Sorry, you need to enable JavaScript to visit this website.

പുഞ്ചിരിയുടെ പ്രാധാന്യം ഉണര്‍ത്തി ശൈഖ് മുഹമ്മദ് ദുബായ് എയര്‍പോര്‍ട്ടില്‍

ദുബായ്- പുഞ്ചിരിക്കാനും അറബ്, ഇസ്ലമിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും ഉണര്‍ത്തി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് റാശിദ് അല്‍ മഖ്തൂം ദുബായ് എര്‍പോര്‍ട്ടില്‍.
യാത്രക്കാരുടെ ഒഴുക്കും അവര്‍ക്കു നല്‍കുന്ന സൗകര്യങ്ങളും വിലയിരുത്തുന്നതിനായിരുന്നു യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം.
ടെര്‍മിനല്‍ മൂന്നിലെ ഡിപ്പാര്‍ച്ചര്‍ ഹാളില്‍നിന്നായിരുന്നു തുടക്കം. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ചെക്ക് ഇന്‍ കൗണ്ടറുകളും ബാഗേജ് സ്‌ക്രീനിംഗ് സൗകര്യങ്ങളും ഡ്യൂട്ടി ഫ്രീയും അദ്ദേഹം പരിശോധിച്ചു. ദുബായ് കിരിടാവകാശി ശൈഖ് ഹംദാന്‍, ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മഖ്തൂം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും എമിറേറ്റ്‌സ് എയര്‍ലൈന്‍ ചെയര്‍മാനുമായ ശൈഖ് അഹ്്മദ് ബിന്‍ സഈദ് അല്‍ മഖ്തൂമും സന്നിഹിതനായിരുന്നു.
ദുബായ് ഇന്റര്‍നേഷണല്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്ന യാത്രക്കാരിലുണ്ടായ വര്‍ധന റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് ഡയരക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്്മദ് എല്‍ മെറി വിശദീകരിച്ചു. ദുബായ് എയര്‍പോര്‍ട്ട് വഴി യു.എ.ഇയില്‍ പ്രവശിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ മൂന്ന് ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13 ദശലക്ഷം യാത്രക്കാരാണ് ദുബായ് എയര്‍പോര്‍ട്ടിലെത്തിയത്. ചൈനീസ് യാത്രക്കരുടെ എണ്ണത്തില്‍ അഞ്ച് ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ആദ്യ പുകുതിയില്‍ നാലരലക്ഷം ചൈനക്കാരാണ് എത്തിയത്.
കസ്റ്റംസ്, പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരണം കൂടി കേട്ടശേഷം അറൈവല്‍ ഹാളിലായിരുന്നു ശൈഖ് മുഹമ്മദിന്റെ പര്യടനം അവസാനിച്ചത്.
പുഞ്ചിരിക്കുന്ന മുഖവും സന്തോഷിപ്പിക്കുന്ന വാക്കുകളുമായി യാത്രക്കാരെ സ്വീകരിക്കേണ്ട ആവശ്യകതയും ദേശ,ഭാഷ, മത വ്യത്യാസമില്ലാതെ എല്ലാവരേയും മനുഷ്യരായി കണ്ട് സേവനമനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. എല്ലാവരുടേയും അവകാശങ്ങള്‍ വകവെച്ചുകൊടുക്കേണ്ടതിന്റേയും മാനിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഉണര്‍ത്തി.

Latest News