ലോകമുറങ്ങുമ്പോൾ ഉപ്പയുണരും
ആരെയും വിളിച്ചുണർത്താതെ അംഗശുദ്ധി വരുത്തി
തഹജ്ജുദ് നമസ്‌കരിക്കും
ഫ്‌ളാസ്‌കിൽ നിന്ന് മധുരമില്ലാച്ചായ
ഒന്നോ രണ്ടോ കവിൾ ആറ്റിയിറക്കും.
വെള്ളക്കുപ്പായവും മുണ്ടുമെടുത്തുടുത്ത്
അത്തറിന്റെ വിരൽക്കുപ്പിയൊന്ന് നെഞ്ചിലുരസി
ഉമ്മയെ വിളിച്ചുണർത്തും.
''നിസ്‌കരിച്ചിട്ട് കിടന്നോളി'
ഞാനുണ്ടെങ്കിൽ എന്നെയും തോണ്ടിവിളിക്കും
''മോളേ, തഹജ്ജുദ് സമയമായി''.
കണ്ണ് പാതി തുറന്ന് കൈതട്ടി തിരിഞ്ഞു കിടന്നാലും
വീണ്ടും വിളിക്കും, നിസ്‌കരിച്ചിട്ടുറങ്ങ് കുഞ്ഞേ...
സൈക്കിളുരുട്ടി റോഡിലേക്കിറങ്ങുമ്പോൾ
കൂവാൻ സമയമായെന്നുറപ്പിച്ച്
അടുത്ത വീട്ടിലെ പൂവൻ തല നീട്ടും.
എണ്ണയിട്ട കാൽച്ചക്ര വേഗങ്ങൾ
വഴീലെ ഇരുട്ടിനെ മുറിച്ച് പായും.
അസ്തമയ ദിക്കിലെത്തിയ അമ്പിളിക്കല
താഴോട്ട് കണ്ണയയ്ക്കും
''ഇങ്ങളെങ്ങോട്ട് മൂപ്പിലേ ഇത്ര പുലർച്ചെ..? '
ഉപ്പ മേലോട്ട് നോക്കി ഒരു ചിരി പകുത്തുകൊടുക്കും
നക്ഷത്രങ്ങൾ അതേറ്റെടുത്ത് മിന്നിത്തിളങ്ങും.
വിളിക്കാതെ വരുന്ന മഴയെത്തും
പേടിപ്പെടുത്തുന്ന മിന്നൽവെളിച്ചത്തിലും
പള്ളീടെ ഗേറ്റ് ഒച്ചയില്ലാതെ തുറക്കും
വെള്ളത്തൊട്ടികൾ നിറയ്ക്കും
നിസ്‌കാര മുസല്ലകൾ പൊടിതട്ടി വിരിക്കും
നെറ്റിത്തടത്തിൽ പൊടിഞ്ഞ വിയർപ്പ് തുടച്ച്
അണപ്പാറ്റി, നിഷ്ഠയോടെ ബാങ്ക് വിളിക്കും.
അഞ്ച് നേരവും ഉപ്പാടെ ഘടികാരം കൃത്യമായിരുന്നു
വെയില് പൊള്ളുന്ന നട്ടുച്ചയ്ക്കും
ഉഷ്ണക്കാറ്റിന്റെ പനികുറയുന്ന പോക്കുവെയിലിലും
സ്ഥിരമായി പോകുന്ന വഴിയരികിൽ ചിലർ
''നിങ്ങളീ പ്രായത്തിലും സൈക്കിൾ ചവിട്ടുന്നല്ലോ''യെന്ന്
മൂക്കത്ത് വിരൽ പതിക്കും
''കണ്ണിൽ ചുണ്ണാമ്പെന്ന്'' ഉപ്പ അടക്കം പറയും
നാവുളുക്കാതെ വാക്ക് പഠിപ്പിച്ച്,
പച്ചീർക്കിൽത്തുമ്പിൽ അനുസരണയെ കെട്ടിയിട്ട്
നാലു പെൺകുഞ്ഞുങ്ങൾക്ക് ചിറക് തുന്നിക്കൊടുത്ത
ആ മെയ്ക്കരുത്തുണ്ടോ അവരറിയുന്നു.
ഈച്ചേടേം പൂച്ചേടേം ഭാഷയറിയുന്ന ഉപ്പ,
മനുഷ്യർക്ക് ഒരിക്കലും വലിപ്പച്ചെറുപ്പം നൽകിയില്ല
വെളുപ്പിന് വേസ്റ്റെടുക്കാൻ വരുന്ന സുമതിയോടും
വാർഡ് മെംബർ ഷീല ജോസിനോടും
കൗൺസിലർ ബൈജുവിനോടും ഉപ്പാക്ക് ഒരേ കുശലം പറച്ചിൽ.
പെണ്മക്കളോടൊത്ത് ആടിയും പാടിയും
പെൺപിണക്കങ്ങളെ ചിരികൊണ്ട് സന്ധി ചെയ്തും
പ്രകാശത്തിനു മേൽ പ്രകാശമായി ജീവിതം.
എന്നിട്ടും കൊഴുത്ത വേദന കടിച്ചിറക്കി
എത്ര മിടിപ്പുകൾ കാത്തുകിടന്നു
ഒടുവിൽ എല്ലാ കിതപ്പുകളും അഴിച്ചുവെച്ച്
വെളുപ്പണിഞ്ഞ് അത്തറ് പുരട്ടി പള്ളിക്കാട്ടിലേക്ക്
''ഇനിയാരെങ്കിലും കാണാൻ ബാക്കിയുണ്ടോ'' യെന്ന് ചോദിച്ച്
മുഖത്തേക്ക് കഫൻ തുണി വലിച്ചിടുമ്പോഴും
ഉപ്പ അവസാനമായ് ചുണ്ടിലൊരു ചിരി ബാക്കിവെച്ചിരുന്നു.
ഉമ്മറത്തെ കൂട്ടവർത്തമാനങ്ങളില്ലാതെ,
ഉപ്പയെന്ന ഒറ്റവാക്കിന്റെ തണലില്ലാതെ
ശൂന്യതയുടെ മാളികമുറ്റത്തിരുന്ന് ഉയിരിന്റെ കടങ്ങളെണ്ണി
സങ്കടങ്ങളുടെ കൊത്തങ്കല്ലാടുകയാണ് ഞങ്ങളിപ്പോഴും.