'ഇതാണ് മോഡിയുടെ ക്രൂരമായ പുതിയ ഇന്ത്യ'; ആള്‍കൂട്ട കൊലപാതകത്തില്‍ ആഞ്ഞടിച്ച് രാഹുല്‍

ന്യൂദല്‍ഹി- ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദ്വേഷം അടക്കി വാഴുന്ന, ജനങ്ങള്‍ മര്‍ദിക്കപ്പെട്ട് തെരുവില്‍ കിടന്ന് മരിക്കേണ്ടി വരുന്ന മോഡിയുടെ ക്രുരമായ പുതിയ ഇന്ത്യയാണിതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ആവര്‍ത്തിക്കുന്ന ആള്‍ക്കുട്ട മര്‍ദന കൊലപാതകങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട ഇക്കൂട്ടര്‍ ഗുരുതരമായി പരിക്കേറ്റ മനുഷ്യനെ സമയത്ത് ആശുപത്രിയിലെത്തിക്കുന്നതിനു വീ്‌ഴ്ച വരുത്തിയിരിക്കുകയാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. 

ആല്‍വാറില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട അക്ബര്‍ ഖാനെ ആറു കിലോമീറ്റം മാത്രം അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ് എടുത്ത സമയം മൂന്ന് മണിക്കൂറാണ്. വഴിമധ്യേ ചായ കുടിക്കാനും അവര്‍ സമയം കണ്ടെത്തി. ഇതാണ് മോഡിയുടെ പുതിയ ഇന്ത്യ. മനുഷ്യത്വത്തെ മാറ്റി നിര്‍ത്തി വിദ്വേഷം പ്രചരിപ്പിക്കുകയും ജനങ്ങളെ മര്‍ദിച്ച് കൊല്ലുകയും ചെയ്യുന്നു,' രാഹുലില്‍ ട്വീറ്റ് ചെയ്തു. രാജ്യസഭയിലും ലോക്‌സഭയിലും ആള്‍ക്കൂട്ട മര്‍ദനം ഇന്ന് ചര്‍ച്ചയായി. 

അതിനിടെ രാഹുലിന്റെ ട്വീറ്റിനെതിരെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും സ്മൃതി ഇറാനിയും രംഗത്തെത്തി. രാഹുല്‍ തെരഞ്ഞെടുപ്പു നേട്ടത്തിനു വേണ്ടി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്ന് ഗോയല്‍ ആരോപിച്ചു. രാഹുലിന്റേത് കഴുകന്‍ രാഷ്ട്രീയമാണെന്നായിരുന്നു ഇറാനിയുടെ പ്രതികരണം.
 

Latest News