ദോഹ- ചന്ദ്രയാൻ-3 ന്റെ വിജയാഘോഷത്തിനിടയിലും മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന അക്രമ സംഭവങ്ങൾ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. അക്രമത്തിന്റെ ഭാഗമായി നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒട്ടനവധി പേർക്ക് മാനഹാനിയും സാമ്പത്തിക നഷ്ടവും
സംഭവിച്ചു.
ഹരിയാനയിലും മണിപ്പൂരിലും നൂറുകണക്കിന് ആളുകളുടെ വീടുകളും കെട്ടിടങ്ങളുമാണ് ഇടിച്ചു നിരത്തിയത്. ഇത്തരം സംഭവങ്ങൾ രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും മാനവ സൗഹൃദത്തിനും വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നതാണെന്നും പ്രവാസി കോഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഐ.സി.ഡബ്ല്യു.എഫ് ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം പാർലമെന്റിൽ നൽകിയ കണക്കനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കോടിക്കണക്കിന് രൂപയാണ് ഈ ഫണ്ടിൽ കെട്ടിക്കിടക്കുന്നത്.
പ്രവാസി സമൂഹത്തിൽ ഇത്തരം ഫണ്ടുകളുടെ ഫലവത്തായ വിനിയോഗം ഉറപ്പു വരുത്താനും കര്യക്ഷമമായി ഉപയോഗപ്പെടുത്താനുമുള്ള നടപടികൾ കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും പ്രവാസി കോഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കടവ് റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ ചെയർമാൻ അഡ്വ.നിസാർ കോച്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മശ്ഹൂദ് വി.സി സ്വാഗതവും കോഡിനേറ്റർ ജോപ്പച്ചൻ തെക്കെക്കുറ്റ് നന്ദിയും പറഞ്ഞു.
ഡോ.അബ്ദുൽ സമദ്, കെ.സി അബ്ദുല്ലത്തീഫ്, ഖലീൽ എ.പി, സമീൽ അബ്ദുൽ വാഹിദ് ചാലിയം, സാദിഖ് ചെന്നാടൻ, ഷാജി ഫ്രാൻസിസ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുജീബ് റഹ് മാൻ എ.കെ, ശ്രീജിത്ത് നായർ, മുഹമ്മദ് റാഫി, മുഹമ്മദ് ശബീർ, പ്രദോഷ് കുമാർ, സകരിയ മാണിയൂർ, ഫസലു സാദത്ത്, ഡോ.ബഷീർ പുത്തൂപാടം, സഫീറുസ്സലാം.പി, മുനീർ സലഫി, ഫൈസൽ കെ.ടി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.






