മയക്കുമരുന്നുകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തി ഖത്തർ

ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുല്ല അൽ ഖാതർ വാർത്താ സമ്മേളനത്തിൽ.

ദോഹ- മയക്കുമരുന്നുകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്താൻ നടപടികളാരംഭിച്ച് ഖത്തർ. കർശന നിരീക്ഷണവും കടുത്ത ശിക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അറിഞ്ഞോ അറിയാതെയോ മയക്കുമരുന്ന് കാരിയർമാരാകുന്ന പ്രവാസികൾക്കു കൂടിയുള്ള മുന്നറിയിപ്പാണിത്.
കടുത്ത ശിക്ഷയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റിലെ സ്റ്റഡീസ് ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുല്ല അൽ ഖാതർ പറഞ്ഞു. ഖത്തറിൽ എല്ലാ തരത്തിലും മയക്കുമരുന്നുകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അൽ റയ്യാൻ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിൽ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ദേശീയ, അന്തർദേശീയ സ്ഥാപനങ്ങൾ തമ്മിൽ സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''രാജ്യത്ത് എല്ലാം നിയന്ത്രണത്തിലാണ്. ഖത്തറിൽ മരുന്ന് ഉൽപാദനമോ കൃഷിയോ ഇല്ല'' -അദ്ദേഹം വിശദീകരിച്ചു.
മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി പ്രത്യേക ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 'മയക്കുമരുന്നിന്റെ ഭീഷണികളും ദൂഷ്യഫലങ്ങളും നേരിടാൻ അധികാരികളുടെ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി മയക്കുമരുന്ന് പിടിച്ചെടുക്കലിന്റെ വീഡിയോകൾ പതിവായി പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Latest News