കൊച്ചി-തെന്നിന്ത്യന്‍ നടി അമൃതയുടെ മകള്‍ മരിച്ചെന്ന വാര്‍ത്തയില്‍ ഗായിക അമൃത സുരേഷിന്റെ ചിത്രം പ്രചരിപ്പിച്ചതില്‍ പ്രതികരിച്ച് സഹോദരി അഭിരാമി സുരേഷ്. ദയവ് ചെയ്ത് ദയ കാണിക്കണമെന്നും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭിരാമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
' അഞ്ചോ ആറോ ദിവസം മുമ്പ് ഒരു യൂട്യൂബ് ചാനലില്‍ വളരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു തംബ്നെയില്‍ കണ്ടു. അമൃതയുടെ മകള്‍ അന്തരിച്ചെന്ന് പറഞ്ഞിട്ട്. കന്നടയോ തെലുങ്കോ താരത്തിന്റെ മകള്‍ അന്തരിച്ചതിനെക്കുറിച്ച് തന്നെയാണ് വാര്‍ത്ത. എന്നാല്‍ ഈ മലയാളം ചാനല്‍, നമുക്ക് അറിയാവുന്ന എല്ലാ അമൃതമാരും കരയുന്ന ഫോട്ടോയാണ് തംബ്നെയിലായി കൊടുത്തത്. ഈ കാര്യം ആ വീഡിയോ ഇറങ്ങി ദിവസം തന്നെ എനിക്കൊരാള്‍ അയച്ച് തന്നു. അമൃത ചേച്ചി ഇതിലൊന്നും പ്രതികരിക്കാറില്ല.
പിന്നെ വിവാദം എവിടെയുണ്ടോ അവിടെ എന്റെ ചേച്ചിയുമുണ്ട്. അവരുടെ യോഗമായിപ്പോയി. ദയവ് ചെയ്ത് ഇങ്ങനത്തെ കാര്യങ്ങള്‍ വരുമ്പോഴെങ്കിലും മരണവാര്‍ത്ത വരുമ്പോഴെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കാതിരിക്കുക. നമ്മള്‍ വളരെ വിഷമിച്ചിരിക്കുന്ന സമയത്ത് ഇങ്ങനത്തെയൊരു കാര്യം കാണുമ്പോള്‍ ആത്മഹത്യയിലേക്ക് വരെ എത്തിച്ചേക്കാം.'- അഭിരാമി പറഞ്ഞു.






