ന്യൂദല്‍ഹി - വിദ്വേഷ പ്രചാരണം നടത്തുന്നത് ഏതു വിഭാഗക്കാരായാലും നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ നൂഹ് അക്രമങ്ങളെ തുടര്‍ന്ന് മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം മുഴക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
നൂഹ് സംഭവത്തിനുശേഷം വിവിധ സംസ്ഥാനങ്ങളിലായി 27 റാലികള്‍ മുസ്‌ലിംകള്‍ക്കെതിരെ സംഘടിപ്പിച്ചെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. സ്ഥാപനങ്ങളില്‍ ജോലിക്ക് മുസ്‌ലിംകളെ നിയമിച്ചവര്‍ക്ക് പോലും ഭീഷണി നേരിടേണ്ടി വന്നു. റാലികള്‍ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ ഐക്യം തകര്‍ക്കുകയും ജനങ്ങളെ തമ്മിലടിപ്പിച്ച് കൊല്ലുകയുമാണ് ഒരു കൂട്ടര്‍ ലക്ഷ്യം വെക്കുന്നതെന്നും കോടതിയെ അറിയിച്ചു.
കേരളത്തില്‍ മുസ്‌ലിം ലീഗ് ഹിന്ദുക്കള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതും കോടതിയില്‍ ഉന്നയിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഏതുവിഭാഗക്കാരായാലും നടപടി എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭട്ടി എന്നിവരാണ് വാദം കേട്ടത്. കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25ലേക്ക് മാറ്റി.