പൊന്തക്കാടുകൾക്കിടയിലൂടെ ട്രെയിൻ കടന്നു പോകുമ്പോൾ വാർത്തകൾ ഓർക്കുന്ന മനുഷ്യരെല്ലാം നല്ല പേടിയിലാണിപ്പോൾ. എവിടെ നിന്നോ ഒരു കല്ല്, കുപ്പി അവർക്ക് നേരെ പഠഞ്ഞുവരും എന്നവർ പേടിക്കുന്നു. ഏറ്റവും അവസാനം ശനിയാഴ്ച വൈകുന്നേരം കണ്ണൂരിൽനിന്ന് പുറപ്പെട്ട വന്ദേഭാരതിൽ സഞ്ചരിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയ അധിക സെക്യൂരിറ്റിക്ക് കാരണങ്ങളിലൊന്ന് ട്രെയിനുകൾക്ക് നേരെയുളള കല്ലേറുമാണെന്നാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ആദ്യ വന്ദേഭാരത് യാത്രയായിരുന്നു ഇത്. ഗൗരവത്തോടെ കണ്ട് കല്ലേറ് പ്രവണത എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതൊക്കെ വിരൽ ചൂണ്ടുന്നത്.
തുടർച്ചയായി രണ്ട് ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വാർത്ത പത്രങ്ങളിൽ വന്നത് ഇന്നലെയാണ്-ഒഡിഷ കുർദസ്വദേശി സർബേശ്വർ പരീദയയെയാണ് കണ്ണൂർ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഓഗസ്റ്റ് 14 ന് തിരുവനന്തപുരം - നേത്രാവതി എ.സി കോച്ചിന് നേരെയും, ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിനു നേരെയുമായിരുന്നു കല്ലേറുണ്ടായത്. 25 വയസ് പ്രായമായ പ്രതിയെ ഈവിധമൊരു സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിലേക്ക് നയിച്ച മാനസികാവസ്ഥക്ക് കാരണമെന്തായിരിക്കാം? അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തേണ്ട പ്രധാന സംഗതി അതായിരിക്കണം. കുറ്റവാളിയെ ആ വഴിക്ക് ചിന്തിപ്പിച്ചതിന് കാരണമായി വല്ലതുമുണ്ടോ. ഇതു പോലുള്ളവരെ ആരെങ്കിലും ഉപയോഗപ്പെടുത്തുന്നുണ്ടോ. വികൃത മാനസികാവസ്ഥക്ക് കാരണമെന്ത് ?
കല്ലെറിഞ്ഞത് മദ്യ ലഹരിയിലെന്ന് പോലീസ് വിശദീകരിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്സ്പ്രസിനും കല്ലെറിഞ്ഞത് ഇതേയാളെന്ന് പോലീസ് ഉറപ്പിച്ചു. ട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ വിശദീകരിക്കുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് കമ്മിഷണർ അജിത് കുമാർ പറഞ്ഞു. ബിയർ കുടിച്ചശേഷമാണ് സർബേശ്വർ പരീദ രണ്ട് ട്രെയിനുകൾക്കും കല്ലെറിഞ്ഞതെന്നാണ് പോലീസിനോട് പറഞ്ഞത്. 200 സി.സി.ടിവികൾ പരിശോധിച്ചു, നിലവിൽ അട്ടിമറി സംശയിക്കുന്നില്ല.
ബിയർ ലഹരിയിലാണ് കല്ലെറിഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തിയ നിലക്ക് മദ്യപർക്കിടയിൽ പ്രവണത പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അവർ കൂട്ടം കൂടുന്നവരും സാമൂഹ്യവിരുദ്ധ പ്രവർത്തന വിവരങ്ങൾ പങ്ക് വെക്കുന്നവരുമായിരിക്കും. അറിഞ്ഞും അബോധാവസ്ഥയിലും അവർ കുറ്റകൃത്യങ്ങൾ തുടരനാണ് സാധ്യത. അന്യ സംസ്ഥാന തൊഴിലാളികളുടെ സാമൂഹ്യ ചുറ്റുപാട് ചെറിയ തോതിലൊന്നും പഠിച്ചാൽ മതിയാകില്ല. അത്ര കണ്ട് ആഴത്തിലുള്ളതും സങ്കീർണവുമാണ് അവർക്കിടയിലെ പ്രശ്‌നങ്ങൾ. ചെറിയ ചില ഭാഗങ്ങൾ ഇടക്കെപ്പോഴെങ്കിലും പുറത്തു വരുന്നുവെന്ന് മാത്രം, ഏറ്റവും അവസാനം ചില കാര്യങ്ങൾ പുറത്ത് വന്നത് ആലുവയിലെ കുരുന്നിന്റെ ദാരുണാന്ത്യത്തിന് ശേഷമായിരുന്നു.
കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലായി ട്രെയിൻ കല്ലേറുണ്ടാകുന്നതായി കണ്ടെത്തിയിട്ടുള്ളതെന്നാണ് പത്ര വാർത്ത. സുരക്ഷിതത്വമുള്ളതും താരതമ്യേന ചെലവുകുറഞ്ഞതുമായ യാത്രാമാർഗം എന്ന നിലക്കാണ് ട്രെയിൻ യാത്ര ആളുകൾ തിരഞ്ഞെടുക്കുന്നത്. രണ്ട് കൊല്ലത്തിനിടക്കാണ് ട്രെയിനുകൾക്ക് നേരെ ഒളിയിടങ്ങളിൽ ഇരുന്ന് കല്ലെറിയുന്ന പ്രവണത കൂടുതലായി കണ്ടു തുടങ്ങിയത്. ടി.ടി.ഇ മാർക്ക് നേരെയും കഴിഞ്ഞ ദിവസം കോഴിക്കോട്ട് ആക്രമണം നടക്കുകയുണ്ടായി. കല്ലെറിയുന്നവർക്ക് ഒളിഞ്ഞ് നിൽക്കാൻ പരുവത്തിലാണ് കേരളത്തിലെ റെയിൽ പാതകൾക്കിരുവശവും കാടും മരക്കൂട്ടങ്ങളും വളർന്ന് നിൽക്കുന്നതെന്ന് കാണാനാകും. വേനൽ മാറിയതോടെ ഇത്തരം ചെടികൾ മത്സരിച്ചു വളരുകയാണ്. ഇടതൂർന്ന് വളർന്ന് പന്തലിച്ച പടർപ്പുകൾക്കുള്ളിൽ ആർക്കും ഒളിക്കാനാവും. ഇത്തരം ഒളിസങ്കേതങ്ങൾ വെട്ടിമാറ്റിയാൽ തന്നെ ഒരളവോളം പ്രശ്‌നം പരിഹരിക്കാനും സാമൂഹ്യ വിരുദ്ധരെ അകറ്റാനുമാകും. ആരെങ്കിലും കാൺകെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോ, ചെയ്യാൻ ധൈര്യമുള്ളവരോ ആയിരിക്കില്ല ഒളിയജണ്ടയുമായി കാട്ടിൻമറയത്തിരുന്ന് ട്രെയിനിന്റെ ഇട നെഞ്ചു നോക്കി എറിയുന്നവർ. റെയിൽവേയും നാട്ടുകാരും യോജിച്ചാൽ പാതക്കിരുവശമുളള ഒളിസങ്കേതങ്ങൾ വെട്ടി വെളുപ്പിക്കാൻ ഒരു പ്രയാസവുമുണ്ടാകില്ല. സാമൂഹ്യവിരുദ്ധരെ പിടികൂടാനും ഈ പറഞ്ഞ ജന സഹകരണം അനിവാര്യം. ട്രെയിനിന് നേരെ കല്ലേറ് നടന്ന പ്രദേശങ്ങളിലെ ജനങ്ങൾ കൂട്ടായ്മയുണ്ടാക്കിയോ വ്യക്തികൾ എന്ന നിലക്കോ ഇടപെടേണ്ടിയിരിക്കുന്നു.റെയിൽവെയെയും കേരള പോലീസിനെയുമെല്ലാം വിഷയത്തിൽ സഹകരിപ്പിക്കാവുന്നതാണ്. പ്രവണത അടക്കാ പരുവം വിട്ട് കവുങ്ങാവുന്നതിന് മുമ്പ് തന്നെ ഒതുക്കുന്നതാണ് നല്ലത്. ട്രെയിനിൽ യാത്ര ചെയ്യുന്ന നിസ്സഹായരായ മനുഷ്യർ അപകടത്തിൽപെട്ട ശേഷം വിലപിച്ചിട്ട് കാര്യമില്ല. കഴിഞ്ഞ കൊല്ലം പ്രവണത തുടങ്ങിയ ഉടൻ ഉണ്ടായ കല്ലേറിൽ നിസ്സഹായനായ ഒരു കുട്ടിക്ക് സാരമായ പരിക്കേറ്റത് ഞെട്ടലോടെയാണ് ട്രെയിൻ യാത്രക്കാർ ഇപ്പോഴും ഓർക്കുന്നത്. പൊന്തക്കാടുകൾക്കിടയിലൂടെ ട്രെയിൻ കടന്നു പോകുമ്പോൾ വാർത്തകൾ ഓർക്കുന്ന മനുഷ്യരെല്ലാം നല്ല പേടിയിലാണിപ്പോൾ. എവിടെ നിന്നോ ഒരു കല്ല്, കുപ്പി അവർക്ക് നേരെ പാഞ്ഞുവരും എന്നവർ പേടിക്കുന്നു. ഏറ്റവും അവസാനം ശനിയാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്ന് പുറപ്പെട്ട വന്ദേഭാരതിൽ സഞ്ചരിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയ അധിക സെക്യൂരിറ്റിക്ക് കാരണങ്ങളിലൊന്ന് ട്രെയിനുകൾക്ക് നേരെയുളള കല്ലേറുമാണെന്നാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ആദ്യ വന്ദേഭാരത് യാത്രയായിരുന്നു ഇത്. ഗൗരവത്തോടെ കണ്ട് കല്ലേറ് പ്രവണത എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതൊക്കെ വിരൽ ചൂണ്ടുന്നത്.






