കാർ മുതൽ റെയ്‌സിംഗ് വരെ വേഗമുള്ളതെന്തോ അതിലെല്ലാം തൽപരനാണ് പത്തൊമ്പതുകാരൻ എറിയോൺ നൈറ്റൺ. കാറുകളിലും ഓട്ട മത്സരങ്ങളിലുമുള്ള തന്റെ അതീവ താൽപര്യത്തെ കരിയറിൽ ഉയരങ്ങൾ താണ്ടാനുള്ള ഉത്തേജകമാക്കുകയാണ് അമേരിക്കക്കാരൻ. താനൊരു കറുത്ത മക്ലാരൻ സൂപ്പർ കാറിനെ പോലെയാണെന്നാണ് നൈറ്റൺ പറയുന്നത്. പാരിസ് ഒളിംപിക്‌സിൽ 100 മീറ്റർ മത്സരത്തിൽ സ്ഥാനം നേടുകയാണ് ഇപ്പോൾ നൈറ്റന്റെ ലക്ഷ്യം.
ചെറുപ്രായത്തിൽ തന്നെ ഉസൈൻ ബോൾടുമായി താരതമ്യം ചെയ്യപ്പെടുത്തപ്പെടുന്നുണ്ട് ഈ അത്‌ലറ്റ്. നൈറ്റന് അതിൽ സന്തോഷമേയുള്ളൂ. പക്ഷേ അമേരിക്കൻ ടീമിലെ നൂഹ് ലൈൽസാണ് നൈറ്റന്റെ ഇഷ്ടതാരം. കഴിഞ്ഞ രണ്ടു ലോക മീറ്റിലും 200 മീറ്റർ ചാമ്പ്യനായ ലൈൽസ് ഈ ലോക മീറ്റിൽ 100 മീറ്ററിൽ ഒന്നാമതെത്തിക്കഴിഞ്ഞു.
ഈ പ്രായത്തിൽ ഉസൈൻ ബോൾടിനു പോലും സാധിക്കാതിരുന്ന വേഗത്തിലാണ് ഇപ്പോൾ നൈറ്റൺ ഓടുന്നത്. ഈ മുൻ അമേരിക്കൻ ഫുട്‌ബോൾ താരത്തിന്റെ പേരിലാണ് അണ്ടർ-20 200 മീറ്ററിലെ ആദ്യത്തെ 11 മികച്ച സമയങ്ങൾ. 2022 ഏപ്രിലിൽ 19.49 സെക്കന്റിലാണ് നൈറ്റൺ പറന്നത്. ഈ പ്രായത്തിൽ ബോൾടിന് പരമാവധി സാധിച്ചത് 19.93 സെക്കന്റ് മാത്രം. പക്ഷേ പിന്നീട് ബോൾട് ഏറെ മെച്ചപ്പെടുകയും ഇപ്പോൾ നിലവിലുള്ള 19.19 സെക്കന്റിന്റെ ലോക റെക്കോർഡ് 2009 ൽ ബെർലിനിൽ സ്ഥാപിക്കുകയും ചെയ്തു. ആ റെക്കോർഡിലാണ് ലൈൽസിന്റെയും നൈറ്റന്റെയും കണ്ണ്.
താൻ ആ റെക്കോർഡ് തകർത്തിട്ടില്ലെങ്കിൽ മറ്റാരെങ്കിലും തകർക്കുമെന്ന് നൈറ്റന് അറിയാം. ബോൾടിനെ ഇതുവരെ മുഖാമുഖം നൈറ്റൺ കണ്ടിട്ടില്ല.
കഴിഞ്ഞ ലോക മീറ്റിന്റെ 200 മീറ്ററിൽ ലൈൽസിനും കെന്നി ബെദ്‌നാരെക്കിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു നൈറ്റൺ. ആ അതിവേഗ മത്സരത്തിൽ മൈക്കിൾ ജോൺസന്റെ 19.31 സെക്കന്റിന്റെ അമേരിക്കൻ റെക്കോർഡ് ലൈൽസ് തകർത്തിരുന്നു. ലൈൽസുമായി മത്സരിച്ച ഒമ്പത് അവസരങ്ങളിൽ ഏഴിലും നൈറ്റന് തോൽവിയായിരുന്നു. മൈക്ക് ഹോളോവെയുടെ കീഴിലാണ് നൈറ്റൺ കഴിവ് മെച്ചപ്പെടുത്തുന്നത്. മൈക്കിന്റെ മകൻ ഗ്രാന്റ് ഹോളോവേയാണ് ഈ ലോക ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹർഡിൽസ് ചാമ്പ്യൻ.