മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എം.എം.എ) സൗദി അറേബ്യയിൽ അത്ര ജനപ്രിയമല്ലാത്ത കായിക ഇനമാണ്. പക്ഷേ അബ്ദുല്ല ഖഹ്താനി എല്ലാം തിരുത്തിക്കുറിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന പോരാട്ടത്തിൽ അബ്ദുല്ല ജയിച്ചതോടെ എം.എം.എ അതിവേഗം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ന്യൂയോർക്കിലെ മാഡിസൻ സ്‌ക്വയർ ഗാർഡനിൽ നടന്ന പോരാട്ടത്തിൽ ഡേവിഡ് സിൽനറെയാണ് അബ്ദുല്ല തോൽപിച്ചത്. റിയാദിലെ താരതമ്യേന ലളിതമായ സാഹചര്യങ്ങളിലാണ് അബ്ദുല്ല പരിശീലനം നടത്തുന്നത്. തിരക്കേറിയ ജിംനേഷ്യത്തിൽ അബ്ദുല്ലയും ട്രയ്‌നിംഗ് കൂട്ടാളിയും പരിശീലനം നടത്തുന്നത് മറ്റുള്ളവർ ശ്രദ്ധിക്കുക പോലുമില്ല. എന്നാൽ ന്യൂയോർക്കിലെ മാഡിസൻ സ്‌ക്വയർ ഗാർഡനിലെ തിളങ്ങുന്ന വിളക്കുകൾക്കു കീഴെ സൗദി മെയ്യഭ്യാസത്തിന്റെ വിളംബരമാണ് അബ്ദുല്ലയും കൂട്ടരും നടത്തിയത്. ബോക്‌സിംഗ് മുതൽ ജൂഡോയും മുവായ്തായിയും വരെയുള്ള മെയ്യഭ്യാസങ്ങളുൾപ്പെടുത്തിയ മല്ലയുദ്ധമാണ് എം.എം.എ. 2014 ൽ സൗദിയിൽ ഡെസേട് ഫോഴ്‌സ് ടൂർണമെന്റ് സംഘടിപ്പിച്ചതോടെയാണ് കായികപ്രേമികൾ ഈ കായിക ഇനം ശ്രദ്ധിച്ചു തുടങ്ങിയത്. വൈകാതെ ദേശീയ എം.എം.എ ഫൗണ്ടേഷൻ രൂപീകൃതമാവുകയും മത്സരങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുകയും ചെയ്തു.
അബ്ദുല്ല ഖഹ്താനിയും സഹ എം.എം.എ പോരാളി മുസ്തഫ റാഷിദ് നിദയും ജിദ്ദ സ്വദേശികളാണ്. പ്രൊഫഷനൽ ഫൈറ്റേഴ്‌സ് ലീഗിന്റെ പ്ലേഓഫിന്റെ ഭാഗമായി ഇരുവരും ന്യൂയോർക്കിൽ മത്സരത്തിനിറങ്ങി. സൗദി അറേബ്യയിൽ എം.എം.എ അതിവേഗം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രൊഫഷനൽ ഫൈറ്റേഴ്‌സ് ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് പീറ്റർ മറെ പറഞ്ഞു. അബ്ദുല്ല എം.എം.എയിൽ അറിയപ്പെടുന്നത് റീപ്പർ എന്നാണ്. കുട്ടിക്കാലത്തെ മൊറോക്കൊ ജീവിതത്തിനിടയിലാണ് അബ്ദുല്ല എം.എം.എയിൽ തൽപരനായത്. 2010 ൽ സൗദിയിൽ തിരിച്ചെത്തുമ്പോൾ ഈ കായിക ഇനത്തെ അവിടെ അധികമാർക്കും അറിയില്ലായിരുന്നു. 2016 വരെ പരിശീലനത്തിന് പറ്റിയ ഒരു ക്ലബ്ബ് പോലും കണ്ടെത്താനായില്ല. മുസ്തഫ റാഷിദ് നിദ എം.എം.എയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത് യുട്യൂബിൽ നിന്നാണ്. മറ്റു സൗദി യുവാക്കളെ പഠിപ്പിച്ചാണ് മുസ്തഫ ഈ കളിയിൽ മികവ് കാട്ടിയത്. സ്വന്തമായി ക്ലബ്ബ് തുടങ്ങുകയും ചെയ്തു. അൾടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിന് സൗദി സോവറിൻ വെൽത്ത് ഫണ്ടിൽ നിന്ന് 40 കോടി ഡോളർ സ്‌പോൺസർഷിപ് ലഭിച്ചത് സൗദിയിൽ ഈ കളിയുടെ വളർച്ചക്ക് ഉത്തേജനം പകർന്നു.