പഴമകൾ പറഞ്ഞും പരിചയം പുതുക്കിയും മധുരമുള്ള കാറ്റിന്റെ രുചി നുകർന്നുമാണ് സുമ ടീച്ചറുടെ 'കുട്ടികൾ' ഒത്തുകൂടിയത്. കുട്ടിക്കാലത്തെ കൗതുകങ്ങൾ പങ്കുവെച്ച് വീണ്ടും ഒത്തുചേർന്നപ്പോൾ നവോന്മേഷത്തിന് അതിരില്ലായിരുന്നു.
ധനവാന്മാരായ വീട്ടിലെ കുട്ടികൾ മാത്രമേ അന്ന് വാച്ച് കെട്ടിയിരുന്നുള്ളൂ. വാച്ച് ഒരു അലങ്കാരവും ആഡംബരവുമായിരുന്ന കാലം. ഒരിക്കൽ ക്ലാസിലെ വാച്ച് കെട്ടിയ ഒരു കുട്ടിയെ കണ്ടപ്പോൾ ഒരിക്കലെങ്കിലും ആ വാച്ചൊന്നു കെട്ടാൻ സഹപാഠിയായ കുട്ടിക്ക് അതിയായ മോഹം. വാച്ചിന്റെ ഉടമസ്ഥൻ സമ്മതിച്ചില്ല. ആഗ്രഹം നിയന്ത്രിക്കാനാവാതെ അവനത് മോഷ്ടിച്ച് കീശയിലിട്ടു. ആരും കാണാതെ ഒരിക്കൽ മാത്രം കൈയിലൊന്ന് കെട്ടാൻ വേണ്ടി മാത്രം. വാച്ച് നഷ്ടപ്പെട്ട കുട്ടി കരഞ്ഞുകൊണ്ട് അധ്യാപകന്റെ അടുത്തെത്തി. അധ്യാപകൻ എല്ലാ കുട്ടികളെയും നിരനിരയായി നിർത്തി. വാച്ച് മോഷ്ടിച്ചവൻ ഉള്ളഴിഞ്ഞ്്് പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപാണ്.
എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ. അദ്ദേഹം എല്ലാ കുട്ടികളുടെ കീശയിലും ബാഗിലും പരിശോധിച്ചു. എല്ലാവരെയും തപ്പുന്നതിന് മുമ്പ് തന്നെ 'മോഷ്ടാവി'ന്റെ കീശയിൽ നിന്ന് വാച്ച് കണ്ടെടുത്തിരുന്നു. എന്നാലും അധ്യാപകൻ തെരച്ചിൽ നിർത്തിയില്ല. ഒടുവിൽ എല്ലാവരുടെ കീശയിലും ബാഗിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയായ കുട്ടിക്ക് തിരികെ നൽകി. അവൻ സന്തോഷവാനായി. മോഷ്ടിച്ചവൻ അന്ന് ശരിക്കും യഥാർത്ഥ ഗുരുവിനെ കണ്ടു, ആ അധ്യാപകന്റെ രൂപത്തിൽ. ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല. 'പക്ഷെ ഇനി ഒരിക്കൽ പോലും മോഷ്ടിക്കില്ലെന്ന് മനസ്സ് കൊണ്ട് അവൻ പ്രതിജ്ഞയെടുത്താണ് വീട്ടിലേക്ക് മടങ്ങിയത്. ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. വർഷങ്ങൾക്ക് ശേഷം അവനും ഒരു അധ്യാപകനായി. കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അവൻ കണ്ടു. പക്ഷേ, തന്റെ ശിഷ്യനെ അയാൾക്ക് ഓർര വന്നില്ല. ഈ മോഷണക്കാര്യം അദ്ദേഹത്തെ അവൻ ഓർമിപ്പിച്ചു. സാർ, ഞാനായിരുന്നല്ലോ അന്ന് ആ വാച്ച് മോഷ്ടിച്ചത്. അങ്ങയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു, എന്റെ അഭിമാനത്തിന് മുറിവേൽപിക്കാത്തതിന്.
ഒരു പുഞ്ചിരിയോടെ അധ്യാപകൻ പറഞ്ഞു:
'ആ സമയം ഞാനും കണ്ണടച്ചാണ് എല്ലാവരുടെയും കീശയിൽ വാച്ച് തപ്പിയത്. എനിക്കറിയില്ലായിരുന്നു അത് എടുത്തത് ആരാണെന്ന്. അറിയുകയും വേണ്ടായിരുന്നു.'
എന്തൊരു മനുഷ്യൻ?
നന്മ നിറഞ്ഞ മനസ്സിനുടമ. രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരുന്ന് സന്തോഷത്തോടെ കണ്ണീർ തുടച്ച് യാത്ര പറഞ്ഞു. മാതൃകയായ അധ്യാപകന്റെ കഥ ഒത്തിരി വായിച്ചറിഞ്ഞിട്ടുണ്ടാകും നമ്മൾ, ചേർത്തു പിടിക്കാൻ കഴിയണം.
*** *** ***
നമ്മുടെ കുട്ടികളെ. എല്ലാം മറന്ന് അവരെയൊന്ന് ആശ്ലേഷിച്ചിരുന്നെങ്കിൽ മികച്ച തലമുറയെ നമുക്ക് വാർത്തെടുക്കാൻ കഴിയും. ഞാനൊരു ടീച്ചറാവുകയാണങ്കിൽ സുമ ടീച്ചറെ പോലെയാകണമെന്നാഗ്രഹിക്കാത്ത മക്കളുണ്ടാവില്ല, 47 വർഷമായി. മലപ്പുറത്തിന്റെ ഹൃദയം കവർന്ന തലമുറകളുടെ അധ്യാപിക. തിരുവനന്തപുരം മണമ്പൂരിൽ നിന്നെത്തി 1978 ഓഗസ്റ്റ് മുതൽ 2004 വരെ 25 വർഷം മക്കരപ്പറമ്പ്് ഗവ. ഹൈസ്‌കൂളിൽ അധ്യാപിക. 2004 ൽ പ്രൊമോഷനായി വണ്ടൂർ തിരുവാലി ഹൈസ്‌കൂളിലേക്ക്. പ്രധാന അധ്യാപികയായി 2006 ൽ വിരമിച്ചു. ഔദ്യോഗിക സേവനം അവസാനിച്ചിട്ടും സ്വന്തം ശിഷ്യ സമ്പത്തിനെയും ഒരു ജില്ലയുടെയും സ്‌നേഹമാധുര്യം നുകരാനായി കടലുണ്ടിപ്പുഴയുടെ താരാട്ടുപാട്ടു കേട്ടുണരുന്ന ഓർമകളുടെ തീരത്ത് സ്ഥിരതാമസമാക്കിയ സുമ ടീച്ചർ. പ്രശസ്ത കവി മണമ്പൂർ രാജൻ ബാബുവിന്റെ ജീവിത പങ്കാളി. മലയാള സാഹിത്യത്തിന് മികച്ച സംഭാവന ചെയ്ത 'ഇന്ന്' ഇൻലന്റ്്് മാസികയുടെ അണിയറ പ്രവർത്തനങ്ങളുമായി രാജൻ ബാബുവിന്റെ നിഴലായി സഞ്ചരിക്കുന്നു.
ഞങ്ങൾ ശിഷ്യഗണം ഒത്തുകൂടി കഴിഞ്ഞ ദിവസം വീണ്ടും ആ സ്‌നേഹത്തണലിൽ. മലപ്പുറത്തെ ഹൃദയത്തിലേറ്റിയസുമ ടീച്ചറുടെ വിദ്യാർഥികളായി. അതൊരനുഭവമായിരുന്നു.
1994 മുതൽ 97 കാലയളവിൽ എട്ട് സി ഡിവിഷൻ. മക്കരപ്പറമ്പ് ഗവ. ഹൈസ്‌കൂളിലെ സുമ ടീച്ചറുടെ ക്ലാസുകളിലിരുന്നവർ 26 വർഷത്തിന് ശേഷം ആദ്യമായി മലപ്പുറത്ത് ഒത്തുകൂടി. ഒരു വർഷമെങ്കിലും സുമ ടീച്ചറുടെ ക്ലാസിലിരുന്ന് ഒരുമിച്ചു പഠിച്ചവരുടെ പ്രഥമ സംഗമം. പതിറ്റാണ്ടുകൾക്ക് ശേഷം ഒത്തുകൂടിയപ്പോൾ വേറിട്ട അനുഭവവും അനുഭൂതിയുമാണ് ഓരോരുത്തരും അനുഭവിച്ചത്. സ്‌കൂൾ വിട്ട ശേഷം പല വഴികളിലൂടെ സഞ്ചരിച്ചവരുടെ കൂട്ടായ്മ.
പഴമകൾ പറഞ്ഞും പരിചയം പുതുക്കിയും മധുരമുള്ള കാറ്റിന്റെ രുചി നുകർന്നുമാണ് സുമ ടീച്ചറുടെ 'കുട്ടികൾ' ഒത്തുകൂടിയത്. കുട്ടിക്കാലത്തെ കൗതുകങ്ങൾ പങ്കുവെച്ച് വീണ്ടും ഒത്തുചേർന്നപ്പോൾ നവോന്മേഷത്തിന് അതിരില്ലായിരുന്നു.
ഇല്ലായ്മയുടെയും വല്ലായ്മയുടെയും വറുതിയുടെയും പറഞ്ഞാലും എഴുതിയാലും തീരാത്തത്ര അനുഭവങ്ങളിലൂടെയായിരുന്നല്ലോ അക്കാലത്തെ പള്ളിക്കൂട ജീവിതം. അതിനാൽ അത്രമേൽ മധുരാർദ്രമായിരുന്നു സ്‌നേഹ സംഗമവും. സ്‌നേഹ മധുരവും ഭക്ഷണവും വിളമ്പിയാണ് ഇനിയും വീണ്ടും കൂടിയിരിക്കാമെന്ന മോഹത്തോടെ അവർ പിരിഞ്ഞത്.