പ്രതിഷേധം ശക്തമായി; രോഗികള്‍ക്കുള്ള സ്‌ട്രെച്ചര്‍ നിരക്ക് വര്‍ധന എയര്‍ഇന്ത്യ പിന്‍വലിച്ചു

ജിദ്ദ/ തിരുവനന്തപുരം- കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സൗകര്യമുള്ള ടിക്കറ്റിന്റെ നിരക്ക് കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വര്‍ധന പിന്‍വലിച്ചു. അയാട്ടയുടെ ഇക്കോണമി ടിക്കറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന വൈ ക്ലാസിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിക്കൊണ്ടാണ് എയര്‍ ഇന്ത്യയുടെ നടപടിയുണ്ടായത്. ഇതിനെതിരെ ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെ ഗള്‍ഫില്‍ നിന്നുള്ള നിരക്ക് വര്‍ധന എയര്‍ഇന്ത്യ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ മറ്റ് അന്താരാഷ്ട്ര സെക്ടറുകളിലും, നാഷണല്‍ സെക്ടറിലും വര്‍ധന തുടരുമെന്നാണ് അറിയുന്നത്.
നിരക്ക് കുത്തനെ വര്‍ധിപ്പിച്ച എയര്‍ ഇന്ത്യ നടപടി പിന്‍വലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.
ഭീമമായ നിരക്ക് വര്‍ധനയാണ് എയര്‍ ഇന്ത്യ അടിച്ചേല്‍പിച്ചതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. സ്‌ട്രെച്ചറില്‍ കൊണ്ടുവരുന്ന രോഗികള്‍ക്കുളള നിരക്കില്‍ മൂന്നിരട്ടിയാണ് വര്‍ധന വരുത്തിയത്. ദുബായില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 7500-10,000 ദിര്‍ഹമായിരുന്ന നിരക്ക് 25,000-30,000 ദിര്‍ഹമായി ജൂലൈ 20 മുതല്‍ വര്‍ധിപ്പിച്ചു. ദശലക്ഷക്കണക്കിന് കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. അവര്‍ക്ക് താങ്ങാനാവാത്ത വര്‍ധനയാണ് എയര്‍ ഇന്ത്യ നടപ്പാക്കിയത്. അതിനാല്‍ ഈ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയില്‍ രോഗികളെയും അപകടത്തില്‍ പെടുന്നവരെയും സ്‌ട്രെച്ചറില്‍ നാട്ടിലേക്ക് കൊണ്ടുവരുന്നത് സാധാരണമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഉയര്‍ന്ന ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയാത്ത സാധാരണക്കാരാവും കൂടുതലായി നാട്ടിലേക്ക് വരിക. ഇവരെയാണ് എയര്‍ ഇന്ത്യ കൊള്ള ചെയ്യുന്നത്. സ്‌ട്രെച്ചറില്‍ നാട്ടിലേക്ക് കൊണ്ടുവരുന്നവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിക്കുന്നതിന് പകരം അവരുടെ പണം തട്ടിയെടുക്കാനുള്ള എയര്‍ ഇന്ത്യയുടെ നീക്കത്തിനെതിരെ വിവിധ സംഘടനകളും പ്രതിഷേധിച്ചു. 
---
 

Latest News