ദോഹ- തൊഴിലാളികൾക്ക് കലാവിരുന്നൊരുക്കി ഐ.സി.ബി.എഫ് ഒരുക്കിയ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ട അനുഭവമായി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ നൂറുക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത സ്വതന്ത്ര ദിനാഘോഷം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതുന്നതുകൂടിയായി. വിദൂര സ്ഥലങ്ങളായ റാസ് ലഫാൻ, മിസൈദ്, ദുഖാൻ, അൽഖോർ, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ വിവിധയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് പരിപാടി വീക്ഷിക്കാൻ ഐ.സി.സിയിൽ എത്തിയത്. ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടി 'ഭാരത് ആസാദി കേ രംഗ്-2023' നിറഞ്ഞ സദസ്സിൽ ഇന്ത്യൻ അംബാഡിഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസറും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെയും ചടങ്ങിൽ പങ്കെടുത്തു. എംബസി എന്നും തൊളിലാളികൾക്കു മുന്തിയ പരിഗണന നൽകുമെന്നും അവരുടെ പ്രശ്ങ്ങളെ ഗൗരവമായി കാണുമെന്നും അംബാസിഡർ പറഞ്ഞു. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വഴികൾ ഉപയോഗിച്ച് തൊഴിലാളികൾക്ക് എംബസിയെ എപ്പോഴും ബന്ധപെടാമെന്നും അംബാസിഡർ വ്യക്തമാക്കി. ഹാളിൽ തിങ്ങി നിറഞ്ഞ ഇന്ത്യൻ സമൂഹത്തിന്റെ പരിഛേദം, ഇന്ത്യയുടെ അസംഖ്യം സംസ്‌കാരങ്ങളെയും വൈവിധ്യങ്ങളെയും പ്രതിഫലിക്കുന്നതാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അധ്യക്ഷനായിരുന്ന ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അവധി ദിവസമായ വെള്ളിയാഴ്ച ആഘോഷം സംഘടിപ്പിക്കുക വഴി, താഴ്ന്ന വരുമാനക്കാരായ തൊഴിലാളി സഹോദരങ്ങൾക്ക് ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നൽകുകയാണ് ഐ.സി.ബി.എഫ് ചെയ്യുന്നതെന്ന് പറഞ്ഞു. വിവിധ കലാവേദികളുടെയും സാംസ്‌കാരിക വേദികളുടെയും നേതൃത്വത്തിൽ വിത്യസ്തങ്ങളായ കലാവിഷ്‌ക്കാരങ്ങൾ അരങ്ങേറി.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ വർക്കി ബോബൻ സ്വാഗതവും സെക്രട്ടറി ടി.കെ. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, പ്രവാസി ഭാരതി സമ്മാൻ അവാർഡ് ജേതാവ് ഹസ്സൻ ചൗഗ്ലെ അടക്കമുള്ള കമ്യൂണിറ്റി നേതാക്കളും ഇന്ത്യൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങ് സമ്പന്നമാക്കി. ആഘോഷ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച സ്‌പോൺസർമാർമാരെയും കലാപരിപാടികൾ അവതരിപ്പിച്ച സംഘടനകളെയും വ്യക്തികളെയും അംബാസ്സഡർ മെമെന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.






