സൗദി അറേബ്യയിലെ ആദ്യത്തെ അശ്വാഭ്യാസിയായ ആർച്ചറി ട്രെയ്‌നറാണ് നൂറ അൽജബർ
സൗദി അറേബ്യയുടെ പരമ്പരാഗത കായിക കലയുടെ സൂക്ഷിപ്പുകാരിയാണ് നൂറ അൽജബർ. ഒമ്പതാം വയസ്സിൽ അവർ അശ്വാഭ്യാസം ആരംഭിച്ചിട്ടുണ്ട്. അമ്പെയ്ത്തും വാൾപയറ്റും പോലുള്ള പരമ്പരാഗത ആയോധന കലകളിൽ പിന്നീട് അവർ പ്രാവീണ്യം നേടി.
കുതിരകളോടും കുതിരയോട്ടത്തോടുമുള്ള നൂറയുടെ താൽപര്യം കണ്ടറിഞ്ഞത് ഉമ്മയാണ്. ചെറുപ്രായത്തിൽ തന്നെ നൂറയെ ശാസ്ത്രീയ പരിശീലനത്തിനയക്കാൻ അവർ ധൈര്യം കാട്ടി. സ്‌പോർട്‌സ് മന്ത്രാലയവും സൗദി അറേബ്യൻ ഇക്വസ്ട്രിയൻ ഫെഡറേഷനും നൂറയുടെ താൽപര്യത്തോടൊപ്പം നിന്നു. അശ്വാഭ്യാസത്തിൽ പ്രാവീണ്യമുള്ള സ്വദേശികളെ വളർത്തിയെടുക്കാൻ സൗദി കായിക മന്ത്രാലയം ശ്രമിക്കുന്ന സമയമായിരുന്നു അത്. കുതിരപ്പുറത്തേറിയുള്ള അമ്പെയ്ത്തിലും ടെന്റ് പെഗ്ഗിംഗിലും സൗദിയിലെ ആദ്യ സർടിഫൈഡ് ട്രെയ്‌നറായി നൂറ. ഇപ്പോൾ നൂറയുടെ ട്രെയ്‌നിംഗ് ഏറെ ജനപ്രിയമാണ്. പ്രത്യേകിച്ചും വനിതകൾക്കിടയിൽ.
ജോർദാനിലെ പെട്രയിലുൾപ്പെടെ നിരവധി വിദേശ പരിപാടികളിൽ നൂറ തന്റെ കഴിവ് പ്രദർശിപ്പിച്ചിട്ടുണ്ട്. സൗദിയിൽ നിരവധി ലൈവ് ഷോകൾ നടത്തിയിട്ടുണ്ട്. ഇന്റർനാഷനൽ ചാമ്പ്യൻഷിപ് ഫോർ അറേബ്യൻ ഹോഴ്‌സസ്, കിംഗ് അബ്ദുൽഅസീസ് കാമൽ ഫെസ്റ്റിവൽ, അബ്‌ഖൈഖ് സഫാരി ഫെസ്റ്റിവൽ, അൽകോബാർ റംല് ആന്റ് സംറ് ഫെസ്റ്റിവൽ തുടങ്ങിയ ആഘോഷങ്ങളിലും നൂറ പങ്കെടുത്തിരുന്നു.