ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍കൂട്ട മര്‍ദനം അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ്

റാഞ്ചി- ആളുകള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ ആള്‍ക്കുട്ട കൊലപാതകങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങളും അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യത്ത് പലയിടത്തുമായി ആവര്‍ത്തിക്കുന്ന ആള്‍ക്കൂട്ട മര്‍ദനങ്ങളില്‍ ഏറ്റവുമൊടുവില്‍ രാജസ്ഥാനിലെ ആല്‍വാറില്‍ മുസ്ലിം യുവാവിനെ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കുട്ടം തല്ലിക്കൊന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ആര്‍.എസ്.എസ് നേതാവിന്റെ പ്രതികരണം. 

പശുക്കളെ സംരക്ഷിക്കണം. അവയുടെ ചാണകം സിമന്റ് ആയി ഉപയോഗിക്കുകയും വേണം. എന്നാല്‍ സംഘര്‍ഷങ്ങളും ദാരിദ്ര്യവും അവസാനിക്കും- ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ആള്‍ക്കൂട്ട മര്‍ദനത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗോ മാംസം ഭക്ഷിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ ഇതുപോലുള്ള ചെകുത്താന്‍ ചെയ്തികള്‍ നിര്‍ത്താന്‍ കഴിയും. ലോകത്ത് ഒരു മതവും ഗോവധത്തെ അംഗീകരിക്കുന്നില്ല. പശുക്കളെ കൊലപ്പെടുത്തുകയില്ല എന്നു പ്രതിജ്ഞയെടുത്താല്‍ ആള്‍കൂട്ട മര്‍ദനവും അവസാനിക്കും- അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ഇവിടെ നിയമങ്ങളുണ്ട്. സര്‍ക്കാര്‍ നടപടി എടുക്കണം. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സമൂഹത്തിനും ശരിയായ സംസ്‌കാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡ് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ കാര്യാലയം റാഞ്ചിയില്‍ ഉല്‍ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.
 

Latest News