ഗുരുഗ്രാം- ഹരിയാനയിലെ നുഹ് ജില്ലയിൽ ജൂലൈ 31നുണ്ടായ വർഗീയ കലാപത്തിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടാൻ നുഹിലെ ഒരു ഗ്രാമത്തിൽ റെയ്ഡ് നടത്തുന്നതിനിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം.ഇർഷാദ് എന്ന പ്രതിയെ പിടികൂടാൻ പോയ സമയത്താണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സിങ്ഗർ ഗ്രാമത്തിലാണ് ക്രൈംബ്രാഞ്ച് പുൻഹാന യൂണിറ്റ് സംഘം ആക്രമിക്കപ്പെട്ടത്.
ബസ് സ്റ്റാൻഡിൽ നിന്ന് ഇർഷാദിനെ പിടികൂടിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ക്രൈംബ്രാഞ്ച് സംഘവുമായി വാക്കേറ്റമുണ്ടാക്കുകയും ഇർഷാദുമായി ഗ്രാമത്തിലേക്ക് രക്ഷപ്പെടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഗ്രാമത്തിൽ ഒരു കൂട്ടം സ്ത്രീകൾ തങ്ങളെ കല്ലുകൊണ്ട് ആക്രമിച്ചുവെന്ന് പോലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ വിനീത്, കോൺസ്റ്റബിൾ അമർ സിംഗ് എന്നിവരുൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അക്രമികളെ പിരിച്ചുവിടാൻ പോലീസിന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു.
ഇതുവരെ അഞ്ച് സ്ത്രീകളടക്കം എട്ട് പേരെ അറസ്റ്റ് ചെയ്ത പോലീസ് 15 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇർഷാദ് ഒളിവിലാണ്.
അതിനിടെ, ഓഗസ്റ്റ് 28 ന് ബ്രജ്മണ്ഡൽ യാത്ര പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ ഹിന്ദു ഗ്രൂപ്പുകൾ ഉറച്ചുനിൽക്കുന്നതിനാൽ, ശനിയാഴ്ച മുതൽ ഓഗസ്റ്റ് 29 വരെ നുഹിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കും. ജില്ലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്ന് ഡിസി ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു.

	
	




