Sorry, you need to enable JavaScript to visit this website.

യെസ്, യെസ്‌ലിൻ ഈസ് ഇന്റലിജന്റ് !

ഏഴു വയസ്സുകാരി യെസ്‌ലിൻ ആയിഷ ഹന്നാനിയ്യയെ തേടി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രെയിനർക്കുള്ള ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്‌സ് ബഹുമതിയെത്തിയ വഴി വിചിത്രവും ഒപ്പം വിസ്മയകരവുമാണ്.

 

അലക്കിത്തേച്ച് വടിവൊപ്പിച്ച. ചുളിവീഴാത്ത യൂനിഫോമണിഞ്ഞ്,  പോളിഷ് ചെയ്ത് തിളക്കം വരുത്തിയ ഷൂവിൽ ലൈസ് കൊണ്ട് ഭംഗിയിൽ ചിത്രപ്പണി ചെയ്ത് കെട്ടി, നൂല് പൊങ്ങാത്ത, വൃത്തിയുള്ള സോക്‌സും ധരിച്ച് കഴുത്തിൽ ടാഗ് തൂക്കി ഭാരമുള്ള  ക്യാരിബാഗും ചുമന്ന് സ്‌കൂൾ ബസിന് വേണ്ടി കാത്തുനിന്നിട്ടില്ല, സ്‌കൂളുകളിലെ ക്ലാസ് റൂമുകളിൽ ശ്വാസമടക്കിപ്പിടിച്ച് ലോംഗ് ബെല്ലടിക്കുന്നത് വരെ  അസ്വസ്ഥയായി സമയത്തെ പ്രാകിയിട്ടില്ല, പ്രത്യേകം കരിക്കുലം ഫോളോ ചെയ്തട്ടില്ല, നോട്ട് ബുക്കോ ടെക്സ്റ്റ് ബുക്കോ കണ്ടിട്ടോ പഠിച്ചിട്ടോയില്ല, ഹോം വർക്ക് ചെയ്തിട്ടില്ല, വൈകിയെത്തിയതിനും അസംബ്ലിയിൽ പങ്കെടുക്കാത്തതിനും തല്ല് കിട്ടുമെന്ന പേടിയാൽ വിളറിയിട്ടില്ല. സിലബസുകളുടെ തടങ്കലുകളിൽ തളച്ചിടപ്പെട്ടിട്ടില്ല, അസൈൻമെന്റുകളോ ക്ലാസ് ടെസ്റ്റുകളോ ടേം എക്‌സാമുകളോ  ഭാരമേൽപിച്ചിട്ടില്ല.  എ പ്ലസും നൂറു ശതമാനം മാർക്കും നേടിയെടുക്കാനുള്ള അധ്യാപകരുടെയും മാതാപിതാക്കളുടെയും  ശാസനകൾക്ക് വിധേയയാകേണ്ടി വന്നിട്ടില്ല. എന്നിട്ടും ഏഴ് വയസ്സുകാരി  യെസ്‌ലിൻ ആയിഷ ഹന്നാനിയ്യയെ തേടി ഏറ്റവും നല്ല ചെറിയ 'പഠിപ്പിസ്റ്റി'നുള്ള  ഇന്ത്യ ബുക്ക്‌സ്  ഓഫ് റെക്കോർഡ് എത്തി.
അതെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രെയിനർ എന്ന ബഹുമതി ലഭിച്ച യെസ്‌ലിൻ കടന്നു വന്ന പഠന പാതയെക്കുറിച്ചാണ് പറഞ്ഞത്.
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത വള്ളിത്തോട്ടിലെ കീത്തടത്ത് അമീന/ മന്നമ്പത്ത് ഷംറീസ് ഉസ്മാൻ  ദമ്പതികളുടെ മകൾ യെസ്‌ലിൻ ആയിഷ ഹന്നാനിയ്യ എന്ന ഏഴ് വയസ്സുകാരി ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ വഴികളിലൂടെയൊന്ന് തിരിഞ്ഞു നോക്കിയാൽ അത്ഭുതം മാത്രം ബാക്കി. അസാധ്യമായി ഒന്നുമില്ല എന്ന നൂറ്റാണ്ടോളം പഴക്കമുള്ള സ്‌കൂൾ പാഠപുസ്തകത്തിലെ  നാപ് എന്ന വിദ്യാർത്ഥിയുടെ പരിശ്രമത്തിന്റെ കഥ യെസ്‌ലിൻ ആയിഷ കേട്ടിട്ടു പോലുമുണ്ടാവില്ല. ഇനി കേൾക്കാനും പോകുന്നില്ല. കാരണം യെസ്‌ലിൻ പഠിക്കുന്നതും പിന്തുടരുന്നതും നമ്മുടെ നാട്ടിലെ പാരമ്പര്യ വിദ്യാഭ്യാസ സമ്പ്രദായങ്ങളോ പാഠപുസ്തകങ്ങളോ അതിലെ ചോരകുടിയൻ ചെന്നായ/ആട്ടിൻകൂട്ട കഥകളോ സാരോപദേശ കഥകളോ സദ്ഗുണപാഠങ്ങളോ അമ്പിളിമാമൻ കഥകളോ അല്ല. കാലഹരണപ്പെട്ട കരിക്കുല വിദ്യാഭ്യാസ സമ്പ്രദായം തൂത്തെറിയാൻ സമയം അതിക്രമിച്ചു എന്ന് കരുതുന്ന പിതാവ് ഷംറീസ് ഉസ്മാൻ വിശ്വസിക്കുന്ന പുതിയ കാലത്തിന് ആവശ്യമായത് മാത്രം പഠിക്കുക എന്ന നൂജെൻ സിദ്ധാന്തത്തിലെ മെന്ററിക് സിസ്റ്റമാണ്.
പക്ഷേ പതിറ്റാണ്ടുകളായി കേരളത്തിലെ പ്രൈമറി  സ്‌കൂളുകളിൽ കുട്ടികളിൽ ആവേശം പകരാനും സ്ഥിരോത്സാഹം വർധിപ്പിക്കാനും പഠിപ്പിച്ചുകൊണ്ടിരുന്ന നാപ് എന്ന വിദ്യാർത്ഥിയുടെ ആത്മവിശ്വാസത്തിന്റെ കഥ കെട്ടുകഥയല്ലെന്ന് യെസ്‌ലിൻ തെളിയിച്ചിരിക്കുന്നു. ആർട്ട്ഫിഷ്യൽ ഇന്റലിജൻസ് ട്രെയിനർ എന്ന വിഭാഗത്തിലാണ് യെസ്‌ലിൻ എന്ന കുട്ടി ഈ നേട്ടം കരസ്ഥമാക്കിയത്. ചാറ്റ് ജി. പി.ടി പോലുള്ള എ.ഐ ടൂൾസുകളെ കുറിച്ച് ഓൺലൈനായി ലോകത്തിന്റെ പല ഭാഗത്തുള്ള നാല് മുതൽ അറുപത്  വയസ്സ് വരെയുള്ള ആളുകൾക്ക് യെസ്‌ലിൻ ഇന്ന്  ക്ലാസുകൾ നൽകി വരുന്നു. ഒപ്പം ഫീസിനത്തിലൂടെ മാസവരുമാനവും നേടുന്നു എന്ന് കേട്ടാൽ നെറ്റി ചുളിയേണ്ട. ചാറ്റ് ജി പി. ടി പോലുള്ള ടൂൾസുകളെക്കുറിച്ചുള്ള ഒറ്റത്തവണ ഓൺലൈൻ ക്ലാസിന് യെസ്‌ലിൻ ചാർജ് ചെയ്യുന്നത് നൂറ് രൂപയാണ്. ദിനേന യെസ്‌ലിന്റെ ക്ലാസിന് ആവശ്യക്കാരെത്തുന്നു.
എന്നാൽ  ഈ ഏഴ് വയസ്സുകാരി സ്‌കൂളിൽ പോകുന്നില്ല, റെഗുലർ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നില്ല, പാഠപുസ്തകങ്ങൾ കൈകാര്യം ചെയ്യുന്നില്ല, പഠനത്തിന് ടൈംടേബിൾ ഷെഡ്യൂളുകളില്ല എന്നൊക്കെയുള്ളതാണ്  പ്രത്യേകത. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാഷ് ഫ്യൂച്ചർ സ്‌കൂൾ എന്ന ഓൺ ലൈൻ സ്‌കൂളിങ് സിസ്റ്റത്തിലാണ് ലെസ്‌ലിന്റെ ഇപ്പോഴത്തെ പഠനം.
ചെറുപ്പത്തിലേ തന്നെ യെസ്‌ലിനിലെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് അവളെ സാധാരണയെന്ന പോലെ കിന്റർഗാർട്ടൻ സ്‌കൂളുകളിൽ ചേർക്കാതെ പൊതുവിദ്യാഭ്യാസ സിസ്റ്റത്തിൽ നിന്നും വഴിമാറി നടക്കുന്ന  ഹെവൻസ് പ്രീ സ്‌കൂളിലാണ് ചേർത്തത്. മൂന്ന് വർഷമുള്ള ആ  ഒരൊറ്റ കോഴ്‌സ് യെസ്‌ലിൻ വളരെ പെട്ടെന്ന് തന്നെ, രണ്ട് വർഷം കൊണ്ട് കംപ്ലീറ്റ് ചെയ്തു. ഒപ്പം ഖുർആൻ മുപ്പത് ഖത്വവും തെറ്റില്ലാതെ പാരായണം ചെയ്യാനും പഠിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ യെസ്‌ലിന് കേവലം അഞ്ച് വയസ്സ് മാത്രമാണ് പ്രായം. തുടർന്നങ്ങോട്ടാണ് യെസ്‌ലിന്റെ വിദ്യാഭ്യാസ ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാകുന്നത്. തുടർന്നുള്ള മാറ്റം എങ്ങനെ സംഭവിച്ചു എന്നത് പിതാവ് ഷംറീസ് ഉസ്മാനിൽ നിന്ന് തന്നെ കേൾക്കാം.
 'എന്നും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹം കൊണ്ടുനടക്കുന്ന ഒരാൾ ആണ് ഞാൻ. മകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അത്തരത്തിൽ എന്തെങ്കിലും ചെയ്യണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. കാരണം ഇന്നത്തെ വിദ്യാഭ്യാസ രീതിയോട് വല്ലാത്ത ഒരു മടുപ്പും അതിലുപരി ഒട്ടും ദഹിക്കാത്ത പാഠ്യപഠനങ്ങളുമുള്ളതു
കൊണ്ട് തന്നെ ഇതിന് ഒരു മാറ്റം വേണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് എറണാകുളത്തെ  'ഹാഷ് ഫ്യൂച്ചർ സ്‌കൂൾ എന്ന നാല് ചുവരിനപ്പുറം ലോകം ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറയുന്ന, പരമ്പരാഗത രീതി പഴഞ്ചനാണ് എന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്ന, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിന്നുകൊണ്ട് ഭാവി കേന്ദീകൃതമായി വ്യത്യസ്തയുള്ള ഒരു സ്‌കൂൾ നടത്തുന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. മുന്നും പിന്നും നോക്കാതെ അതിന്റെ കൂടെ കൂടാൻ കാരണം എ പ്ലസ് ഒരു മഹാ സംഭവം അല്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ്. 
എ പ്ലസിന്റ ഭാരമില്ലാതെ പൂമ്പാറ്റയെ പോലെ പറന്നാണ് അവൾ ഓരോന്നും പഠിക്കുന്നത്.  ഓരോ കാലഘട്ടവും എന്താണോ ആവശ്യപ്പെടുന്നത് അത് സ്വായത്തമാക്കുക എന്നതാണ് ബുദ്ധിയുള്ള തീരുമാനം. അത്തരത്തിൽ വ്യത്യസ്തമായ വഴിയിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്നത്. വ്യത്യസ്തമായ പരീക്ഷണം. എന്തായാലും ആ പരീക്ഷണം ഒരു പരിധി വരെ വിജയിച്ചു. ഈ  പഠന രീതിക്ക് ചില ന്യൂനതകളും ഉണ്ട്. അത് അംഗീകരിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകാൻ ശ്രമിക്കുന്നു.
കേട്ടുകേൾവിയില്ലാത്ത ഈ പഠന രീതിയിലൂടെ മകളെ  മുന്നോട്ട് കൊണ്ടുപോകുന്നതിൽ രണ്ടു കുടുംബങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും  വല്ലാതെ എതിർപ്പ് നേരിട്ടിരുന്നു എന്ന് ഷംറീസ് ഉസ്മാനും അമീനയും  പറഞ്ഞു. വിദ്യാസമ്പന്നയായ യെസ്‌ലിയുടെ മാതാവിൽ നിന്ന് തന്നെയായിരുന്നു ആദ്യത്തെ എതിർപ്പ്. പറഞ്ഞു മനസ്സിലാക്കാനും ഈ പഠന രീതിയുടെ പോസിറ്റിവ്  ഗുണങ്ങളുടെ ഭാവിയെക്കുറിച്ചും ഏറെ പണിപ്പെട്ടാണ് ബോധ്യപ്പെടുത്താനായത്. മകളുടെ വിദ്യാഭ്യാസ ഭാവിയെക്കുറിച്ചുള്ള ആശങ്കകളോടെയാണ് ഒടുവിൽ അമീന സമ്മതം മൂളിയത്.
അംഗീകരിക്കാൻ മടി തോന്നുമെങ്കിലും ഈ സ്‌കൂൾ സമ്പ്രദായത്തിൽ കുട്ടികളെ ഒന്നിനും ഫോഴ്‌സ് ചെയ്യുന്നില്ല. അവർക്ക് ഐഡിയ നൽകുക മാത്രമാണ് ചെയ്യുന്നത്. നിയതമായ ഒരു സിസ്റ്റമോ ടൈം ടേബിളോ മാസാന്ത വർഷാന്ത പരീക്ഷയോ ഇല്ല. പഠിപ്പിക്കുക എന്ന സിസ്റ്റമല്ല, മറിച്ച് കുട്ടികൾ സ്വയം മനസ്സിലാക്കി കാര്യങ്ങൾ ചെയ്യുകയാണ് ചെയ്യുന്നത്. അതിന് കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സ്ഥാപനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് സ്‌ട്രെസ്സ് ഇല്ല. 
തന്നെപ്പോലെ തന്നെ വ്യത്യസ്തമായ ചിന്താഗതിയുള്ള സുഹൃത്ത് കൂടിയായ ശിഹാബുദ്ദീൻ എറണാകുളത്ത് നടത്തുന്ന ഹാഷ് ഫ്യൂച്ചർ സ്‌കൂൾ എന്ന ഓൺലൈൻ സ്ഥാപനത്തിൽ ചേർക്കുമ്പോൾ, തന്നെ എതിർത്തവരും കുറ്റപ്പെടുത്തിയവരുമൊക്കെ നാളെ അത് മാറ്റിപ്പറയുമെന്ന് ഷംറീസ് അന്നേ മനസ്സിൽ കുറിച്ചിട്ടിരുന്നു. പിന്നീട് സംഭവിച്ചതും അത് തന്നെയായിരുന്നു. അഞ്ഞൂറ് പേർക്ക് വരെ ചാറ്റ് ജി.പി.ടിയിൽ യെസ്‌ലിൻ ക്ലാസെടുത്തു.
അതാണ് ഒടുവിൽ യെസ്‌ലിനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലെത്തിച്ചതും. വിവിധ ഓൺലൈൻ ചാനലുകളിലൂടെയും ബഹ്‌റൈൻ റേഡിയോ എന്നിവയടക്കം നിരവധി മാധ്യമങ്ങൾ യെസ്‍ലിനെ ഇന്റർവ്യൂ ചെയ്തു. നേരിൽ കണ്ട് ബോധ്യപ്പെട്ടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പ്രതിനിധികൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എ.ഐ ട്രെയിനറായി  യെസ്‌ലിനെ തെരഞ്ഞെടുത്തത്. പഠനം ഓൺലൈനിലൂടെയാണെങ്കിലും തൊട്ടടുത്ത സ്‌കൂളിൽ ഇടയ്‌ക്കൊക്കെ സന്ദർശനം നടത്താറുള്ള യെസ്‌ലിൻ നാട്ടിൽ തന്നെയുള്ള മദ്രസയിൽ സാധാരണ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
യെസ്‌ലിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങളിലൊന്ന് താൻ മുമ്പ് പഠിച്ച, മൂന്ന് വർഷത്തെ കോഴ്സ് രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കിയിറങ്ങിയ അതെ ഹെവൻ പ്രീ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ട്രെയിനിംഗ് നൽകാൻ പിൽക്കാലത്ത് അതേ സ്‌കൂൾ വാർഷികത്തിന് ക്ഷണിക്കപ്പെട്ടതാണ്.
ഇന്ത്യ ബുക്ക് റെക്കോർഡ് ലഭിച്ചതു മുതൽ യെസ്‌ലിന്  ഒരു സിനിമ സെലിബ്രിറ്റിയേക്കാളേറെ തിരക്കാണ്. ഉദ്ഘാടനങ്ങളും ട്രെയിനിംഗ് ക്ലാസുകളും  ആദരവുകളുമായി തിരക്കോട് തിരക്ക്..
യെസ്‍ലിൻ ഇനി ലക്ഷ്യമിടുന്നത് ആയിരം പേർക്ക് രണ്ട് ഭാഷകളിലായി ഓൺലൈനിൽ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ട്രെയിനിംഗ് ക്ലാസെടുത്തുകൊണ്ട് ഗിന്നസ് ബുക്ക് റെക്കോർഡാണെന്ന്  സോഫ്റ്റ്‌വെയർ എൻജിനീയറും യുവ ബിസിനസ് സംരംഭകനുമായ  പിതാവ് ഷംറീസ് ഉസ്മാൻ പറഞ്ഞു. യാത്രകൾ ഇഷ്ടപ്പെടുന്ന ഷംറീസ് ഇതേവരെയായി 38 ലധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ് മുഴുവനായും ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂർ, തായ്‌ലാന്റ് കൂടാതെ അഞ്ചോളം ആഫ്രിക്കൻ രാജ്യങ്ങളും എട്ടോളം യൂറോപ്യൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. 

Latest News