ആത്മകഥയില്‍ അഭിനയിക്കും  മുമ്പ് റിച്ച ഛധ ഷക്കീലയെ കാണാനെത്തി 

മലയാള സിനിമാലോകത്തെ ഒരു കാലത്തു താങ്ങി നിര്‍ത്തുകയും പിന്നീട്  ആട്ടിപ്പുറത്താക്കുകയും ചെയ്ത ഷക്കീലയുടെ സംഭവബഹുലമായ സിനിമാ ജീവിതവും വ്യക്തി ജീവിതവും വെള്ളിത്തിരയില്‍. ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രം ഇന്ദ്രജിത്ത് ലങ്കേഷാണ് സംവിധാനം ചെയ്യുന്നത്. ഷക്കീലയുടെ തന്നെ ആത്മകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വെള്ളിത്തിരയില്‍ ഷക്കീലയായെത്തുന്നത് റിച്ച ഛധയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെതായ സ്ഥാനം ചലച്ചിത്ര മേഖലയില്‍ കണ്ടെത്തിയ നടി കൂടിയാണ് റിച്ച ഛധ. റിച്ച ഷക്കീലയെ കാണാനെത്തിയത് ബോളിവുഡില്‍ വാര്‍ത്തയായി. സിനിമയിലേയും ജീവിതത്തിലെയും ഷക്കീല എങ്ങനെയാണെന്നും തന്റെ കരിയറില്‍ ഉണ്ടായ പ്രധാന സംഭവങ്ങളും ഷക്കീല റിച്ചയുമായി പങ്കുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിത്തിരയിലെത്തുന്ന ഷക്കീലയെ കൂടുതല്‍ മികവുറ്റതാക്കാന്‍ താന്‍ ശ്രമിക്കുമെന്നും റിച്ച പറഞ്ഞിരുന്നു.
ഫുക്രി സീരിസിലെ ബോലി പഞ്ചാബന്‍ എന്ന കഥാപാത്രത്തിലൂടെയും, ദാസ് ദേവിലെ പരോയിലൂടെയും റിച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഷക്കീലയെ വെള്ളിത്തിരയിലവതരിപ്പിക്കാന്‍ റിച്ച തന്നെയാണ് മികച്ച തീരുമാനമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരടക്കം പറയുന്നത്.

Latest News