്സിക്കും കരീം ബെൻസീമക്കുമായി ഹിലാൽ ശ്രമിച്ചെങ്കിലും അത് നടക്കാതെ പോയി. പകരം പി.എസ്.ജിയിൽ നിന്ന് ബ്രസീൽ സൂപ്പർ താരം നെയ്മാറിനെ സ്വന്തമാക്കി അവർ വാർത്ത സൃഷ്ടിച്ചു.
സെനഗാലിന്റെ ഖാലിദു കൂലിബാലി, പോർച്ചുഗലിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ റൂബൻ നെവസ്, സെർബിയയുടെ മിലിങ്കോവിച്ച് സാവിച്, സെനിത് സെയ്ന്റ്പീറ്റേഴ്‌സ്ബർഗിന്റെ ബ്രസീൽ താരം മാൽക്കം, മൊറോക്കോയുടെയും സെവിയ്യയുടെയും ഗോളി യാസീൻ ബൂനു തുടങ്ങിയ താരങ്ങളെ ടീമിലെത്തിച്ചാണ് ഹിലാൽ പോരിനിറങ്ങുന്നത്.
സൗദി ക്ലബ്ബുകളുടെ പണക്കരുത്ത് യൂറോപ്യൻ ഫുട്‌ബോൾ വിപണിയെ ഉലച്ചിട്ടുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ്പ് ഗാർഡിയോളയുടെ വാക്കുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രൊഫഷണൽ ഫുട്‌ബോളിൽ മികവിന്റെ അവസാന വാക്ക് യൂറോപ്പാണെന്ന ധാരണക്ക് മങ്ങലേറ്റു തുടങ്ങിയിട്ടുണ്ടെന്നതാണ് സൗദി ഫുട്‌ബോൾ തെളിയിക്കുന്നത്.