ഇതിലും നല്ലൊരു പേര് ഈ കുഞ്ഞിന് നല്‍കാന്‍ ആര്‍ക്കും കഴിയില്ല, ഒറ്റ ദിവസം കൊണ്ട് പേരിലൂടെ അവന്‍ ചരിത്രം സൃഷ്ടിച്ചു

തിരുവനന്തപുരം - ഇന്ത്യയുടെ അഭിമാനം ലോകത്തില്‍ നെറുകയില്‍ എത്തിച്ചു കൊണ്ട് ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയും ചെസ് ലോക കപ്പില്‍ ഇന്ത്യയുടെ പ്രഗ്നാനന്ദ ചരിത്രമായി മാറുകയും ചെയ്ത ദിവസമാണ് പൊക്കിള്‍കൊടി പോലും വേര്‍പിരിയാതെ നാലു ദിവസം മാത്രമായ ആണ്‍കുട്ടി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിലെത്തിയത്. ആരോ ഉപേക്ഷിച്ച് പോയ പുതിയ അതിഥിയെ സംസ്ഥാന ശിശുക്ഷേമ സമിതി ആഹ്‌ളാദത്തോടാണ് സ്വീകരിച്ചത്.  ഇന്ത്യയുടെ അഭിമാനം ഉയര്‍ന്നു പൊങ്ങിയ രണ്ട് ചരിത്രനിമിഷങ്ങള്‍ക്കിടയില്‍ ലഭിച്ച കുഞ്ഞിന് അവര്‍  'പ്രഗ്യാന്‍ ചന്ദ്ര' എന്ന് പേരിട്ടു.ചന്ദ്രയാന്‍ 3-ന്റെ ഭാഗമായ റോവറിന്റെ ഓര്‍മ്മയ്ക്കായും ചെസ് താരം പ്രഗ്‌നാനന്ദയോടുള്ള ആദരവിന്റെ സൂചനയായുമാണ് കുഞ്ഞിന് ഈ പേര് നല്‍കിയത്. ഇതിലും നല്ലൊരു പേര് അവന് കിട്ടാനില്ല. ആ കുഞ്ഞിനെ ഇല്ലതാക്കാന്‍ തുനിയാതെ  അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചവര്‍ക്ക്  നന്ദി പറഞ്ഞുകൊണ്ട് ശിശുക്ഷേമ സമിതിയെ അമ്മമാരുടെ പരിചരണത്തില്‍ ഇപ്പോള്‍ അവന്‍ സനാഥനായി വളരുകയാണ്. 

 

Latest News