Sorry, you need to enable JavaScript to visit this website.

ശുകപുരം: മേളപ്പെരുക്കത്തിന്റെ ശുദ്ധഗരിമ

കേരളത്തിലെ പ്രശസ്തരായ വാദ്യകലാകാരൻമാരിൽ ഒരാളായ കോങ്ങാട് ചെറായയിൽ താമസിക്കുന്ന ശുകപുരം രാധാകൃഷ്ണൻ പതികാലവും കൂറും ഇടകാലവുമായി പത്തു മിനിറ്റ് കൊണ്ട് തായമ്പക അവതരിപ്പിച്ചും ശ്രദ്ധേയനായിരിക്കുകയാണ്. ചുറ്റ് ഉപയോഗിക്കാതെ തായമ്പക കൊട്ടുന്ന, നിമിഷ തായമ്പക കൊണ്ടും ശ്രദ്ധേയനായ, മുൻ കൃഷി ഓഫീസറും ഒരു നാടിന്റെ വാദ്യസൗഭാഗ്യവുമായ ശുകപുരം രാധാകൃഷ്ണന്റെ കലാ ജീവിതത്തിൽ നിന്നും ഒരേട് എന്ന നിലയിൽ 'വാദ്യോണം'എന്ന പേരിൽ ഇറങ്ങിയ ഡോക്യുമെന്ററി ശുകപുരത്തിന്റെ കലാജീവിതത്തിലേക്ക് തുറന്നിട്ട സചേതനമായ ജാലകമാണ്.
കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അജിത്ത്, മാതൃഭൂമി കോങ്ങാട് ലേഖകൻ അജിത് കുമാർ, ആര്യങ്കാട് ക്ഷേത്രത്തിലെ കുട്ടികൃഷ്ണൻ നായർ, ശിഷ്യരായ അഭിഷേക്, സായി, വിശാൽ, വിനയ് തുടങ്ങിയവരും നാടിന്റെ അഭിമാനമായ ശുകപുരം രാധാകൃഷ്ണനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ  സംസാരിക്കുന്നുണ്ട്. പുഞ്ചിരി ക്രിയേഷൻസ് പുറത്തിറക്കിയ വീഡിയോയിൽ  കൊട്ടിന്റെ തുടക്കം, കൃഷി ഉദ്യോഗം, വാദ്യപരിശീലനം, പുരസ്‌കാരങ്ങൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളും ചർച്ച ചെയ്യുന്നു.
തൃത്താലയും മലമക്കാവും പല്ലശ്ശനയും പല്ലാവൂരും ആലിപ്പറമ്പും പൂക്കാട്ടിരിയും വെറും ശാലീന ഗ്രാമങ്ങൾ മാത്രമല്ല, അവ മഹിമയുള്ളതാകുന്നത് കലാകുലപതികളുടെ ജന്മസ്ഥലികൾ എന്ന നിലക്കുമാണ്. ശുകപുരം എന്ന ദേശവും തായമ്പക ഗ്രാമമെന്ന പേരിൽ പ്രസിദ്ധമാണ്.


എല്ലാ ദിവസവും തായമ്പക നടക്കുന്ന കുളങ്ങര ഭഗവതി ക്ഷേത്രവും ദക്ഷിണാമൂർത്തി ക്ഷേത്രവും ഉൾപ്പെടുന്ന സ്ഥലം എന്ന നിലയിലും തായമ്പകക്കാരാൽ സമ്പന്നം എന്ന നിലയിലും ശുകപുരം പ്രസക്തവും പ്രസിദ്ധവുമാണ്. തായമ്പകയുടെ കുലീന ശൈലി രൂപപ്പെട്ട മലമക്കാവിൽ നിന്ന് അഞ്ച് നാഴിക ദൂരമേയുള്ളൂ ശുകപുരത്തേക്ക്. കൊട്ടിലെ ഘനശബ്ദം ഈ ഗ്രാമത്തിന് പകരംവെക്കാനില്ലാത്ത ഒന്നാണ്. ക്ഷേത്ര വാദ്യങ്ങളെയും വാദ്യകലാ സംഘാടകരെയും അണിനിരത്തി വാദ്യകൈരളിയും പഞ്ചമഹാ തായമ്പകയും ശുകപുരത്തിന്റെ പ്രതിഭയുടെ താളപ്പെരുക്കമാണ്.
സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യങ്ങളായ ദിലീപ്, പ്രശാന്ത് പള്ളിപ്പാട്, സൗമേഷ്, ആകാശകൃഷ്ണ തുടങ്ങി ധാരാളം ശിഷ്യൻമാരുണ്ട്, ശുകപുരത്തിന്. കോങ്ങാട് ഗവൺമെന്റ് യു.പി സ്‌കൂളിൽ മേളം അഭ്യസിപ്പിക്കുന്നു. സംസ്ഥാനതലം വരെയുള്ള തായമ്പക മത്സരങ്ങളിലെല്ലാം വിധി കർത്താവായിട്ടുണ്ട്. 
ആഴ്വാഞ്ചേരി തമ്പ്രാക്കൾ, ആർട്ടിസ്റ്റ് നമ്പൂതിരി, സൂര്യകാലടി ഭട്ടതിരിപ്പാട്, മഹാകവി അക്കിത്തം തുടങ്ങിയവരിൽ നിന്ന് കീർത്തി നേടിയിട്ടുള്ള ശുകപുരം രാധാകൃഷ്ണൻ കുട്ടികൾക്ക് തായമ്പകയിൽ പരമാവധി പരിശീലനം നൽകി  മുന്നോട്ടു നയിക്കുന്നു. ചാനൽ ഷോകളിലും കലോത്സവ വേദികളിലും തിളങ്ങിയ പ്രതിഭകളും ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ ഉണ്ട്.
ആസ്വാദകർക്കിടയിൽ ശുകപുരം രാധാകൃഷ്ണനുള്ള സ്ഥാനം വലുതും മഹത്വമുള്ളതുമാണ്. വ്യത്യസ്ത ആസ്വാദന ശീലമുള്ളവരെ പോലും തൃപ്തിപ്പെടുത്താനുള്ള അപാര വഴികൾ ശുകപുരത്തിന്റെ മേളപ്പെരുക്കത്തിലുണ്ട്.
അച്ഛൻ രാഘവപ്പണിക്കരുടെ ശിക്ഷണത്തിൽ പത്താം വയസ്സിലാണ് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്. വാദ്യകലയുടെ നാനാവശങ്ങൾ ലയിച്ച കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കൊട്ടുപഠനത്തിൽ അച്ഛൻ തന്നെ ഗുരുനാഥൻ. പോരൂർ ശങ്കുണ്ണി മാരാരായിരുന്നു രാഘവപ്പണിക്കരുടെ ഗുരുനാഥൻ. ഈ ഗുരുപരമ്പരയുടെ പകർച്ചയാണ് ശുകപുരത്തിന് കിട്ടിയ സൗഭാഗ്യം. 
ലാഘവത്തോടെ കലാവിദ്യകളെ സമീപിക്കുന്നവരല്ല ശുകപുരത്തിന്റെ ശിഷ്യർ. പഠിതാവിന്റെ അഭിനിവേശമാണ് മുഖ്യം. സാമ്പത്തികത്തിലൂന്നിയ പരിശീലനമില്ല. ഏതെങ്കിലും വിധത്തിൽ തീർത്തുകൊടുക്കുന്ന സമ്പ്രദായവുമില്ല. തായമ്പകയുടെ പഠനഗവേഷണ പാതയിൽ മൗലികമായിട്ടെന്തെങ്കിലും താൽപര്യം ഉള്ളവർക്കാണ് പ്രവേശനം. പല ചിട്ടകളിലൂടെ വളർന്ന് ലോകമാകമാനം പ്രചരിച്ച് ജനസമ്മതി നേടിയ കലാരൂപമാണിത്. കേവല വിനോദമോ ഉല്ലാസമോ അല്ല.
ശാന്തഗാംഭീര്യത്തിന്റെ പര്യായമാണ് മട്ടന്നൂരും ശുകപുരവും. വേഷത്തിലും ആകാരത്തിലും നല്ല സമാനത. തായമ്പക എന്ന വാദ്യകലയെ ഔന്നത്യത്തിലെത്തിക്കുന്നതിൽ സമന്വയിച്ചുള്ള കർമങ്ങൾ ഇരുവരും മുടക്കമില്ലാതെ ചെയ്തുപോരുന്നു. സ്നേഹവും വിനയവും ശുകപുരത്തിന്റെ അടയാളമായി കാണാം. സൗഹൃദങ്ങൾക്ക് മുമ്പിൽ ജാതിയും മതവും രാഷ്ട്രീയവും ഒന്നും തടസ്സമല്ല. മനുഷ്യ സാഹോദര്യമാണ് മതങ്ങളുടെ അന്തസ്സാരമെന്ന് കരുതുന്ന ഒരാൾ.
  കുറ്റിപ്പുറം തവനൂർ പൊറ്റെക്കാട്ട് ശോഭയാണ് ഭാര്യ. മകൻ: സൗമ്യേഷ് മേനോൻ (അഹല്യ ഫിൻഫോറെക്‌സ് പാലക്കാട് ഏരിയ  മാനേജർ), മകൾ യു.എസ്.എയിൽ ഗവേഷണം നടത്തുന്നു. അധ്യാപിക എന്ന നിലയിലും സംഗീതോപാസക എന്ന നിലയിലും മികവുകൾ നേടിയിട്ടുണ്ട്. സംസ്‌കൃതഭാഷ രംഗത്തെ പഠനം, പ്രോത്സാഹനം എന്ന  നിലയിലും ശ്രദ്ധേയയാണ്. അമേരിക്കയിലെ മന്ത്ര എന്ന സാംസ്‌കാരിക സംഘടനയുടെ  നേതൃത്വ പദവിയിലുണ്ട്. പേരമക്കൾ: നീരജ, താര.

Latest News