ക്രിസ്റ്റിയാനൊ റൊണാൾഡോയും നെയ്മാറും കരീം ബെൻസീമയും റിയാദ് മഹ്‌റേസും റോബർടൊ ഫിർമിനോയുമൊക്കെ അണിനിരക്കുമ്പോൾ സൗദി ഫുട്‌ബോൾ ലീഗിനെ ലോകം ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വാർത്തകൾ ഇത്ര പൊടുന്നനെ പടർന്നു പ്രചരിക്കാത്ത കാലത്ത് തന്നെ സൗദി ഫുട്‌ബോളിലേക്ക് പ്രമുഖ താരങ്ങൾ എത്തിയിരുന്നു. ബ്രസീൽ താരത്തെ ആയിരങ്ങൾ കാത്തിരുന്നുവെന്നും വിമാനമിറങ്ങിയ ഉടനെ റോൾസ് റോയ്‌സ് കാറുമായി സ്വീകരിച്ചുവെന്നും രാജകുടുംബാംഗങ്ങൾ അത്താഴി വിരുന്ന് നൽകിയെന്നുമൊക്കെ കേൾക്കുമ്പോൾ നെയ്മാറാണെന്ന് തെറ്റിദ്ധരിച്ചേക്കാം. പക്ഷേ ഇത് 1978 ലെ കഥയാണ്. 1970 ലെ ലോകകപ്പിൽ പെലെക്കൊപ്പം കളിച്ച റിവെലിനോയെ അൽഹിലാൽ സ്വീകരിച്ചത് ഇങ്ങനെയായിരുന്നു. നെയ്മാർ സൗദിയിലേക്ക് വരുന്നതിന് 45 വർഷം മുമ്പ്. അന്നത്തെ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ഇങ്ങനെയായിരുന്നു: 'പുതിയ മെഴ്‌സിഡസ് ബെൻസ് കാറിനു പുറമെ മാസം 10,000 ഡോളറാണ് പ്രതിഫലം. ഖാലിദ് അൽസൗദ് രാജകുമാരന്റെ കൊട്ടാരങ്ങളിലൊന്നിലായിരിക്കും റിവെലിനോയുടെ താമസം'. റിവെലിനൊ മാത്രമല്ല, ഇതിഹാസ കോച്ച് മാരിയൊ സഗാലൊ, റോബർടൊ ഡൊണഡോണി, ഹ്രിസ്‌റ്റൊ സ്‌റ്റോയ്ച്‌കോവ് തുടങ്ങിയവരും സൗദി ലീഗിലേക്ക് എത്തിയിരുന്നു. 1970 കളിലും ഇതുപോലെ പ്രമുഖ കളിക്കാരെ കൊണ്ടുവരാൻ ശ്രമം നടന്നിരുന്നുവെന്ന് അൽറിയാദ് പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് സാലിഹ് അൽഖാലിഫ് പറയുന്നു. 1978 ലെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച തുനീഷ്യയിലെ നിരവധി പ്രമുഖ കളിക്കാർ അന്ന് കരാറൊപ്പിട്ടിരുന്നു. പക്ഷേ ആ പരീക്ഷണം വിജയിച്ചില്ല. കാരണം അത് ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു നടന്നത്. സർക്കാർ പിന്തുണയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴത്തേത് അഭൂതപൂർവമാണ്. ഈ ട്രാൻസ്ഫർ ജാലകത്തിൽ സൗദി ക്ലബ്ബുകൾ ചെലവിട്ടത് 83 കോടി ഡോളറാണ്. കളിക്കാരുടെ പ്രതിഫലം കൂടാതെയാണ് ഇത്. വലിയ മുന്നറിയിപ്പില്ലാതെ ഒരു രാജ്യം ഇത്ര മാത്രം തുക ഫുട്‌ബോളിലേക്ക് ഒഴുക്കുന്നത് ഇതാദ്യമാണ്. ഇത് വെറും ഫുട്‌ബോളിന്റെ കഥയല്ല. ഈ രാജ്യം ഏതു ദിശയിലേക്കാണ് മുന്നേറേണ്ടത് എന്ന പദ്ധതിയുടെ ഭാഗമാണ് ഫുട്‌ബോളിൽ കാണുന്ന മാറ്റങ്ങളെന്ന് സൗദി പ്രൊ ലീഗ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ കാർലൊ നോറ പറയുന്നു. ജനങ്ങൾക്ക് ഗുണനിലവാരമുള്ള ആസ്വാദനത്തിന് അവസരമൊരുക്കുകയാണ് മറ്റൊരു ലക്ഷ്യമെന്ന് അറബ് ന്യൂസ് സ്‌പോർട്‌സ് എഡിറ്റർ അലി ഖാലിദ് അഭിപ്രായപ്പെട്ടു. സ്‌പോർട്‌സിനെ പ്രചോദനത്തിനും ഇടപെടലുകൾക്കും ആസ്വാദനത്തിനുമുള്ള വേദിയാക്കുകയാണ് ലക്ഷ്യമെന്ന് നോറയും ചൂണ്ടിക്കാട്ടുന്നു.