ഐശ്വര്യ റായിയുടെ കണ്ണുകള്‍ക്ക് ഇത്രയും  തിളക്കമുണ്ടായതിത് കൊണ്ട്-ബി ജെ പി മന്ത്രി  

മുംബൈ-ഐശ്വര്യറായിയുടെ കണ്ണിന്റെ തിളക്കത്തിന് കാരണം മത്സ്യം കഴിക്കുന്നതാണെന്ന് ബി ജെ പി മന്ത്രി വിജയ്കുമാര്‍ ഗവിത്. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ നടന്ന ഒരു പൊതുപരിപാടിയിലാണ് സംസ്ഥാന ആദിവാസിക്ഷേമ വകുപ്പ് മന്ത്രി വിജയ്കുമാര്‍ ഗവിത് ഇക്കാര്യം പരാമര്‍ശിച്ചത്. ദിവസവും മത്സ്യം കഴിച്ചാല്‍ നടി ഐശ്വര്യ റായിയുടെതുപോലെ എല്ലാവരുടെയും കണ്ണുകള്‍ തിളക്കമുള്ളതായി മാറുമെന്നും മന്ത്രി പറഞ്ഞു.ദിവസവും മത്സ്യം കഴിക്കുന്നവര്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മം ഉണ്ടാകുകയും കണ്ണുകള്‍ തിളങ്ങുകയും ചെയ്യും. ആരെങ്കിലും നിങ്ങളെ നോക്കുകയാണെങ്കില്‍, ആ വ്യക്തി (നിങ്ങളിലേക്ക്) ആകര്‍ഷിക്കപ്പെടും. ഐശ്വര്യ റായിയെ കുറിച്ച് ഞാന്‍ പറഞ്ഞത് വെറുതെയല്ല. മംഗളൂരുവിലെ കടല്‍ത്തീരത്താണ് അവള്‍ താമസിച്ചിരുന്നത്. അവള്‍ ദിവസവും മീന്‍ കഴിക്കുമായിരുന്നു. അവളുടെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ക്കും അവളെപ്പോലെ കണ്ണുകളുണ്ടാകും'. മന്ത്രി വിജയ്കുമാര്‍ ഗാവിത് പറഞ്ഞു.
മന്ത്രിയുടെ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഇത്തരം നിസാരമായ അഭിപ്രായങ്ങള്‍ പറയുന്നതിന് പകരം ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എന്‍സിപി നിയമസഭാംഗം അമോല്‍ മിത്കരി പറഞ്ഞു.

Latest News