Sorry, you need to enable JavaScript to visit this website.

ഹംസ ബിൻ ലാദിനെ കൈമാറുന്നതിന് ഇറാൻ വിസമ്മതിക്കുന്നു-ഖാലിദ് ബിൻ സൽമാൻ

ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ

റിയാദ് - അൽഖാഇദ നേതാവ് ഉസാമ ബിൻ ലാദിന്റെ പുത്രൻ ഹംസ ബിൻ ലാദിൻ അടക്കമുള്ള ഭീകരരെ സൗദി അറേബ്യക്ക് കൈമാറുന്നതിന് ഇറാൻ വിസമ്മതിക്കുകയാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ പുത്രനും അമേരിക്കയിലെ സൗദി അംബാസഡറുമായ ഖാലിദ് രാജകുമാരൻ പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ടത്തിന് എക്കാലവും സൗദി അറേബ്യ മുൻഗണന നൽകുന്നു. ഭീകരതയെയും തീവ്രവാദ ആശയ സംഹിതകളെയും നേരിടുന്നതിൽ സൗദി അറേബ്യ വലിയ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. ഐ.എസും അൽഖാഇദയും പോലുള്ള ഭീകര സംഘടനകളും ഇറാൻ ഭരണകൂടവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. 
ഇറാൻ ഭരണകൂടം ഇപ്പോഴും അൽഖാഇദ നേതാക്കൾക്ക് അഭയം നൽകുന്നുണ്ട്. ഹംസ ബിൻ ലാദിൻ ഇപ്പോഴും ഇറാനിൽ കഴിയുന്നു. വിചാരണ ചെയ്യുന്നതിന് പലതവണ ആവശ്യപ്പെട്ടിട്ടും ഹംസ ബിൻ ലാദിനെ സൗദി അറേബ്യക്ക് കൈമാറുന്നതിന് ഇറാൻ വിസമ്മതിക്കുകയാണ്. സൗദി അറേബ്യയെയും അമേരിക്കയും ആക്രമിക്കുന്നതിന് അൽഖാഇദ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതിനും മതവിധികൾ നൽകുന്നതിനും ഹംസ ബിൻ ലാദിന് ഇറാൻ സൗകര്യം ഒരുക്കുകയാണ്. ഭീകരതക്ക് പിന്തുണ നൽകുന്നതിൽ ഇറാന്റെ ചരിത്രം ലോകത്തിന് അറിയാവുന്നതാണ്. മധ്യപൗരസ്ത്യദേശത്തു മാത്രമല്ല, ലോകമെങ്ങും ഭീകരതയെ ഇറാൻ പിന്തുണക്കുന്നു. ജർമനിയിലും ഫ്രാൻസിലും അർജന്റീനയിലും തായ്‌ലന്റിലും അമേരിക്കയിലുമുണ്ടായ ഭീകരാക്രമണങ്ങളിൽ ഇറാന് പങ്കുണ്ട്. 
പരിചയസമ്പത്ത് പരസ്പരം കൈമാറുന്നതിന് ഉസാമ ബിൻ ലാദിനുമായി ഹിസ്ബുല്ല നേതാവ് ഇമാദ് മുഗ്‌നിയ കൂടിക്കാഴ്ച നടത്തിയ തൊണ്ണൂറുകളുടെ തുടക്കം മുതൽ അൽഖാഇദയുമായി ഇറാന് ബന്ധമുണ്ട്. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾ അൽഖാഇദയുടെയും ഹിസ്ബുല്ലയുടെയും പൊതുലക്ഷ്യമായിരുന്നു. സൗദി അറേബ്യക്കും സഖ്യരാജ്യങ്ങൾക്കുമെതിരെ ഇരു സംഘടനകളും സഹകരിച്ച് പ്രവർത്തിക്കുന്നത് തുടർന്നു.  ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ കൈകളാൽ പരിശീലനം ലഭിച്ച അഹ്മദ് അൽമിഗ്‌സൽ 1996 ൽ അൽകോബാറിൽ അമേരിക്കൻ സൈനികർ തമ്പടിച്ച കോംപൗണ്ടിനു നേരെ ഭീകരാക്രമണം നടത്തി. വർഷങ്ങളോളം ഇറാനിൽ ഒളിച്ചുകഴിഞ്ഞ അഹ്മദ് അൽമിഗ്‌സലിനെ ഇറാൻ പാസ്‌പോർട്ടുമായി നടക്കുന്നതിനിടെ 2015 ൽ ലെബനോനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈ ഭീകരൻ ഇപ്പോൾ സൗദി ജയിലിലാണുള്ളത്. 1998 ൽ നൈറോബിയിലെയും ദാറുസ്സലാമിലെയും അമേരിക്കൻ എംബസികൾക്കു നേരെ ഭീകരാക്രമണങ്ങൾ നടത്തുന്നതിലും ഇറാനും അൽഖാഇദയും സഹകരിച്ചു. ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ അൽഖാഇദക്ക് ഇത്തരമൊരു ആക്രമണം നടത്തുന്നതിന് സാധിക്കില്ലെന്ന് അമേരിക്കൻ കോടതി വ്യക്തമാക്കിയിരുന്നു. നൈറോബി, ദാറുസ്സലാം ആക്രമണങ്ങൾ നടത്തുന്നതിന് ആവശ്യമായ സാങ്കേതിക പരിചയസമ്പത്ത് അതിനു മുമ്പ് അൽഖാഇദക്കുണ്ടായിരുന്നില്ല. 
വിമാനങ്ങൾ തട്ടിയെടുത്ത് ന്യൂയോർക്ക് വേൾഡ് ട്രേഡ് സെന്ററിലും വാഷിംഗ്ടൺ പെന്റഗൺ ആസ്ഥാനത്തും ചാവേറാക്രമണങ്ങൾ നടത്തിയ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലിപ്പിക്കുന്നതിലും അൽഖാഇദയും ഇറാൻ ഭരണകൂടവും സഹകരിച്ചതിനുള്ള വ്യക്തമായ തെളിവുകൾ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഉസാമ ബിൻ ലാദിന്റെ ഒളിത്താവളത്തിൽ നിന്ന് ലഭിച്ച രേഖകളിലുണ്ട്. അൽഖാഇദക്കാർക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനുള്ള കേന്ദ്രമാണ് ഇറാനെന്ന് ഉസാമ ബിൻ ലാദിൻ തന്നെ വിശേഷിപ്പിച്ചിട്ടുണ്ടെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 
2001 ൽ സൈഫ് അൽഅദ്ൽ, സുലൈമാൻ അബൂഗൈസ് എന്നിവർ അടക്കം തങ്ങളുടെ ഏതാനും നേതാക്കളെ അൽഖാഇദ ഇറാനിലേക്ക് കടത്തി. ഇവർ ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ സംരക്ഷണത്തിലായിരുന്നു. ഇറാനിൽ നിന്നാണ് 2003 റിയാദ് ചാവേറാക്രമണങ്ങൾ ഇവർ ആസൂത്രണം ചെയ്തത്. അന്താരാഷ്ട്ര കരാറുകളും ധാരണകളും ആവർത്തിച്ച് ലംഘിച്ച ചരിത്രമാണ് ഇറാനുള്ളത്. 1979 ൽ തെഹ്‌റാനിലെ അമേരിക്കൻ എംബസിക്കും 2011 ൽ ബ്രിട്ടീഷ് എംബസിക്കും 2016 ൽ സൗദി എംബസിക്കും മശ്ഹദിലെ സൗദി കോൺസുലേറ്റിനും നേരെ ആക്രമണങ്ങളുണ്ടായി. നിരവധി രാജ്യങ്ങളിൽ സ്‌ഫോടനങ്ങൾ നടത്തുന്നതിനും പ്രതിപക്ഷ നേതാക്കളെ വധിക്കുന്നതിനും ഇറാൻ ഗൂഢാലോചനകൾ നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥൻ അസദുല്ല അസദി ഫ്രാൻസിൽ ഇറാൻ പ്രതിപക്ഷ പ്രവർത്തകരെ ലക്ഷ്യമിട്ട് സ്‌ഫോടനം നടത്തുന്നതിന് ശ്രമിച്ചു. ജർമനിയിൽ വെച്ച് അറസ്റ്റിലായ ഈ പ്രതിക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യയെയും സഖ്യരാജ്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നതിന് അൽഖാഇദയും ഇറാൻ ഭരണകൂടവും സഹകരിക്കുന്നതിനുള്ള തെളിവായി ഉസാമ ബിൻ ലാദിൻ സ്വന്തം കൈപ്പടയിൽ എഴുതി സി.ഐ.എ പ്രസിദ്ധീകരിച്ച രേഖയുടെ ലിങ്കും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പരസ്യപ്പെടുത്തി.

 

Latest News