പണ്ഡിതശ്രേണിയിലെ മാതൃകാ പ്രതിഭ

കടക്കൽ അബ്ദുൽ അസീസ് മൗലവി

കൊല്ലം ജോനകപ്പുറം വലിയപള്ളിയിലെ ഇമാം പദവിയിൽ ആറ് പതിറ്റാണ്ട് തികച്ച് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി അനുപമ വിജ്ഞാനത്തിന്റെയും നേതൃഗുണങ്ങളുടേയും വിളനിലമായ പണ്ഡിത പ്രതിഭയാണ്. ജാതിമത ഭേദമന്യേ സർവരോടും സ്‌നേഹവും പാരസ്പര്യവും നിലനിർത്തുന്നത് ജീവിത ദൗത്യമായി കണക്കാക്കുന്ന കടക്കലുസ്താദിന്റെ സമീപനം മതനേതാക്കളെ സംബന്ധിച്ച് അനുകരണീയമാണ്.

തെക്കൻ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ മത, സാമൂഹിക സാംസ്്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ അമരക്കാരിൽ പ്രമുഖനും കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറുമാണ് കടക്കൽ അബ്ദുൽ അസീസ് മൗലവി. സംഘാടന സവിശേഷതകൾ ഒത്തിണങ്ങി സർവാംഗ സമർപ്പിതനായി പൊതുരംഗത്തു നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയുടെ ജീവിച്ചിരിക്കുന്ന നേതാക്കളിൽ ഏറ്റവും കൂടുതൽ അനുഭവസമ്പത്തുള്ള ആളാണ്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയോടു ബന്ധപ്പെട്ട് തന്റേതായ കൈയൊപ്പ് ചാർത്താത്ത ഒന്നും തന്നെ ഇല്ല.  സ്തുത്യർഹമായി  പ്രവർത്തിക്കുന്ന ജാമിഅ മന്നാനിയ്യ ഇസ്‌ലാമിയ്യ എന്ന തെക്കൻ കേരളത്തിലെ പ്രൗഢഗംഭീരമായ വിദ്യഭ്യാസ സമുഛയവും അനുബന്ധ സ്ഥാപനങ്ങളും ഇന്നു കാണും വിധം മാറ്റിയെടുത്തതിന്റെ പിന്നിൽ കടക്കൽ ഉസ്താദിന്റെ പങ്ക് വിലപ്പെട്ടതും ഗണ്യവുമാണ്.

പദവികൾ ആലങ്കാരികമായി പേരിനൊപ്പം ചേർത്തുവെക്കുന്നതിനു പകരം  അത്  അർഥസമ്പൂണ്ണമാക്കേണ്ടതും അമാനത്തുമാണ് എന്ന ശ്രദ്ധേയമായ തത്വം തന്റെ ജീവിത നാൾവഴികളിൽ പ്രയോഗവൽകരിച്ച് മാതൃകാ ജീവിതം ചിട്ടപ്പെടുത്തിയ  ഇതിഹാസ പുരുഷൻ തന്നെയാണ് കടക്കൽ അബ്ദുൽ അസീസ് മൗലവി. തന്റെ വാചക ശകലങ്ങൾ പൊതുസമൂഹത്തിന് പ്രയോജനകരവും ആരുടേയും മനസിനു മുറിവേൽപ്പിക്കാത്തതുമാകണമെന്നുമുള്ള  നിർബന്ധം എല്ലായ്‌പ്പോഴും കടക്കൽ ഉസ്താദിനുണ്ട്.
അവധാനതയോടെ വിഷയങ്ങളെ സമീപിക്കുമ്പോൾ തന്നെ ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്നതിനു അദ്ദേഹത്തിന്റെ അവശതകളോ മറ്റോ ഒരിക്കൽപോലും തടസ്സമാകാറില്ല. അർപ്പണ മനോഭാവവും സഹിഷ്ണുതയും തികഞ്ഞ ക്ഷമയും തന്നെയാണ് ഒരു പൊതു പ്രവർത്തകന് അനിവാര്യമായത് എന്ന് ജീവിതം കൊണ്ടു തെളിയിച്ച മഹദ് വ്യക്തിത്വം തന്നെയാണ് അദ്ദേഹം.

ഒരു പൊതു പ്രവർത്തകൻ എങ്ങനെയാകണം എന്നത് താൻ നടന്നു നീങ്ങിയ വഴികളിലൂടെ കൃത്യമായി വായിച്ചെടുക്കാൻ കഴിയുമാറ് ചിട്ടപ്പെടുത്തിയതാണ് കടക്കലുസ്താദിന്റെ  ജീവിതം. അനുപമ സംഘാടകൻ എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ച എറ്റവും നല്ല വിശേഷണം. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പരമതനിന്ദയുടേയും തേർവാഴ്ച പ്രബുദ്ധ കേരളത്തിൽപോലും നാൾക്കുനാൾ അരങ്ങു തകർക്കുമ്പോൾ മതേതരത്വത്തിനും മാനവികതക്കും വേണ്ടി സമരമുഖത്ത് നേതൃത്വം നൽകുന്നതടക്കമുള്ള ഒട്ടനവധി വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.
താൻ പ്രതിനിധാനം ചെയ്യുന്ന ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ എന്ന സുന്നീ പ്രസ്ഥാനത്തോട്  അളവറ്റ ആത്മാർഥത പുലർത്തുമ്പോൾ തന്നെ സുന്നത്തു ജമാഅത്തിന്റെ മറ്റു സംഘടനകളോടു സമദൂരം പാലിക്കാനും അവയുടെ നേതൃനിരയെ ആദരിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു.  തന്റെ പ്രത്യയശാസ്ത്രത്തിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങി നിന്ന് മറ്റു സാമുദായിക സംഘടനകളോട് സൗന്ദര്യകരമായ അടുപ്പം  പാലിക്കാനും കഴിയുന്നു എന്നതു അദ്ദേഹത്തിൽ എടുത്തു പറയാവുന്ന പ്രത്യേകത തന്നെയാണ്. വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ മതങ്ങൾക്ക് അതീതമായി മനുഷ്യർ തമ്മിലുള്ള അകലം ഇല്ലാതാക്കി പാരസ്പര്യം കാത്തുസൂക്ഷിക്കാൻ തന്റെ ജീവിതം തന്നെ മാതൃകയാക്കി മാറ്റുന്ന ഒരു മതാചാര്യനെ കടക്കലുസ്താദിൽ നമുക്കു കാണാം. മത വൈജ്ഞാനിക മേഖലയിൽ തന്റേതായ പ്രവർത്തനമേഖല കേന്ദ്രീകരിക്കുമ്പോൾ തന്നെ ഇടതു വലതുഭേദമന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഗണ്യമായ അടുപ്പം കാത്തുസൂക്ഷിക്കുകയും മുസ്ലിം ഉമ്മത്തിന്റെ അവകാശ സംരക്ഷണത്തിനു വേണ്ടി പ്രയത്‌നിക്കുന്ന സയ്യിദന്മാർ എന്ന നിലയിൽ പാണക്കാടു കുടുംബത്തോട് അളവറ്റ ആദരവും സ്‌നേഹവുമാണ് കടക്കൽ ഉസ്താദ് നിലനിർത്തി പോരുന്നത്. സമുദായത്തിനു അവകാശപ്പെട്ടതു നേടിയെടുക്കാനാവും വിധം മുഖ്യമന്ത്രിമാർ അടക്കമുള്ള മുൻനിര നേതാക്കളിൽ വരെ സ്വാധീനം ചെലുത്താൻ കഴിയുമാറ് ഈടുറ്റ ബന്ധം അവരുമായി സ്ഥാപിക്കാനും അതു കാത്തുസൂക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 

നിറഞ്ഞ പുഞ്ചിരിയോടെ തന്നിൽനിന്നു പ്രവഹിക്കുന്ന സ്‌നേഹജ്വാല ഒരു പ്രത്യേക വിഭാഗത്തിൽ പരിമിതപ്പെടുത്താതെ മുഴുവൻ മനുഷ്യരിലേക്കും വ്യാപിപ്പിക്കുവാനും അവരെ തന്നിലേക്ക് അടുപ്പിക്കുന്ന കാന്തികവലയമായി മാറ്റാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നതായി നമുക്കു കാണാം. ജാതിമത ഭേദമന്യേ സർവരോടും സ്‌നേഹവും പാരസ്പര്യവും നിലനിർത്തുന്നത് ജീവിത ദൗത്യമായി കണക്കാക്കുന്ന കടക്കലുസ്താദിന്റെ സമീപനം മാതൃകാപരവും പ്രശംസനീയവും തന്നെയാണ്. 

കഴിഞ്ഞ തലമുറക്കു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത നിലയിൽ അരനൂറ്റാണ്ട് പ്രഭാഷണ കലകൊണ്ട് പ്രസിദ്ധനായ അദ്ദേഹം തന്റെ വാക്‌ധോരണികൾ കൊണ്ട് പ്രഭാഷണ വേദികളിൽ വിസ്മയം സൃഷ്ടിക്കുകയും എന്നാൽ സന്ദർഭത്തെ തിരിച്ചറിഞ്ഞ് അനിവാര്യമായത് മാത്രം ലളിതവും സരളവുമായ ഭാഷയിൽ തന്റെ ഭാഷണങ്ങളിൽ ഉൾപ്പെടുത്തുകയും തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിൽ ആരുടേയും ഇഷ്ടാനിഷ്ടങ്ങൾ മുഖവിലക്കെടുക്കാതിരിക്കുകയും ചെയ്യുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിക ആദർശത്തെ തന്റേതായ അവതരണ ശൈലിയിൽ അവതരിപ്പിക്കുമ്പോഴും തന്റെ വാക്കുകൾ മതമൈത്രിക്കോ മാനവതക്കോ മങ്ങലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പരമപ്രധാന പ്രവർത്തനമേഖല ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയും അനുബന്ധ സംവിധാനങ്ങളുമാണെങ്കിൽ തന്നെയും  അതിനപ്പുറത്ത് സർവ്വതല സ്പർശിയായ അദ്ദേഹം അസാധ്യമായി ഒന്നുമില്ല എന്നു ജീവിതം കൊണ്ടു തെളിയിച്ച് സമകാലീനരിൽ വിസ്മയം സൃഷ്ടിക്കുന്ന അസാധാരണ പ്രതിഭ തന്നെയാണ്. ഈടുറ്റ ഉറച്ച കാൽവെപ്പുകൾക്കും പതറാത്ത ദൃഢനിശ്ചയത്തിനും  മുന്നിൽ ഒരിക്കൽപോലും തന്റെ പ്രായമോ അവശതകളോ പ്രതിബന്ധമാകാറില്ല. 

ഒരേ പള്ളിയിൽ നീണ്ട ആറു പതിറ്റാണ്ട് ഇമാമായി സേവനമനുഷ്ഠിക്കുക എന്ന സവിശേഷത ഒരു പക്ഷെ കൊല്ലം ജോനകപ്പുറം വലിയപള്ളി ഇമാമായ കടക്കൽ ഉസ്താദിനു മാത്രമുള്ള പ്രത്യേകതയാകാം. ജോനകപ്പുറം വലിയപള്ളിയിൽ കാലങ്ങളായി നടന്നു വന്നിരുന്ന പാരമ്പര്യ ഇമാം എന്ന വ്യവസ്ഥക്കു മാറ്റം വരുത്തി പ്രാപ്തനും പക്വമതിയുമാകണം മഹല്ല് ഇമാം എന്ന കാഴ്ചപ്പാടിൽ പൗരപ്രമുഖരും മഹല്ലു നിവാസികളും ചേർന്ന് 1962 ൽ കണ്ടെത്തിയ വ്യക്തിത്വമായിരുന്നു കടക്കൽ അബ്ദുൽ അസീസ് മൗലവി. പൊതുസമ്മതനും പ്രായത്തിൽ കവിഞ്ഞ പക്വതയും കുട്ടിക്കാലം മുതൽക്കേ പ്രഭാഷണ രംഗത്തു പതിപ്പിച്ച വ്യക്തിമുദ്രയും തികഞ്ഞ വിനയവും ലാളിത്യവും ഒക്കെ തന്നെയായിരുന്നു 23 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർഥിയായ അബ്ദുൽ അസീസ് മൗലവിയെ ഇത്ര വലിയ പദവിയിലേക്ക് അവരോധിക്കുവാൻ അവർ കണ്ടെത്തിയ യോഗ്യതകൾ. തലമുറകൾ പലതു മാറി വന്നിട്ടും അവരുടെയെല്ലാം ഗുരുവും മാർഗദർശിയുമായി ഇന്നും അദ്ദേഹം ജോനകപ്പുറം വലിയപള്ളിയിൽ തന്നെ സർവ്വസമ്മതനായി  സേവനമനുഷ്ഠിച്ചു വരുന്നു.

കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ദക്ഷിണ കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി, ജാമിഅ മന്നാനിച്ച ഇസ്ലാമിയ്യ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി, പാങ്ങോട് മന്നാനിയ്യ ആർട്‌സ് ആൻറ് സയൻസ് കോളജ് മാനേജർ, ഹജ് കമ്മിറ്റിയംഗം എന്നീ  സ്ഥാനങ്ങൾ നിലവിൽ വഹിച്ചു വരുന്നു. വഖഫ് ബോർഡ് മുൻ അംഗം, പാലോളി കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

കൊല്ലം ജില്ലയിലെ കടക്കൽ പുതുക്കോടിനടുത്ത മാങ്കോട് എന്ന ഗ്രാമത്തിൽ മർഹൂം കൊച്ചലി ലബ്ബ - ഹാജിറ ബീവി ദമ്പതികളുടെ പന്ത്രണ്ടു മക്കളിൽ അഞ്ചാമനായി 1939 ൽ ജനിച്ച അദ്ദേഹം പ്രാഥമിക പഠനം നടത്തിയത് കുമ്മിൾ ഗവൺമെന്റ് ഹൈസ്‌കൂളിലായിരുന്നു. അടിസ്ഥാനപരമായി അറബ് വംശജനും യമനിലെ ഹദറമൗത്ത് എന്ന സ്ഥലത്തു നിന്നും ദീനീ പ്രബോധന ദൗത്യവുമായി കേരളത്തിൽ വന്നവരുടെ പിൻതലമുറക്കാരൻ എന്ന നിലയിലും മതപഠനമേഖലയിലേക്കു തന്നെ തിരിയാനായിരുന്നു തന്റേയും കുടുംബത്തിന്റേയും ആഗ്രഹം. കർമ്മശാസ്ത്രത്തിലും തസവ്വുഫിലും അഗാധ പാണ്ഡിത്യം നേടിയ മാതൃസഹോദരൻ  അൽഹാജ് പി.എച്ച് മുഹമ്മദ് മുസ്തഫ മൗലവിയുടെ പ്രേരണയും മതപഠന രംഗത്തേക്കു തിരിയുവാൻ മുഖ്യ കാരണമായി. വളവുപച്ച സിറാജുൽ ഇസ്ലാം അറബിക് കോളജിൽ മുസ്തഫ ഇബ്രാഹീം ഉസ്താദിന്റെ അടുത്തു മതപഠനം ആരംഭിച്ചു. പിന്നിടു കണിയാപുരം നിബ്‌റാസുൽ ഇസ്ലാം അറബിക് കോളജിലും മർഹൂം റഈസുൽ ഉലമാ എം ഷിഹാബുദ്ദീൻ മൗലവിയുടെ അടുത്തും ചേർന്നു പഠിച്ചു. ജീവിതത്തിന്റെ എല്ലാ ഉയർച്ചയുടേയും നിദാനവും വഴികാട്ടിയും മഹാനായ ഷിഹാബുദ്ദീൻ മൗലവി തന്നെയായിരുന്നു. ആ കാലഘട്ടത്തിലാണ് കൊടുങ്ങല്ലൂർ ചേരമാൻ  മസ്ജിദിനു ശേഷം അറബികൾ നിർമ്മിച്ച കേരളത്തിലെ തന്നെ രണ്ടാമത്തേതും പുരാതനവുമായ മസ്ജിദായ ജോനകപ്പുറം വലിയപള്ളിയിൽ ഇമാമായി നിയോഗിതനായത്.

കല്ലറ പാങ്ങോട് പുലിപ്പാറ അബ്ദുൽ അസീസ് ഹാജിയുടെ മൂത്ത മകൾ ലത്തീഫാബീവിയാണ് ഭാര്യ. കേരളാ യൂണിവേഴ്‌സിറ്റി ഇസ്ലാമിക് ഹിസ്റ്ററി മേധാവി അശ്‌റഫ് കടക്കൽ, മന്നാനിയ്യ ആർട്‌സ് ആൻറ് സയൻസ് കോളജ് സൂപ്രണ്ട് ജുനൈദ് കടക്കൽ, ജുമൈല ബീവി കൊല്ലം, നജീബാ ബീവി എന്നിവരാണ് മക്കൾ.

 

Latest News