കോഴിക്കോട്ടെ മുസ്‌ലിം ലീഗിൽ ചേരിപ്പോര് രൂക്ഷം  

കോഴിക്കോട്- മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാക്കളുള്ള കോഴിക്കോട് നഗരത്തിൽ കടുത്ത ചേരിപ്പോര്. കോഴിക്കോട് സൗത്ത്, നോർത്ത്, ബേപ്പൂർ
മണ്ഡലങ്ങളിലാണ് കമ്മിറ്റി യോഗംപോലും ചേരാൻ കഴിയാത്ത രീതിയിൽ ചേരിപ്പോര് രൂക്ഷമായത്. ജില്ലയിലെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും ചേരിപ്പോരുണ്ട്. ഈ പോരുകൾക്ക് സംസ്ഥാനതല മാനം ഇല്ല. എല്ലാം പ്രാദേശികമാണ്.
കോഴിക്കോട് നഗരത്തിൽനിന്നുള്ള എം.കെ. മുനീർ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവാണ്. കോഴിക്കോട് സൗത്ത് മണ്ഡലത്തെയാണ് നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. ബേപ്പൂർ നിയോജക മണ്ഡലത്തിൽനിന്നാണ് സംസ്ഥാന സെക്രട്ടറി എം.സി മായിൻഹാജി. ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല കോഴിക്കോട് നഗരത്തിന്റെ പ്രതിനിധികളായ എൻ.സി അബൂബക്കർ, കെ. മൊയ്തീൻകോയ, സി. അബ്ദുറഹിമാൻ എന്നിവർ ജില്ലാ കമ്മിറ്റി ഭാരവാഹികളുമാണ്.
സംഘടനാ തെരഞ്ഞെടുപ്പിൽ മിക്ക നിയോജക മണ്ഡലങ്ങളിലും കൗൺസിൽ ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോൾ കോഴിക്കോട് സൗത്ത്, നോർത്ത്, ബേപ്പൂർ മണ്ഡലങ്ങളിൽ ഭാരവാഹികളെ സംസ്ഥാന നേതൃത്വം നോമിനേറ്റ് ചെയ്യുകയായിരുന്നു. ബേപ്പൂരിലെ തീരുമാനം അവസാന നിമിഷമാണ് നടന്നത്. അതും താൽക്കാലികം മാത്രമാണ് കമ്മിറ്റിയെന്ന ഒത്തുതീർപ്പിൽ. ബേപ്പൂരിലെ ചേരിപ്പോരിൽ എം.സി. മായിൻഹാജിക്കും ഉമ്മർ പാണ്ടികശാലക്കും നേരിട്ട് പങ്കുള്ളപ്പോൾ നഗരത്തിലെ പാർട്ടിയിലെ വഴക്കിൽ മുനീർ നിസ്സംഗനാണ്. സംഘടനാ കാര്യത്തിൽ ഇടപെടില്ലെന്ന നിലപാടിലാണ് മുനീർ.
നഗരസഭാംഗങ്ങളും മുൻ ഭാരവാഹികളും അടക്കം പ്രമുഖരാണ് കോഴിക്കോട് നഗരത്തിൽ വിമത പ്രവർത്തനം നടത്തന്നത്. ശിഹാബ് തങ്ങളുടെ പേരിൽ ഫോറം ഉണ്ടാക്കി പ്രവർത്തിക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സൗത്തിലും നോർത്തിലും അംഗത്വ വിതരണം നടന്നത് രണ്ട് ചേരികളായാണ്. ഇരുവിഭാഗത്തിനും പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം നേതാക്കളിൽ നല്ല സ്വാധീനമാണുള്ളത്. ചേരിപ്രവർത്തനം രൂക്ഷമായതിനെതുടർന്ന് ഭാരവാഹികളെ തീരുമാനിക്കാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
ഇതനുസരിച്ച് സംസ്ഥാന പ്രസിഡന്റിന്റേതായി വന്ന പ്രഖ്യാപനത്തിൽ രണ്ട് ഭാരവാഹികൾ സൗത്ത് മണ്ഡലം കമ്മിറ്റിയിൽനിന്ന് രാജിവെച്ചിരിക്കുകയാണ്. എസ്.വി ഉസ്മാൻകോയ പ്രസിഡന്റും അഡ്വ. എ.വി  അൻവർ സെക്രട്ടറിയും കെ.പി അബ്ദുല്ലക്കോയ ട്രഷററുമായ കമ്മിറ്റിയിൽനിന്ന് വൈസ് പ്രസിഡന്റ് ബീരാൻകോയ, ട്രഷറർ അബ്ദുല്ലക്കോയ എന്നിവരാണ് രാജിവെച്ചത്. ഇരുവരുടെയും രാജി മണ്ഡലം കമ്മിറ്റികളും ജില്ലാകമ്മിറ്റിയും അംഗീകരിക്കുകയും ട്രഷററായി പി.വി അവറാനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 
മണ്ഡലം മുൻഭാരവാഹികളടങ്ങുന്നവരുടെ വിമത പ്രവർത്തനം ജില്ലാ കമ്മിറ്റി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. നോർത്ത് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് എസ്.വി ഹസൻകോയയും ജനറൽ സെക്രട്ടറി എം.കെ. ഹംസയും രണ്ട് ചേരിയാണ്. ഇവർക്ക് യോഗം ചേരാൻപോലും കഴിയാത്ത സ്ഥിതിയാണ്.
ബേപ്പൂരിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്നാണ് ഫറോക്ക് മുനിസിപാലിറ്റിയുടെ ഭരണം യു.ഡി.എഫിന് നഷ്ടമായത്. കൊടുവള്ളി, തിരുവമ്പാടി, വടകര, പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെല്ലാം പാർട്ടിയിൽ ചേരിപ്പോര് തകൃതിയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ ലീഗിലെ ചേരിപ്പോര് മുറുകുന്നത് കോൺഗ്രസിനെയും ആശങ്കയിലാക്കുന്നു. കോൺഗ്രസിലെ ചേരിപ്പോരുകളെ കൂടി മറികടന്ന് യു.ഡി.എഫ് പ്രവർത്തനം മുന്നോട്ട് നയിച്ചിരുന്നത് ലീഗായിരുന്നു. അവരെ ചേരിപ്പോര് ബാധിച്ചത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തുന്നു.

Latest News